ശമ്പളം കൊടുക്കാൻ ഗതിയില്ലാതെ വലയുമ്പോഴും കെഎസ്ആർടിസി ജീവനക്കാർക്ക് മൂത്രമൊഴിക്കാൻ മൂന്ന് മന്ത്രിമാർ ചേർന്ന് ഉദ്ഘാടനം ചെയ്യുന്ന മൂത്രപ്പുര

0

തിരുവനന്തപുരം: ശമ്പളം കൊടുക്കാൻ ഗതിയില്ലാതെ വലയുമ്പോഴും കെഎസ്ആർടിസി ജീവനക്കാർക്ക് മൂത്രമൊഴിക്കാൻ മൂന്ന് മന്ത്രിമാർ ചേർന്ന് ഉദ്ഘാടനം ചെയ്യുന്ന മൂത്രപ്പുര. നെടുമങ്ങാട് കെഎസ്ആർടിസി ബസ്റ്റാൻഡിൽ നിർമ്മിച്ച ടോയ്ലെറ്റ് സമുച്ചയത്തിന്റെ ഉദ്ഘാടനത്തിനാണ് മൂന്ന് മന്ത്രിമാർ എത്തുന്നത്. നാളെയാണ് ടോയ്ലെറ്റ് സമുച്ചയത്തിന്റെ ഉദ്ഘാടനം. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിലാണ് അധ്യക്ഷൻ. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവാണ് ചടങ്ങിലെ മുഖ്യാതിഥി. അടൂർ പ്രകാശ് എംപിയും നെടുമങ്ങാട് നഗരസഭ ചെയർപെഴ്സൺ സി എസ് ശ്രീജയും ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്.

കെഎസ്ആർടിസിയിലെ ശമ്പള പ്രതിസന്ധിക്ക് പരിഹാരം കാണാൻ ഒരു യോ​ഗത്തിന് ​ഗതാ​ഗതമന്ത്രിക്ക് പോലും സമയമില്ലാത്ത സാഹചര്യത്തിലാണ് മൂത്രപ്പുരയുടെ ഉദ്ഘാടനത്തിന് മൂന്ന് മന്ത്രിമാർ എത്തുന്നത് എന്നത് ശ്രദ്ധേയമാണ്. കെഎസ്ആർടിസിയിലെ തൊഴിലാളി സംഘടനകൾ പണിമുടക്കിന് നോട്ടീസ് നൽകിയതിനെ തുടർന്ന് മന്ത്രി വിളിച്ച യോ​ഗം സമയക്കുറവിന്റെ പേരിൽ പലതവണയാണ് മാറ്റിവെച്ചത്. ഇതിനിടയിലാണ് മൂത്രപ്പുരയുടെ ഉദ്ഘാടനത്തിന് മൂന്ന് മന്ത്രിമാരെത്തുന്നത്. കെഎസ്ആർടിസിയുടെ സ്ഥലത്ത് നെടുമങ്ങാട് ന​ഗരസഭയാണ് മൂത്രപ്പുര പണിഞ്ഞിരിക്കുന്നത്.

അതിനിടെ, കെഎസ്ആർടിസിയിൽ ശമ്പള പ്രതിസന്ധി നിലനിൽക്കെ ഇന്ന് ​ഗതാ​ഗതമന്ത്രി യൂണിയൻ നേതാക്കളുമായി ചർച്ച നടത്തും. തൊഴിലാളി യൂണിയനുകളുടെ ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കാത്ത പക്ഷം സമരവുമായി മുന്നോട്ട് പോകുമെന്നാണ് ജീവനക്കാർ പറയുന്നത്. അങ്ങനെയെങ്കിൽ പണിമുടക്ക് ജനങ്ങളെ പ്രതികൂലമായി ബാധിക്കും. കെഎസ്ആർടിസിയിൽ ഇന്നു ശമ്പളം നൽകിയില്ലെങ്കിൽ നാളെ മുതൽ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കെ സമരം ഒഴിവാക്കാൻ മന്ത്രി ആന്റണി രാജു ഇന്ന് അംഗീകൃത യൂണിയനുകളുമായി ചർച്ച നടത്തും. ഉച്ചകഴിഞ്ഞ് 3 ന് സെക്രട്ടേറിയറ്റിലെ ചേംബറിലാണ് ചർച്ച . ഇന്നു ശമ്പളം കൊടുക്കാൻ കഴിയുമോയെന്ന് മാനേജ്മെന്റിന് ഉറപ്പു നൽകാനും സാധിച്ചിട്ടില്ല.

കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് എംപ്ലോയീസ് അസോസിയേഷൻ, ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ, കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയീസ് സംഘ് എന്നിവയുടെ പ്രതിനിധികളാണ് ചർച്ചയിൽ പങ്കെടുക്കുന്നത്. സിഐടിയു ഒഴിച്ച് ബാക്കി 2 സംഘടനകളും 24 മണിക്കൂർ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്. കെഎസ്ആർടിസി 65 കോടി ആവശ്യപ്പെട്ടെങ്കിലും ഇപ്രാവശ്യവും 30 കോടി അനുവദിച്ച ധനവകുപ്പ് എല്ലാമാസവും ഇൗ തുക മാത്രമേ നൽകാനാകൂവെന്ന് അറിയിച്ചിരുന്നു. സർക്കാരിൽ നിന്ന് സഹായമില്ലാതെ ഇന്നു ശമ്പളം കൊടുക്കാൻ കഴിയില്ലെന്ന നിലപാടിലാണ് മാനേജ്മെന്റ്.

ചർച്ചയിൽ പങ്കെടുക്കുമെങ്കിലും എല്ലാ മാസവും അഞ്ചാം തീയതിക്കകം ശമ്പള വിതരണം പൂർത്തിയാക്കണം എന്നതടക്കമുള്ള ആവശ്യങ്ങളിൽ വിട്ടുവീഴ്ചയ്ക്കില്ലെന്നാണ് യൂണിയനുകളുടെ നിലപാട്. ഏപ്രിൽ മാസത്തെ ശമ്പളം നൽകാനായി സർക്കാരിൽ നിന്ന് 65 കോടി രൂപ മാനേജ്മെന്റ് ആവശ്യപ്പെട്ടെങ്കിലും ധന വകുപ്പ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
ടിഡിഎഫും ബിഎംഎസും വെള്ളിയാഴ്ച സൂചനാ പണിമുടക്കിന് നോട്ടീസ് നൽകിയിട്ടുണ്ട്. ഇന്ന് രാത്രിക്കുള്ളിൽ ശമ്പളം ലഭിച്ചില്ലെങ്കിൽ പണിമുടക്കാനാണ് തീരുമാനം. കഴിഞ്ഞ മാസം സർക്കാർ അനുവദിച്ച 30 കോടി രൂപയും 45 കോടിയുടെ ഓവർഡാഫ്റ്റും ഉപയോ​ഗിച്ചാണ് 19ാം തീയതി ശമ്പളം നൽകാനായത്.

Leave a Reply