സംസ്ഥാനത്ത് 75 പുതിയ സ്‌കൂൾ കെട്ടിടങ്ങൾ കൂടി നാടിന് സമർപ്പിക്കുന്നു

0

തിരുവനന്തപുരം: സംസ്ഥാനത്ത് 75 പുതിയ സ്‌കൂൾ കെട്ടിടങ്ങൾ കൂടി നാടിന് സമർപ്പിക്കുന്നു. രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് സ്കൂൾ കെട്ടിടങ്ങൾ സമർപ്പിക്കുന്നത്. നാളെ വൈകുന്നേരം മൂന്നരയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയനാണ് പുതിയ സ്‌കൂൾ കെട്ടിടങ്ങൾ നാടിന് സമർപ്പിക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്യുക.

സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തോട് അനുബന്ധിച്ചു നടക്കുന്ന നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി നിർമ്മാണം പൂർത്തിയാക്കിയ 75 സ്‌കൂൾ കെട്ടിടങ്ങളാണ് നാടിനു സമർപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

കിഫ്ബിയിൽ നിന്നും 5 കോടി രൂപ ചെലവഴിച്ചു നിർമ്മിച്ച 9 സ്‌കൂൾ കെട്ടിടങ്ങളും 3 കോടി ചെലവഴിച്ചു നിർമ്മിച്ച 16 സ്‌കൂൾ കെട്ടിടങ്ങളും ഒരു കോടി ചെലവഴിച്ച 15 സ്‌കൂൾ കെട്ടിടങ്ങളും ഇതിൽ ഉൾപ്പെടുന്നു. ബാക്കി 35 സ്‌കൂൾ കെട്ടിടങ്ങൾ പ്ലാൻ ഫണ്ടും എംഎൽഎ ഫണ്ടും എസ്എസ്‌കെ ഫണ്ടും ഉപയോഗിച്ചാണ് നിർമ്മിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ കുറിപ്പിന്റെ പൂർണരൂപം
കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖല അഭൂതപൂർവമായ നേട്ടങ്ങൾ കൈവരിച്ച ഒരു ഘട്ടത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്. നിലവാരക്കുറവും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും കാരണം കുട്ടികളെ ചേർക്കാൻ മടിച്ചിരുന്ന ഒരു കാലത്തു നിന്നും പൊതുവിദ്യാലയങ്ങൾ നാടിന്റെ അഭിമാനമായി മാറിക്കൊണ്ടിരിക്കുന്ന ഒരു കാലം യാഥാർത്ഥ്യമായിരിക്കുന്നു.
പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാൻ കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ആരംഭിച്ച പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജസ്വലതയോടെ മുന്നേറുകയാണ്. ഈ സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തോട് അനുബന്ധിച്ചു നടക്കുന്ന നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി നിർമ്മാണം പൂർത്തിയാക്കിയ 75 സ്‌കൂൾ കെട്ടിടങ്ങൾ കൂടി നാളെ നാടിനു സമർപ്പിക്കുകയാണ്.

കിഫ്ബിയിൽ നിന്നും 5 കോടി രൂപ ചെലവഴിച്ചു നിർമ്മിച്ച 9 സ്‌കൂൾ കെട്ടിടങ്ങളും 3 കോടി ചെലവഴിച്ചു നിർമ്മിച്ച 16 സ്‌കൂൾ കെട്ടിടങ്ങളും ഒരു കോടി ചെലവഴിച്ച 15 സ്‌കൂൾ കെട്ടിടങ്ങളും ഇതിൽ ഉൾപ്പെടുന്നു. ബാക്കി 35 സ്‌കൂൾ കെട്ടിടങ്ങൾ പ്ലാൻ ഫണ്ടും എംഎൽഎ ഫണ്ടും എസ്എസ്‌കെ ഫണ്ടും ഉപയോഗിച്ചാണ് നിർമ്മിച്ചിട്ടുള്ളത്.
പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾ മികവിലേയ്ക്കുയരുന്നതോടെ എല്ലാ വിഭാഗം ജനങ്ങൾക്കും ഒരുപോലെ മികച്ച വിദ്യാഭ്യാസ സൗകര്യങ്ങൾ ലഭ്യമാക്കാൻ നമുക്ക് സാധിക്കും. ജനങ്ങൾക്ക് സർക്കാർ നൽകിയ ആ ഉറപ്പ് വിട്ടുവീഴ്ച കൂടാതെ പാലിക്കാൻ സാധിക്കുന്നു എന്നത് ഒരു വർഷം പൂർത്തിയാക്കുന്ന ഈ സന്ദർഭത്തിൽ അഭിമാനം പകരുന്ന നേട്ടമാണ്

LEAVE A REPLY

Please enter your comment!
Please enter your name here