കഴുത്തിനും കൈയ്ക്കും വേദനയുമായെത്തിയ വിദ്യാർത്ഥിനി ചികിത്സയിലിരിക്കെ മരിച്ചു; ആശുപത്രി അധികൃതരുടെ അനാസ്ഥയെന്ന് കുടുംബം; പരാതി

0

പത്തനംതിട്ട: കഴുത്തിനും കൈയ്ക്കും വേദനയുമായെത്തിയ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. സംഭവത്തെ തുടർന്ന് ആശുപത്രി അധികൃതർക്കെതിരെ പരാതിയുമായി യുവതിയുടെ കുടുംബം. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് മരണത്തിലേക്ക് നയിച്ചതെന്ന് കാട്ടി മാതാപിതാക്കൾ പെരുമ്പെട്ടി പൊലീസിൽ പരാതി നൽകി.

റാന്നി സെന്റ് തോമസ് കോളജിലെ ബിരുദ വിദ്യാർത്ഥിനി കരിയംപ്ലാവ് അഴകാത്തനിൽ ശശിയുടേയും ലീലാമ്മയുടെയും മകൾ വി എസ് സാനിമോളാണ് മരിച്ചത്. കഴിഞ്ഞ 26 ന് രാത്രി 10 ന് കഴുത്തിനും കൈക്കും വേദന അനുഭവപ്പെട്ട സാനിമോളെ റാന്നി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

പിറ്റേന്ന് പുലർച്ചെ രണ്ട് മണിയോടെ ഡ്യൂട്ടി ഡോക്ടർ പരിശോധനക്കെത്തിയപ്പോൾ വേദന കുറഞ്ഞതായി അറിയിച്ചെങ്കിലും മൂന്നു മണിയോടെ ശ്വാസംമുട്ടൽ അനുഭവപ്പെടുകയും മരിക്കുകയുമായിരുന്നു. പെൺകുട്ടിയുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളജിലെത്തിച്ച് പോസ്റ്റ്‌മോർട്ടം നടത്തി. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് സാനിമോളുടെ മരണത്തിന് കാരണമെന്നാരോപിച്ച് മാതാവ് ലീലാമ്മ ദാനിയേൽ പെരുമ്പെട്ടി പൊലീസിൽ പരാതി നൽകി.

അതേസമയം, സാനിമോൾക്ക് കൃത്യമായ ചികിൽസയാണ് നൽകിയതെന്ന് റാന്നി താലൂക്ക് ആശുപത്രി ആർ.എം.ഓ ഡോ. വൈശാഖ് പറഞ്ഞു. ഫിസിഷ്യനാണ് അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്നത്. യുവതിക്ക് അസ്വാഭാവികമായി ഒന്നുമുണ്ടായിരുന്നില്ല. രോഗലക്ഷണത്തിന് അനുസരിച്ച് പാരാസെറ്റാമോൾ ഐവി ഇൻജക്ഷനാണ് നൽകിയത്. മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യണമെന്ന് ആവശ്യപ്പെട്ടതും പൊലീസിൽ അറിയിച്ചതും ഡോക്ടർ തന്നെയാണ്. മരണ കാരണം പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ അറിയാൻ സാധിക്കുമെന്നും ഡോ. വൈശാഖ് പറഞ്ഞു.

കിണറ്റിൽ വീണ മകളെ രക്ഷിക്കാൻ ഓടിയ അമ്മ മറ്റൊരു കിണറ്റിൽ വീണു; ഒടുവിൽ രക്ഷിക്കാൻ പറ്റാതായത് അമ്മയെ

തിരുവനന്തപുരം: കിണറ്റിൽ വീണ മകളെ രക്ഷിക്കാൻ ഓടിയ അമ്മ മറ്റൊരു കിണറ്റിൽ വീണു. തിരുവനന്തപുരം നെടുമങ്ങാട് ആണ് സംഭവം. കൊല്ലംകാവ് തത്തൻകോട് നസീറിന്റെ ഉടമസ്ഥതയിലുള്ള പൈനാപ്പിൾ എസ്റ്റേറ്റിൽ താമസിക്കുന്ന സബീനയും മകളുമാണ് അടുത്തടുത്തുള്ള കിണറുകളിൽ വീണത്.

ഇന്ന് രാവിലെ 11.30 നോടെയാണ് സംഭവം. ആദ്യം മകളായ ഫൗസിയ ആണ് കിണറ്റിൽ വീണത്. മകൾ വീടിന് സമീപത്തുള്ള കിണറ്റിൽ വീണ ശബ്ദം കേട്ട് ഓടിയ സബീന കാൽവഴുതി ഉരുണ്ട് താഴെതട്ടിലുള്ള മറ്റൊരു കിണറ്റിൽ വീഴുകയായിരുന്നു. ബഹളം കേട്ട് എത്തിയ തോട്ടം തൊഴിലാളികൾ ഫൗസിയയെ രക്ഷിച്ചെങ്കിലും എട്ടടി വ്യാസവും പത്തടിയോളം വെള്ളവുമുള്ള ചവിട്ട് തൊടിയില്ലാത്തതുമായ കിണറ്റിൽ അകപ്പെട്ട സബീനയെ രക്ഷിക്കാനിറങ്ങാൻ കഴിഞ്ഞില്ല.

നെടുമങ്ങാട് നിന്നും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ശിവരാജന്റെ നേതൃത്വത്തിൽ അഗ്‌നിശമന സേന എത്തുകയും ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ പ്രദീഷ് കിണറ്റിൽ ഇറങ്ങുകയും റോപ്പിൽ തൂങ്ങി നിന്നുകൊണ്ട് സബീനയെ നെറ്റ് റിങ്ങിനുള്ളിൽ കയറ്റിയിരുത്തുകയും നാട്ടുകാരും സേനാംഗങ്ങളും ചേർന്ന് വലിച്ചു കരയ്ക്ക് കയറ്റുകയും അമ്മയെയും മകളെയും നെടുമങ്ങാട് ജില്ലാ ഹോസ്പിറ്റലിൽ എത്തിക്കുകയും ചെയ്തു.

ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അനിൽകുമാർ, ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ മാരായ വിപിൻ, നിസ്സാം, മനോജ്, അരുൺ ഹോം ഗാർഡ് അജി, സതീഷ് എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.

LEAVE A REPLY

Please enter your comment!
Please enter your name here