പ്രമുഖ ഘടനാ ജീവശാസ്‌ത്രകാരനും പത്മശ്രീജേതാവുമായ ഡോ. എം. വിജയന്‍ അന്തരിച്ചു

0

തൃശൂര്‍: പ്രമുഖ ഘടനാ ജീവശാസ്‌ത്രകാരനും പത്മശ്രീജേതാവുമായ ഡോ. എം. വിജയന്‍ (മാമണ്ണമന വിജയന്‍, 81) അന്തരിച്ചു. ഇന്ത്യയില്‍ ബയോളജിക്കല്‍ മാക്രോമോളിക്കുലാര്‍ ക്രിസ്‌റ്റലോഗ്രഫിയെന്ന മേഖലയ്‌ക്കു നേതൃത്വം നല്‍കിയ ശാസ്‌ത്രജ്‌ഞന്മാരില്‍ ഒരാളാണ്‌. പ്രോട്ടീന്‍ ഘടനകളെക്കുറിച്ചായിരുന്നു പ്രധാന ഗവേഷണം. ബംഗളുരു ഇന്ത്യന്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ സയന്‍സില്‍ മാക്രോ മോളിക്കുലാര്‍ ബയോഫിസിക്‌സ്‌ പ്രഫസറായിരുന്നു. ബംഗളുരുവിലെ മല്ലേശ്വരത്താണു താമസം.
ചേര്‍പ്പ്‌ സി.എന്‍.എന്‍. സ്‌കൂളില്‍ പ്രധാനാധ്യാപകനായിരുന്ന എം.എസ്‌. നമ്പൂതിരി (എം.എസ്‌. മാസ്‌റ്റര്‍)യുടെയും ഉമാദേവിയുടെയും മകനായി 1941ല്‍ ജനനം. ചേര്‍പ്പ്‌ സി.എന്‍.എന്‍. ഹൈസ്‌കൂള്‍, ശ്രീ കേരളവര്‍മ കോളജ്‌ എന്നിവിടങ്ങളിലെ പഠനത്തിനുശേഷം അലഹബദ്‌ സര്‍വകലാശാലയില്‍നിന്നു സയന്‍സില്‍ മാസ്‌റ്റര്‍ ബിരുദം നേടി. 1967ല്‍ ഇന്ത്യന്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ സയന്‍സില്‍നിന്നും എക്‌സ്‌-റേ ക്രിസ്‌റ്റലോഗ്രഫിയില്‍ ഡോക്‌ടറേറ്റ്‌ നേടി. പിന്നീട്‌ ഓക്‌സ്‌ഫഡ്‌ യൂണിവേഴ്‌സിറ്റിയില്‍ ഇന്‍സുലിന്‍ പരലുകളുടെ എക്‌സ്‌റേ ഡിഫ്രാക്ഷനുകളെക്കുറിച്ചും പഠിച്ചു. 2004ല്‍ പത്‌മശ്രീ നല്‍കി ആദരിച്ചു.
1971ല്‍ ഇന്ത്യയിലേക്കു മടങ്ങിയ ഡോ. വിജയന്‍, ഇന്ത്യന്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ സയന്‍സിന്റെ (ഐ.ഐ.എസ്‌.സി.) മോളിക്കുലാര്‍ ബയോഫിസിക്‌സില്‍ ചേര്‍ന്നു. മോളിക്കുലാര്‍ ബയോഫിസിക്‌സ്‌ യൂണിറ്റ്‌ ചെയര്‍മാന്‍, ബയോളജിക്കല്‍ ഫിസിക്‌സ്‌ ഡിവിഷന്‍ ചെയര്‍മാന്‍ തുടങ്ങി വിവിധ തലങ്ങളില്‍ സേവനം അനുഷ്‌ഠിച്ചു.
260 ഗവേഷണ പ്രബന്ധങ്ങള്‍ രചിച്ചു. 2000 മുതല്‍ 2004 വരെ ഐ.ഐ.എസ്‌സിയുടെ അസോസിയേറ്റ്‌ ഡയറക്‌ടറായി. ഇന്ത്യന്‍ നാഷണല്‍ സയന്‍സ്‌ അക്കാദമിയുടെ പ്രസിഡന്റായും ഇന്ത്യയിലെ മൂന്നു സയന്‍സ്‌ അക്കാദമികളുടെയും അക്കാദമി ഓഫ്‌ സയന്‍സ്‌ ഫോര്‍ ഡവലപ്പിങ്‌ വേള്‍ഡിന്റെയും ഫെലോ ആയും പ്രവര്‍ത്തിച്ചു. സി.ബി.സി.എസ്‌. സംവിധാനത്തിനു രൂപം നല്‍കിയ ഉന്നതവിദ്യാഭ്യാസ കമ്മിഷന്റെ അധ്യക്ഷനായിരുന്നു.
ശാന്തിസ്വരൂപ്‌ ഭട്‌നഗര്‍ പുരസ്‌കാരം, ഐ.എന്‍.എസ്‌.എയുടെ ജി.എന്‍. രാമചന്ദ്രന്‍ പുരസ്‌കാരം, പത്‌മശ്രീ, കേരള സയന്‍സ്‌ അവാര്‍ഡ്‌, എന്നിവയടക്കം നിരവധി പുരസ്‌കാരങ്ങള്‍ നേടി. ഭാര്യ: ഡോ. കല്യാണി. മകള്‍: ദേവയാനി. റിട്ട. പ്രഫസര്‍ രവീന്ദ്രന്‍, ഡോ. സുരേന്ദന്‍, ഇന്ദിര എന്നിവര്‍ സഹോദരങ്ങളാണ്‌

LEAVE A REPLY

Please enter your comment!
Please enter your name here