രാഷ്ട്രപതിയായി എത്തുക അനസൂയിയ യൂകിയോ അതോ ദ്രൗപദി മുർമുവോ? രാഷ്ട്രീയത്തിനപ്പുറം സാമൂഹിക നീതിയിൽ ശ്രദ്ധയൂന്നി ബിജെപി; പ്രതിപക്ഷവും പ്രതിസന്ധിയിലാകും

0

ന്യൂഡൽഹി: രാഷ്ട്രപതി, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് സംബന്ധിച്ച ചർച്ചകൾ സജീവമാക്കി ബിജെപി. പ്രതിപക്ഷത്തിന് പോലും എതിർക്കാൻ പറ്റാത്ത സ്ഥാനാർത്ഥികൾ എന്ന ആശയമാണ് ബിജെപി നേതൃത്വം മുന്നോട്ട് വെക്കുന്നത്. രാഷ്ട്രീയത്തിനപ്പുറം സാമൂഹിക നീതിയിലൂന്നിയാകും ബിജെപി രാഷ്ട്രപതി സ്ഥാനാർത്ഥിയെ തീരുമാനിക്കുക എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ജൂലായ് ആദ്യവാരത്തിലാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പ്. ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് ഓഗസ്റ്റിലും. ജൂൺ മധ്യത്തോടെ തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിക്കും.

പാർശ്വവത്‌കരിക്കപ്പെട്ട വിഭാഗം, ഇതുവരെ പ്രാതിനിധ്യമില്ലാത്ത പ്രദേശം എന്നിവ രാഷ്ട്രപതി സ്ഥാനാർത്ഥിയെ നിശ്ചയിക്കാനുള്ള മാനദണ്ഡമാക്കണമെന്നാണ് ആർ എസ് എസ് നിർദ്ദേശം എന്നാണ് നേതാക്കൾ നൽകുന്ന സൂചന. പട്ടികവർഗവിഭാഗം, ന്യൂനപക്ഷം, വനിതകൾ എന്നിവർക്ക് മുൻഗണന നൽകിയേക്കും. 2017-ൽ ദളിത് വിഭാഗത്തിൽനിന്ന് രാഷ്ട്രപതി സ്ഥാനാർഥിയെ കണ്ടെത്തിയ ബി.ജെ.പി. ഇക്കുറി പട്ടികവർഗ വിഭാഗത്തിൽനിന്നുള്ള വനിതയ്ക്കാണ് പ്രഥമപരിഗണ നൽകുന്നതെന്നാണ് സൂചന. ജനസംഖ്യയിൽ ഒമ്പതുശതമാനം വരുന്ന ആദിവാസി വിഭാഗത്തെ പരിഗണിക്കണമെന്ന നിലപാട് ആർ.എസ്.എസിനുണ്ട്. മധ്യപ്രദേശിൽനിന്നുള്ള ആദിവാസിനേതാവും ഛത്തീസ്ഗഢ്‌ ഗവർണറുമായ അനസൂയിയ യൂകി, ഒഡിഷയിൽനിന്നുള്ള ആദിവാസിനേതാവും ഝാർഖണ്ഡ് മുൻ ഗവർണറുമായ ദ്രൗപദി മുർമു എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. മധ്യപ്രദേശിലെ ഛിന്ത്വാഡ സ്വദേശിനിയായ യൂകി കേന്ദ്ര-സംസ്ഥാന തലങ്ങളിൽ പട്ടികവർഗ കമ്മിഷനുകളിൽ അംഗമായിരുന്നു. ഒഡിഷയിലെ ആദിവാസി മേഖലയായ മയൂർഭൻജ് സ്വദേശിനിയായ മുർമു നേരത്തേ മന്ത്രിയായിട്ടുണ്ട്.

പട്ടിക വർ​ഗ വനിതയെ ബിജെപി രാഷ്ട്രപതി സ്ഥാനാർത്ഥിയായി ഉയർത്തിക്കൊണ്ടു വന്നാൽ പ്രതിസന്ധിയിലാകുക പ്രതിപക്ഷമാണ്. പ്രതിപക്ഷത്തെ പല പാർട്ടികൾക്കും പാർശ്വവത്ക്കരിക്കപ്പെട്ട ജനവിഭാ​ഗത്തിന്റെ പ്രതിനിധിക്കെതിരെ സ്ഥാനാർത്ഥിയെ നിർത്താൻ ബുദ്ധിമുട്ടാകും. വനിതാ- പട്ടിക വർ​ഗ ക്ഷേമം പറയുന്ന പ്രതിപക്ഷ പാർട്ടികളിൽ പലർക്കും ബിജെപി സ്ഥാനാർത്ഥിയെ പിന്തുണയ്ക്കേണ്ടി വരും.

ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കുന്നവരിൽ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, കർണാടക ഗവർണർ തവർചന്ദ് ഗെലോട്ട്, കേന്ദ്രമന്ത്രി അർജുൻ മുണ്ട തുടങ്ങിയവരുമുണ്ട്. സാമുദായിക പ്രാതിനിധ്യത്തിനൊപ്പം ഭരണപരിചയവും നേതൃശേഷിയും പരിഗണിക്കുന്നുണ്ട്. രാജ്യസഭാ അധ്യക്ഷന്റെ ചുമതല വഹിക്കുന്നത് ഉപരാഷ്ട്രപതിയായതിനാൽ സഭ നിയന്ത്രിക്കാനുള്ള നേതൃപാടവവും പരിഗണിക്കും. ഉയർന്ന സമുദായമായ ഠാക്കൂർ വിഭാഗത്തിലെ നേതാവായ രാജ്‌നാഥ് സിങ്ങിന്റെ പേര് പരിഗണിക്കുന്നത് ഈ ഘടകങ്ങൾ മുൻനിർത്തിയാണ്.

വോട്ടുനിലയും സാധ്യതകളും

രാഷ്ട്രപതി തിരഞ്ഞെടുപ്പിനായുള്ള ഇലക്ടറൽ കോളേജിൽ ആകെ 10,98,903 വോട്ടുകളാണ് ഉണ്ടായിരുന്നത്. ജമ്മുകശ്മീരിൽ നിയമസഭയില്ലാത്തതിനാൽ വോട്ടുകൾ കുറഞ്ഞു. ജമ്മുകശ്മീരിലെ വോട്ടുമൂല്യം 6234 ആണ്. ജമ്മുകശ്മീരിന്റെ വോട്ടുമൂല്യം ഒഴിവാക്കിയാൽ ഒരു സ്ഥാനാർഥിക്ക് ജയിക്കാൻവേണ്ട ഭൂരിപക്ഷം 5,46,320 വോട്ടാണ്.

ബി.ജെ.പി.ക്ക് സ്വന്തമായുള്ള 4,65,797 വോട്ടും ഘടകക്ഷികളുടെ 71,329 വോട്ടും ചേർന്ന് എൻ.ഡി.എ.യ്ക്ക് ആകെ 5,37,126 വോട്ടുകളാണുള്ളത്. ഭൂരിപക്ഷത്തിന് 9194 വോട്ടുകളുടെ കുറവ്. ഇത് പരിഹരിക്കാൻ ബി.എസ്.പി., ബി.ജെ.ഡി., വൈ.എസ്.ആർ. കോൺഗ്രസ് തുടങ്ങിയ പാർട്ടികളുമായി ബി.ജെ.പി. അണിയറ ചർച്ച തുടങ്ങിക്കഴിഞ്ഞു. അതേസമയം, പൊതുസ്ഥാനാർഥിയെ ഇറക്കാനാണ് പ്രതിപക്ഷ പാർട്ടികളുടെ ആലോചന

LEAVE A REPLY

Please enter your comment!
Please enter your name here