കാര്‍ഷിക മേഖലയില്‍ പുത്തന്‍ ഉണര്‍വിന്റെ കഥകള്‍ സര്‍ക്കാര്‍ വിളമ്പുമ്പോള്‍ കുട്ടനാടന്‍ പാടശേഖരങ്ങളില്‍ കൊയ്‌ത്ത്‌ നടക്കണമെങ്കില്‍ തമിഴകത്തുനിന്നും കൊയ്‌ത്തുമെതി യന്ത്രങ്ങള്‍ എത്തേണ്ട അവസ്‌ഥ

0

പത്തനംതിട്ട : കാര്‍ഷിക മേഖലയില്‍ പുത്തന്‍ ഉണര്‍വിന്റെ കഥകള്‍ സര്‍ക്കാര്‍ വിളമ്പുമ്പോള്‍ കുട്ടനാടന്‍ പാടശേഖരങ്ങളില്‍ കൊയ്‌ത്ത്‌ നടക്കണമെങ്കില്‍ തമിഴകത്തുനിന്നും കൊയ്‌ത്തുമെതി യന്ത്രങ്ങള്‍ എത്തേണ്ട അവസ്‌ഥ. സര്‍ക്കാര്‍ കോടികള്‍ ചെലവഴിച്ച്‌ വാങ്ങിയ കൊയ്‌ത്തുമെതി ഉപകരണങ്ങള്‍ കാലപ്പഴക്കംമൂലം തുരുമ്പെടുത്തു നശിച്ച സാഹചര്യത്തിലാണ്‌ ഇക്കുറി തമിഴ്‌നാട്‌, ആന്ധ്രാ സംസ്‌ഥാനങ്ങളില്‍നിന്നും നൂറുകണക്കിന്‌ കൊയ്‌ത്തുമെതി യന്ത്രങ്ങള്‍ ഇറക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരായത്‌. വേനല്‍ മഴ ശക്‌തമായ സാഹചര്യത്തില്‍ യന്ത്രങ്ങള്‍ പാടശേഖരത്തിലേക്ക്‌ ഇറക്കാന്‍ പറ്റാത്ത സ്‌ഥിതിയാണെന്നും കര്‍ഷകരുടെ പരാതി. കൊയ്‌തുകൂട്ടിയ നെല്ല്‌ മൊയ്‌സ്‌ച്ചര്‍ മീറ്റര്‍ ഉപയോഗിച്ച്‌ ഗുണനിലവാരം പരിശോധിച്ചാണ്‌ ഏറ്റെടുക്കുന്നത്‌. വിലകുറയ്‌ക്കാന്‍ മില്ലുടമകള്‍ നടത്തുന്ന തന്ത്രവും കര്‍ഷകരെ വലയ്‌ക്കുന്നുണ്ട്‌.
ആലപ്പുഴ ജില്ലയില്‍ 587 ഏക്കര്‍ പാടശേഖരങ്ങളിലായി ആകെ 26,626 ഹെക്‌ടറിലാണ്‌ നെല്‍കൃഷിയുള്ളത്‌. വിളഞ്ഞ നെല്ല്‌ കൊയ്‌തെടുക്കാന്‍ കുറഞ്ഞത്‌ 500 യന്ത്രങ്ങളെങ്കിലും വേണ്ടിവരും. ഇവ ഏജന്റുമാര്‍ മുഖേനയാണ്‌ എത്തിക്കുന്നത്‌. ഏജന്റുമാര്‍ സബ്‌ ഏജന്റുമാര്‍ക്ക്‌ യന്ത്രങ്ങള്‍ കൈമാറുന്നതോടെ വാടകയും വര്‍ധിക്കും. മണിക്കൂറിന്‌ ഇപ്പോള്‍ 1900-2000 രൂപയാണ്‌ വാടക നിശ്‌ചയിച്ചിരിക്കുന്നത്‌. കായല്‍ നിലമായാല്‍ വാടക വീണ്ടും ഉയരും. മഴ ശമിച്ചില്ലെങ്കില്‍ എങ്ങനെയെങ്കിലും കൊയ്‌ത്തു നടത്താന്‍ ഏജന്റ്‌ പറയുന്ന തുക യന്ത്രങ്ങള്‍ക്ക്‌ വാടകയായി നല്‍കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരാകുമെന്ന്‌ വീയപുരം ഇലവുംതാനം പള്ളിവാതുക്കല്‍ പാടശേഖരസമിതി പ്രസിഡന്റ്‌ വര്‍ഗീസ്‌ കുരുവിള പറഞ്ഞു.
കൊയ്‌ത്തുമെതി യന്ത്രം സ്വന്തമായി ആര്‍ക്കുമില്ല. 28 ലക്ഷത്തോളം രൂപ ഒരു യന്ത്രത്തിന്‌ ചെലവാകും. ഇത്രയും തുക ഒരു സാധാരണ കര്‍ഷകന്‌ കണ്ടെത്താന്‍ കഴിയില്ല. സര്‍ക്കാര്‍ സഹായത്തോടെ പാടശേഖര സമിതികള്‍ക്ക്‌ യന്ത്രം വാങ്ങാനുള്ള നപടിയുണ്ടാകണമെന്നാണ്‌ കര്‍ഷകരുടെ ആവശ്യം.
മില്ലുടമകള്‍ നെല്ലിന്‌ വിലതരാത്ത സാഹചര്യത്തില്‍ കൊയ്‌തെടുക്കുന്ന നെല്ല്‌ പാടശേഖരത്തില്‍ വച്ചുതന്നെ പുഴങ്ങി കുത്തി അരിയാക്കി അതത്‌ പാടശേഖര സമിതി തന്നെ പ്രാദേശീകമായി വിറ്റഴിക്കാനുള്ള നടപടി സ്വീകരിച്ചാല്‍ പ്രശ്‌നത്തിന്റെ രൂക്ഷത കുറയും. പക്ഷേ കാലവര്‍ഷം നേരത്തെ എത്തിയാല്‍ ഇതു നടക്കില്ല. കൊയ്‌തെടുത്ത നെല്ല്‌ പുഴുങ്ങാനായി വാഹനത്തില്‍ കയറ്റാന്‍ വന്‍ തുകയാണ്‌ ചുമട്ടുതൊഴിലാളികള്‍ ആവശ്യപ്പെടുന്നതെന്നും ഇതിനും പരിഹാരം കാണണമെന്നും കര്‍ഷകര്‍ പറയുന്നു.
കാലവര്‍ഷം നീണ്ടതിനാല്‍ ഇക്കുറി വിത്ത്‌ നടാന്‍ രണ്ടുമാസത്തോളം താമസം നേരിട്ടു. സാധാരണ നവംബര്‍ മാസത്തിലാണ്‌ വിത്തുവിതച്ചിരുന്നതെങ്കില്‍ ഇക്കുറി പല പാടശേഖരങ്ങളിലും ജനുവരിയിലാണ്‌ കൃഷിയിറക്കിയത്‌. അതിനാല്‍ കൊയ്യാനും താമസം നേരിട്ടു. അപ്പോഴേക്കും വേനല്‍മഴ കനക്കുകയും ചെയ്‌തു. ഇനിയുള്ള ദിവസങ്ങള്‍ നിര്‍ണായകമാണ്‌. പത്താമുദയം കഴിയുന്നതോടെ മഴ ശമിക്കുമെന്ന പ്രതീക്ഷയിലാണ്‌ കര്‍ഷകര്‍. അങ്ങനെ വന്നാല്‍ നഷ്‌ടം ഉണ്ടാകുമെങ്കിലും കൊയ്‌ത്തു നടത്താന്‍ കഴിയും. അതേ സമയം, കൊയ്‌ത്തുമെതി യന്ത്രം എത്തിക്കുന്ന ഏജന്റുമാരും സബ്‌ ഏജന്റുമാരും അമിതമായി തുക ഈടാക്കുന്നതു തടയണമെന്നു കര്‍ഷകര്‍ ആവശ്യപ്പെടുന്നു. വില നിര്‍ണയിക്കുന്നത്‌ മില്ലുടമകളായതിനാല്‍ അവരും കര്‍ഷകരെ ചൂഷണം ചെയ്യുന്നു. ഇതിന്‌ പിന്നില്‍ സപ്ലൈകോയിലെ ചില ഉന്നതര്‍ക്കും പങ്കുണ്ടെന്ന ആരോപണം ശക്‌തമാണ്‌.

LEAVE A REPLY

Please enter your comment!
Please enter your name here