ഇടത്‌ അനുകൂല സംഘടനയുടെ നേതൃത്വത്തില്‍ വൈദ്യുതി ഭവന്‍ വളഞ്ഞു നടത്തിയ പ്രതിഷേധ സമരം അവസാനിപ്പിച്ചു

0

തിരുവനന്തപുരം: ഇടത്‌ അനുകൂല സംഘടനയുടെ നേതൃത്വത്തില്‍ വൈദ്യുതി ഭവന്‍ വളഞ്ഞു നടത്തിയ പ്രതിഷേധ സമരം അവസാനിപ്പിച്ചു. ദിവസങ്ങളായി തുടരുന്ന മറ്റു പ്രതിഷേധങ്ങള്‍ തുടരും. സമരത്തിന്റെ മുന സര്‍ക്കാര്‍ തന്നെ ഒടിച്ചതോടെ മുഖംരക്ഷിക്കാനുള്ള ശ്രമത്തിലാണ്‌ കെ.എസ്‌.ഇ.ബി. ഓഫിസേഴ്‌സ്‌ അസോസിയേഷന്‍. അസോസിയേഷന്‍ നേതാക്കള്‍ ഇന്ന്‌ മന്ത്രിയുമായി ചര്‍ച്ച നടത്തും.
സര്‍ക്കാരും ബോര്‍ഡ്‌ ചെയര്‍മാനും നിലപാടില്‍ ഉറച്ചുനിന്നതോടെയാണു വൈദ്യുതിഭവന്‍ വളഞ്ഞുള്ള സമരത്തില്‍ നിന്നു തലയൂരാന്‍ അസോസിയേഷന്‍ നിര്‍ബന്ധിതമായത്‌. സമരത്തില്‍ തല്‍ക്കാലം ഇടപെടില്ലെന്ന്‌ ഹൈക്കോടതി നിലപാടെടുത്തതും അസോസിയേഷനു തിരിച്ചടിയായി.
പ്രതിഷേധത്തിന്റെ കാരണങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്താനായെന്നാണ്‌ പിന്നാക്കംപോകലിനുള്ള ന്യായീകരണം. അതിനിടെ, ഉദ്യോഗസ്‌ഥര്‍ക്കെതിരേ കൂടുതല്‍ നടപടിക്ക്‌ ഒരുങ്ങുകയാണ്‌ ബോര്‍ഡ്‌ ചെയര്‍മാന്‍ ബി. അശോക്‌.
സമരവുമായി ബന്ധപ്പെട്ട്‌ ബോര്‍ഡിന്‌ യുക്‌തമായ നടപടി സ്വീകരിക്കാന്‍ അധികാരമുണ്ടെന്നു കോടതി വ്യക്‌തമാക്കിയിട്ടുണ്ട്‌. കെ.എസ്‌.ഇ.ബി. ജീവനക്കാരുടെ സമരം തടയണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവേയാണ്‌ ഹൈക്കോടതിയുടെ നിരീക്ഷണം. വയനാട്‌ സ്വദേശിയായ അരുണ്‍ ആയിരുന്നു ഹര്‍ജി നല്‍കിയത്‌.
വൈദ്യുതി ഭവന്‍ വളയല്‍ ഉപരോധ സമരത്തിന്‌ അനുമതി നിഷേധിച്ച്‌ ചെയര്‍മാന്‍ ഉത്തരവ്‌ ഇറക്കിയിരുന്നു. എന്നാല്‍, വിലക്ക്‌ ലംഘിച്ച്‌ വൈദ്യുതി ഭവന്‍ വളഞ്ഞ്‌ പ്രതിഷേധക്കാര്‍ സമരം നടത്തി. ബോര്‍ഡ്‌ മേധാവി മാത്രം വിചാരിച്ചാല്‍ സ്‌ഥാപനം നന്നാകില്ലെന്നും ജീവനക്കാരെ ശത്രുവായിക്കണ്ട്‌ ഏതു തമ്പുരാന്‍ വിചാരിച്ചാലും സ്‌ഥാപനം മുന്നോട്ടുപോകില്ലെന്നും സമരം ഉദ്‌ഘാടനം ചെയ്‌ത ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു.
വിലക്ക്‌ ലംഘിച്ചവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നാണ്‌ സൂചന. സസ്‌പെന്‍ഡ്‌ ചെയ്‌ത ഉദ്യോഗസ്‌ഥരെ തിരിച്ചെടുത്തെങ്കിലും അവരുടെ സ്‌ഥലംമാറ്റത്തില്‍ വിട്ടുവീഴ്‌ചയില്ലെന്ന ഉറച്ച നിലപാടിലാണു ചെയര്‍മാന്‍. വൈദ്യുതി മന്ത്രി കെ. കൃഷ്‌ണന്‍കുട്ടിയും ഈ നിലപാടിലാണ്‌. ഇരുവര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയന്റെ പരോക്ഷ പിന്തുണയുണ്ടെന്നാണ്‌ സൂചന.
ജീവനക്കാര്‍ സമരം പിന്‍വലിക്കണമെന്നു മന്ത്രി ആവശ്യപ്പെട്ടിരുന്നു. ഉദ്യോഗസ്‌ഥരുടെ സ്‌ഥലംമാറ്റം ബോര്‍ഡിന്റെ നിയമപരമായ നടപടിക്രമമാണ്‌. അതില്‍ തീരുമാനമെടുക്കേണ്ടത്‌ ബോര്‍ഡ്‌ മാത്രമാണ്‌. ബോര്‍ഡും യൂണിയനും തമ്മില്‍ ചര്‍ച്ച ചെയ്‌ത്‌ ഇക്കാര്യം പരിഹരിക്കണമെന്നും മന്ത്രി പറഞ്ഞു.
വൈദ്യുതി ഭവന്‍ വളഞ്ഞുള്ള സമരം അവസാനിപ്പിച്ചുവെങ്കിലും ചെയര്‍മാന്‍ തെറ്റായ നയങ്ങള്‍ തിരുത്തുന്നത്‌ വരെ പ്രതിഷേധം തുടരുമെന്നാണ്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ എം.ജി. സുരേഷ്‌ കുമാര്‍ വ്യക്‌തമാക്കിയത്‌. പ്രതിഷേധം ഘടകകക്ഷിക്കോ വൈദ്യുതി മന്ത്രിക്കോ എതിരേയല്ലെന്ന്‌ ആനത്തലവട്ടം ആനന്ദന്‍ ആവര്‍ത്തിക്കുന്നുണ്ടെങ്കിലും പ്രത്യക്ഷത്തില്‍ ചെയര്‍മാനെ പിന്തുണയ്‌ക്കുന്ന നിലപാട്‌ സ്വീകരിക്കുന്ന മന്ത്രിയോട്‌ യുണിയന്‌ എതിര്‍പ്പുണ്ട്‌.
പ്രതിഷേധത്തിന്റെ കാരണങ്ങള്‍ ജനങ്ങളെയടക്കം കൂടുതല്‍ ബോധ്യപ്പെടുത്താന്‍ സംസ്‌ഥാനമൊട്ടാകെ പ്രചാരണ പരിപാടികള്‍ ആരംഭിക്കും. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ മേയ്‌ 16 മുതല്‍ ചട്ടപ്പടി സമരം നടത്താനാണു തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here