ദിലീപിന്റെ സഹോദരന്‍ അനൂപിനെ അഭിഭാഷകന്‍ പറഞ്ഞു പഠിപ്പിക്കുന്നതിന്റെ ശബ്‌ദരേഖ പ്രാസിക്യൂഷന്‍ ഹൈക്കോടതിയില്‍ ഹാജരാക്കി.

0

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ എങ്ങനെ മൊഴി നല്‍കണമെന്നു ദിലീപിന്റെ സഹോദരന്‍ അനൂപിനെ അഭിഭാഷകന്‍ പറഞ്ഞു പഠിപ്പിക്കുന്നതിന്റെ ശബ്‌ദരേഖ പ്രാസിക്യൂഷന്‍ ഹൈക്കോടതിയില്‍ ഹാജരാക്കി. നടിയെ ആക്രമിച്ച കേസില്‍ പ്രോസിക്യൂഷന്‍ സാക്ഷിയായിരുന്നു അനൂപ്‌.
കേസിന്റെ വിസ്‌താരത്തില്‍ എങ്ങനെ മൊഴി നല്‍കണമെന്നാണു പഠിപ്പിക്കുന്നത്‌. കേസില്‍ വിചാരണ അട്ടിമറിച്ചതിന്റെ സുപ്രധാന തെളിവാണു ശബ്‌ദരേഖയെന്നു പ്രോസിക്യൂഷന്‍ വ്യക്‌തമാക്കി.
പ്രോസിക്യൂഷന്‍ സാക്ഷിയായ ഒരാളെ എങ്ങനെ മൊഴി നല്‍കണമെന്നു ദിലീപിന്റെ അഭിഭാഷകര്‍ പറഞ്ഞു പഠിപ്പിക്കുന്നതാണു തെളിവായി ചൂണ്ടിക്കാട്ടിയിരിക്കുന്നത്‌.
“ദിലീപിനു ശത്രുക്കളുണ്ടെന്നു കോടതിയില്‍ പറയണം. ശ്രീകുമാര്‍ മേനോനും ലിബര്‍ട്ടി ബഷീറും ശത്രുവാണെന്നു പറയണം. ശ്രീകുമാര്‍ മേനോനും മഞ്‌ജു വാര്യരും തമ്മില്‍ അടുപ്പമുണ്ടെന്നു പറയണം. ഗുരുവായൂരിലെ ഡാന്‍സ്‌ പ്രോഗ്രാമിന്റെ പേരില്‍ വീട്ടില്‍ വഴക്കുണ്ടായെന്നു പറയണം”. – അഭിഭാഷകന്റെ നിര്‍ദേശങ്ങളിങ്ങനെ.
മഞ്‌ജുവും ദിലീപും തമ്മില്‍ നൃത്തപരിപാടികളുടെ പേരില്‍ വഴക്കു പതിവായിരുന്നു എന്നു പറയണം. മഞ്‌ജു മദ്യപിക്കുമെന്നു കോടതി പറയണമെന്നും അഭിഭാഷകന്‍ നിര്‍ദേശിച്ചു. മഞ്‌ജു വാര്യരുടെ സിനിമയിലേക്കുള്ള തിരിച്ചുവരവിനും മുമ്പു ഗുരുവായൂരില്‍ നൃത്ത അരങ്ങേറ്റം നടന്നിരുന്നു.
ചാലക്കുടിയിലെ ദിലീപിന്റെ തിയേറ്റര്‍ ഇരിക്കുന്ന സ്‌ഥലം സംബന്ധിച്ചും അഭിഭാഷകന്‍ സംസാരിക്കുന്നുണ്ട്‌. എന്നാല്‍, ഇത്‌ എന്തിനെക്കുറിച്ചാണെന്നു വ്യക്‌തതയില്ല. മറ്റൊന്നു ഡ്രൈവര്‍ അപ്പുണ്ണിയെക്കുറിച്ചാണ്‌.
അപ്പുണ്ണി ദിലീപിന്റെ സന്തത സഹചാരിയല്ലെന്നു നിലപാടെടുക്കണമെന്നാണു പറയുന്നത്‌. കേസുമായി ബന്ധപ്പെട്ടു പറഞ്ഞാല്‍, പള്‍സര്‍ സുനിയുമായുള്ള കത്തിടപാടുകള്‍ക്കും മറ്റും ഇടനിലനിന്നത്‌ അപ്പുണ്ണിയായിരുന്നു. ഇതൊക്കെത്തന്നെ പ്രോസിക്യൂഷന്‍ ഹാജരാക്കിയതു ദിലീപ്‌ സാക്ഷികളെ സ്വാധിനിക്കുന്നുവെന്നു തെളിയിക്കാനാണ്‌.
കേസില്‍ 20 സാക്ഷികള്‍ കൂറുമാറിയിട്ടുണ്ട്‌. ഈ സാക്ഷികള്‍ എല്ലാം സിനിമാ മേഖലയിലുള്ളവരാണ്‌. ഇവരെല്ലാം കൂറുമാറിയതു ദിലീപിന്റെ സ്വാധീനത്താലാണു എന്നാണ്‌ പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചത്‌.

Leave a Reply