രാജ്യത്തൊട്ടാകെ വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്നു

0

തിരുവനന്തപുരം∙ രാജ്യത്തൊട്ടാകെ വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്നു. വൈദ്യുതിയുടെ വാങ്ങൽ വില വർധിക്കുകയാണ്. പവർ എക്സ്ചേഞ്ചിൽ പരമാവധി വിലയായ യൂണിറ്റിനു 12 രൂപ നൽകിയാൽ പോലും സംസ്ഥാനങ്ങളുടെ ആവശ്യത്തിന് അനുസരിച്ചു വൈദ്യുതി ലഭിക്കുന്നില്ല. എന്നാൽ കേരളത്തിൽ ഉടനടി പ്രതിസന്ധിക്കു സാധ്യതയില്ല. വൈദ്യുതി ബോർഡുമായി ദീർഘകാല കരാറിൽ ഏർപ്പെട്ട വൈദ്യുതി നിലയങ്ങളിൽ ഇപ്പോൾ കൽക്കരി ക്ഷാമമില്ല. ഉപയോഗത്തിന് അനുസരിച്ചു വരും ദിവസങ്ങളിലും കൽക്കരി ലഭിക്കുകയാണെങ്കിൽ ഇവിടെ പ്രതിസന്ധി ഉണ്ടാകാൻ സാധ്യതയില്ല. 
∙ പല സംസ്ഥാനങ്ങളിലും വൈദ്യുതി നിയന്ത്രണം

വിവിധ സംസ്ഥാനങ്ങൾ പവർ കട്ടും ലോഡ് ഷെഡിങ്ങും പവർ ഹോളിഡേയും ഏർപ്പെടുത്തിയ ശേഷവും രാജ്യത്ത് വൈദ്യുതി കമ്മി രൂക്ഷമാവുകയാണ്. ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങൾ ഔദ്യോഗികമായി തന്നെ വൈദ്യുതി നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു കഴിഞ്ഞു. ബിഹാർ, ബംഗാൾ, ഉത്തർ പ്രദേശ്, ഹരിയാന, ജാർഖണ്ഡ്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിൽ അപ്രഖ്യാപിത നിയന്ത്രണം നിലവിൽ ഉണ്ട്. ചില സ്ഥലങ്ങളിൽ 8 മണിക്കൂർ വരെ നീളുന്ന പവർ കട്ട് നടപ്പാക്കിയെന്നാണ് വിവരം.

വൈദ്യുതി കമ്മി വർധിച്ചതോടെ പവർ എക്‌സ്‌ചേഞ്ചുകളിലെ നിരക്ക് കുതിച്ചുയർന്നു. രാജ്യത്ത് 2 പവർ എക്സ്ചേഞ്ചുകളാണ് ഉള്ളത്. ഇന്ത്യൻ എനർജി എക്സ്ചേഞ്ചും പവർ എക്സ്ചേഞ്ച് ഇന്ത്യ ലിമിറ്റഡും. ഇതിൽ 90% വൈദ്യുതി വിൽപനയും നടക്കുന്നത് ആദ്യത്തെ എക്സ്ചേഞ്ച് വഴിയാണ്. 24 മണിക്കൂറിനെ 15 മിനിറ്റ് വീതം ദൈർഘ്യമുള്ള 96 ബ്ലോക്കുകളായി തിരിച്ചാണ് പവർ എക്സ്ചേഞ്ചിൽ ഒരോ ദിവസവും വൈദ്യുതി വിപണനം നടത്തുന്നത്. എല്ലാ ദിവസവും വൈകിട്ട് ലഭിക്കേണ്ട വൈദ്യുതിയുടെ ടെൻഡർ തലേന്നു തന്നെ തീരുമാനിക്കും. നാളെ വൈകുന്നേരം വൈദ്യുതി ലഭിക്കണമെങ്കിൽ ഇന്നു തന്നെ ടെൻഡർ നൽകി വൈദ്യുതി ലഭ്യത ഉറപ്പാക്കണം. ഇതനുസരിച്ച് ചരിത്രത്തിൽ ആദ്യമായി വൈദ്യുതിയുടെ വാങ്ങൽ വില 96 ബ്ലോക്കുകളിലും പരമാവധി നിരക്കായ 12 രൂപയിൽ എത്തി.

∙ ഏപ്രിൽ 22നു പരമാവധി വില 

ഏപ്രിൽ 22ലെ ടെൻ‌ഡർ തലേദിവസം ഉറപ്പിച്ചപ്പോഴാണ് വില പരമാവധി നിരക്കിൽ എത്തിയത്. തൊട്ടു മുൻപുള്ള ദിവസങ്ങളിലും ഭൂരിപക്ഷം ബ്ലോക്കുകളിലും 12 രൂപയിലാണ് കച്ചവടം നടന്നത്. എന്നാൽ രാവിലെ 8 മണിക്കും ഉച്ചയ്ക്ക് ശേഷം 2 മണിക്കും ഇടയിലുള്ള സമയത്തു മാത്രം പരമാവധി നിരക്കിനെക്കാൾ കുറഞ്ഞ വിലയ്ക്ക് കച്ചവടം നടന്നിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ 96 ബ്ലോക്കുകളിലെ ശരാശരി നിരക്ക് 9.74 രൂപ, 10.17, 10.6 , 10.48, 11.44, 11.84 രൂപ എന്നിങ്ങനെ ക്രമമായി വർധിച്ച് ഏപ്രിൽ 22ന് ശരാശരി നിരക്ക് തന്നെ പരമാവധി വിലയായ 12 രൂപയിൽ എത്തുകയായിരുന്നു.

ഏപ്രിൽ 22 ന്റെ ടെൻഡർ അനുസരിച്ചു പവർ എക്സ്ചേഞ്ചിൽ ആവശ്യക്കാർ എല്ലാവരും കൂടി ചോദിച്ചത് 53.8 കോടി യൂണിറ്റ് വൈദ്യുതി ആയിരുന്നു. എന്നാൽ വിൽപനയ്ക്കായി എത്തിയത് 10.1 കോടി യൂണിറ്റ് വൈദ്യുതി മാത്രമാണ്. വിവിധ സമയ ബ്ലോക്കുകളിൽ 16,000 മെഗാവാട്ട് മുതൽ 33,000 മെഗാവാട്ട് വരെ വൈദ്യുതി വാങ്ങാനുള്ള ബിഡ് സമർപ്പിച്ചിരുന്നു. വിൽപനയ്ക്ക് എത്തിയത് 3,500 മെഗാവാട്ട് മുതൽ 6,000 മെഗാവാട്ട് വരെ മാത്രമാണ്. ഇതു മൂലം പരമാവധി നിരക്കായ 12 രൂപ നൽകാൻ തയാറായ സംസ്ഥാനങ്ങൾക്കു പോലും ആവശ്യത്തിനു വൈദ്യുതി ലഭിക്കുന്നില്ല. വൈദ്യുതി ക്ഷാമത്തിന്റെ രൂക്ഷതയാണ് ഇതു വ്യക്തമാക്കുന്നത്.

∙ കൽക്കരി സ്റ്റോക്ക് കൂടുന്നില്ല
പൊതുമേഖലാ സ്ഥാപനമായ കോൾ ഇന്ത്യ ലിമിറ്റഡിന്റെ കൽക്കരി ഉൽപാദനം സർവകാല റെക്കോർഡ് രേഖപ്പെടുത്തിയിട്ടും വൈദ്യുതി നിലയങ്ങളിലെ കൽക്കരി സ്‌റ്റോക്ക് മെച്ചപ്പെടുത്താൻ സാധിച്ചിട്ടില്ല. ഏപ്രിലിൽ മാത്രം 27% ഉൽപാദന വർധന കോൾ ഇന്ത്യ കൈവരിച്ചിട്ടുണ്ട്. എന്നാൽ ഇറക്കുമതി കൽക്കരിയുടെ വില വർധിച്ചതു പ്രതിസന്ധി രൂക്ഷമാക്കുകയാണ്. 2017-22 കാലയളവിൽ വൈദ്യുതി ഉൽപാദനം വർധിപ്പിക്കുന്നതിനു പ്രഖ്യാപിച്ച ലക്ഷ്യങ്ങൾ നേടാൻ സാധിക്കാതെ പോയതും പ്രശ്നമായി.

കേരളത്തിന് ആവശ്യമായ വൈദ്യുതി വാങ്ങുന്നതിനു വൈദ്യുതി ബോർഡ് ദീർഘകാല കരാർ ഒപ്പു വച്ച വൈദ്യുതി നിലയങ്ങളിൽ ഇപ്പോൾ കൽക്കരി ക്ഷാമമില്ല എന്നതാണ് താൽക്കാലിക ആശ്വാസം. എന്നാൽ 2024 മുതലുള്ള കാലയളവിൽ സംസ്ഥാനത്ത് 1,000 മെഗാവാട്ടിന്റെ കമ്മി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതു നികത്തുന്നതിന് മുൻകൂട്ടി കരാറുകളിൽ ഏർപ്പെടാൻ അടിയന്തര നടപടി സ്വീകരിക്കേണ്ട സമയമാണ്. അല്ലെങ്കിൽ ഭാവിയിൽ കേരളവും ഇരുളിലാകും.

വൈദ്യുതിക്കായി പവർ എക്സ്ചേഞ്ചുകളെ അമിതമായി ആശ്രയിച്ചിരുന്നത് മൂലം ഇപ്പോൾ പ്രതിസന്ധി അനുഭവിക്കുന്ന സംസ്ഥാനങ്ങൾ ദീർഘകാല കരാറുകളിലേക്ക് മാറാൻ നടപടി സ്വീകരിച്ചു വരികയാണ്. ഇതു മനസ്സിലാക്കി അടിയന്തര നടപടികളിലേക്ക് നീങ്ങുകയാണ് സംസ്ഥാനത്തെ ഭരണ നേതൃത്വവും വൈദ്യുതി ബോർഡും ചെയ്യേണ്ടത്. 

LEAVE A REPLY

Please enter your comment!
Please enter your name here