പ്രതിനിധി സമ്മേളനം തുടങ്ങി; ഇന്നു പൊതുചര്‍ച്ച

0

കണ്ണൂര്‍: സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ്‌ പ്രതിനിധി സമ്മേളനത്തിന്‌ കണ്ണൂരില്‍ തുടക്കമായി. പി.ബി അംഗം എസ്‌.രാമചന്ദ്രന്‍ പിള്ള പതാക ഉയര്‍ത്തി. ബി.ജെ.പിയെ തോല്‍പിക്കാന്‍ സി.പി.എം അടിത്തറ ശക്‌തിപ്പെടുത്തണമെന്ന്‌ എസ്‌.ആര്‍.പി പറഞ്ഞു.
വൈവിധ്യമാര്‍ന്ന ഇന്ത്യന്‍ സംസ്‌കാരത്തെ നശിപ്പിക്കാന്‍ ബി.ജെ.പി ശ്രമിക്കുകയാണ്‌. രാജ്യത്തെ മതനിരപേക്ഷതയെ നശിപ്പിച്ച്‌ ഹിന്ദു രാജ്യം സൃഷ്‌ടിക്കാനാണു നീക്കം. ഭരണഘടനാ സ്‌ഥാപനങ്ങളെ കേന്ദ്ര സര്‍ക്കാര്‍ ഇല്ലാതാക്കുകയാണ്‌. കോര്‍പ്പറേറ്റുകളുടെ പ്രീണനം മാത്രമാണ്‌ ബി.ജെ.പിയുടെ ലക്ഷ്യമെന്നും എസ്‌.രാമചന്ദ്രന്‍പിള്ള പറഞ്ഞു
പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതിനിധി സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. എല്ലാ മതേതര ജനാധിപത്യ പാര്‍ട്ടികളും ബി.ജെ.പിക്കെതിരായ പോരാട്ടത്തില്‍ പങ്കാളികളാകണമെന്ന്‌ സീതാറാം യച്ചൂരി പറഞ്ഞു.
ബി.ജെ.പിയെ തോല്‍പിക്കുന്നതില്‍ പ്രായോഗിക സമീപനം വേണമെന്ന്‌ ഉദ്‌ഘാടന സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത സി.പി.ഐ. ജനറല്‍ സെക്രട്ടറി ഡി. രാജ പറഞ്ഞു.
ബി.ജെ.പിക്കെതിരേ വിശാല മതനിരപേക്ഷ സഖ്യം എന്ന കാഴ്‌ചപ്പാടില്‍ ഈ മാസം 10 വരെ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസ്‌ തീരുമാനമെടുക്കും. പാര്‍ട്ടി പദവികളില്‍ തുടരാനുള്ള പ്രായപരിധി 75 വയസാക്കിയതിനു പാര്‍ട്ടി കോണ്‍ഗ്രസിന്റെ അംഗീകാരം തേടും. കേരളത്തിലൊഴികെ പാര്‍ട്ടി ദുര്‍ബലമാകുന്നുവെന്നാണ്‌ സി.പി.എം. സംഘടനാ റിപ്പോര്‍ട്ട്‌. ബംഗാള്‍, ത്രിപുര എന്നീ രണ്ട്‌ ശക്‌തികേന്ദ്രങ്ങള്‍ ചോര്‍ന്ന്‌ പോകുകയാണെന്നും കേരളമടക്കം മുന്നണി വിപുലീകരണം ആലോചിക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്‌.
സംഘടന ശക്‌തിപ്പെടുത്തുന്നതിന്‌ 10 നിര്‍ദേശങ്ങളാണ്‌ റിപ്പോര്‍ട്ടിലുള്ളത്‌ പ്രാദേശിക വിഷയങ്ങള്‍ ഏറ്റെടുത്ത്‌ ജനങ്ങളുമായി ബന്ധമുണ്ടാക്കണം. പാര്‍ട്ടി അംഗത്വത്തിനുള്ള അഞ്ച്‌ മാനദണ്ഡങ്ങള്‍ കര്‍ക്കശമായി നടപ്പാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബ്രാഞ്ച്‌ കമ്മിറ്റികള്‍ ആറുമാസത്തിനുള്ളില്‍ സജീവമാക്കണം. കൂടുതല്‍ യുവാക്കള്‍ക്കും സ്‌ത്രീകള്‍ക്കും അടുത്ത രണ്ടു വര്‍ഷവും അംഗത്വം നല്‍കണം.പാര്‍ട്ടിയുടെ മുഴുവന്‍ സമയപ്രവര്‍ത്തകരായി കൂടുതല്‍ യുവാക്കളെ നിയമിക്കണം. സെന്‍ട്രല്‍ പാര്‍ട്ടി സ്‌കൂള്‍ ശക്‌തിപ്പെടുത്തണം. ആര്‍.എസ്‌.എസിനെക്കുറിച്ചുള്ള പഠനം പാര്‍ട്ടി സ്‌കൂളില്‍ ഉള്‍പ്പെടുത്തണം.
സാമൂഹിക മാധ്യമങ്ങളെ പാര്‍ട്ടിയുമായി സംയോജിപ്പിക്കാന്‍ നേതാക്കള്‍ക്ക്‌ കഴിയണം. ഗ്രാമീണ തൊഴിലാളി യൂണിയനുകള്‍ സ്‌ഥാപിക്കണം.
വര്‍ഗബഹുജന സംഘടനകളുടെ സ്വതന്ത്ര പ്രവര്‍ത്തനം ഉറപ്പുവരുത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്നു രാവിലെ ഒമ്പതിന്‌ പൊതുചര്‍ച്ച തുടങ്ങും. 17 പോളിറ്റ്‌ ബ്യൂറോ അംഗങ്ങളും 78 കേന്ദ്ര കമ്മിറ്റി അംഗങ്ങളും 640 പ്രതിനിധികളും 77 നിരീക്ഷകരുമടക്കം 812 പേരാണ്‌ സമ്മേളനത്തില്‍ പങ്കെടുക്കുന്നത്‌. കൂടുതല്‍പേര്‍ കേരളത്തില്‍നിന്നാണ്‌ – 178 പേര്‍. പശ്‌ചിമ ബംഗാളില്‍നിന്ന്‌ 163 പേരും ത്രിപുരയില്‍നിന്ന്‌ 42 പേരുമുണ്ട്‌. ഗോവ, ആന്‍ഡമാന്‍ എന്നിവിടങ്ങളില്‍നിന്ന്‌ ഓരോ പ്രതിനിധികളാണുള്ളത്‌

LEAVE A REPLY

Please enter your comment!
Please enter your name here