മതധ്രുവീകരണം രാഷ്‌ട്രീയമുന്നേറ്റത്തിനായി ഉപയോഗിക്കുന്ന ബി.ജെ.പിക്കെതിരേ വിശാലമതേതരസഖ്യം വേണമെന്നു സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി

0

കണ്ണൂര്‍ : മതധ്രുവീകരണം രാഷ്‌ട്രീയമുന്നേറ്റത്തിനായി ഉപയോഗിക്കുന്ന ബി.ജെ.പിക്കെതിരേ വിശാലമതേതരസഖ്യം വേണമെന്നു സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഹിന്ദുത്വത്തെ എതിര്‍ക്കാന്‍ മതേതരസമീപനം വേണം. കോണ്‍ഗ്രസും ചില പ്രാദേശികകക്ഷികളും ഇക്കാര്യത്തില്‍ നിലപാടുറപ്പിക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു. 23-ാം പാര്‍ട്ടി കോണ്‍ഗ്രസ്‌ പ്രതിനിധി സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത്‌ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വര്‍ഗീയതയുമായി സന്ധിചെയ്യുന്ന നിലപാടാണു കോണ്‍ഗ്രസിന്റേത്‌. അത്‌ കോണ്‍ഗ്രസില്‍നിന്നു ബി.ജെ.പിയിലേക്ക്‌ ആളൊഴുകാന്‍ കാരണമാകും. ബി.ജെ.പിയുടെ നയങ്ങള്‍ക്കു ബദല്‍ സോഷ്യലിസമാണ്‌. തെരഞ്ഞെടുപ്പില്‍ മാത്രമല്ല ബി.ജെ.പിയെ പരാജയപ്പെടുത്തേണ്ടത്‌. സമൂഹത്തില്‍ അവര്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്ന എല്ലാ ഹിന്ദുത്വ അജന്‍ഡകളെയും ഒറ്റപ്പെടുത്തണം. അതിന്‌ ഇടതുകക്ഷികളുടെ യോജിച്ച പ്രവര്‍ത്തനം ആവശ്യമാണ്‌. ബി.ജെ.പിയെ ഒറ്റപ്പെടുത്താനുള്ള നീക്കങ്ങളും ചര്‍ച്ചകളും പാര്‍ട്ടി കോണ്‍ഗ്രസില്‍ നടത്തും.
ഫെഡറലിസം ഉള്‍പ്പെടെ ഭരണഘടന ഉറപ്പുനല്‍കുന്ന എല്ലാ അവകാശങ്ങളും കേന്ദ്രം അട്ടിമറിക്കുകയാണ്‌. മൗലികാവകാശങ്ങളിലേക്കുപോലും കടന്നുകയറുന്നു.
ഭരണഘടനാസ്‌ഥാപനങ്ങളുടെ സ്വതന്ത്രപ്രവര്‍ത്തനം തടസപ്പെടുന്നു. മോദിയുടെ ഏകാധിപത്യത്തില്‍ വര്‍ഗീയ കോര്‍പറേറ്റ്‌ സഹകരണമാണു രാജ്യത്തു നടക്കുന്നത്‌. കോവിഡ്‌ മഹാമാരിയെ കേന്ദ്രം നേരിട്ടതു രാജ്യം കണ്ടു. ഗംഗയില്‍ ശവങ്ങളൊഴുകി. തീവ്രവലതുപക്ഷനയങ്ങള്‍ പിന്തുടരുന്ന സര്‍ക്കാര്‍ ജനങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്നവരല്ല. കോവിഡിനു മുമ്പേ ആഗോളസമ്പദ്‌വ്യവസ്‌ഥയും ഇന്ത്യന്‍ സമ്പദ്‌വ്യവസ്‌ഥയും മാന്ദ്യത്തിലേക്കു നീങ്ങുന്നതിന്റെ ലക്ഷണം കാട്ടി. കോവിഡ്‌ കാലത്ത്‌ സ്‌ഥിതിഗതികള്‍ വഷളാക്കി.
സോഷ്യലിസ്‌റ്റ്‌ രാജ്യങ്ങള്‍ക്കു പകര്‍ച്ചവ്യാധിയെ ചെറുക്കാനും സമ്പദ്‌വ്യവസ്‌ഥ വളര്‍ച്ചാപാതയില്‍ എത്തിക്കാനും കഴിഞ്ഞു. കേരളത്തിലെ ഇടതുസര്‍ക്കാര്‍ കോവിഡ്‌ സാഹചര്യം നേരിട്ട രീതി അന്തര്‍ദേശീയപ്രശംസ നേടി.

LEAVE A REPLY

Please enter your comment!
Please enter your name here