സാമൂഹികാഘാത പഠനത്തിനായി കേരളം റെയില്‍വെ മന്ത്രാലയത്തെ സമീപിച്ചിട്ടില്ലെന്ന്‌ കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു

0

കൊച്ചി: സാമൂഹികാഘാത പഠനത്തിനായി കേരളം റെയില്‍വെ മന്ത്രാലയത്തെ സമീപിച്ചിട്ടില്ലെന്ന്‌ കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. റെയില്‍വേ ഭൂമിയില്‍ മഞ്ഞക്കല്ലിടരുതെന്ന്‌ രേഖാമൂലം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും കെ-റെയില്‍ മാഹിയിലൂടെ കടന്നു പോകുമോ എന്ന്‌ ഇപ്പോള്‍ പറയാനാകില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.
നാലു കാര്യങ്ങളില്‍ വ്യക്‌തത വരുത്തണമെന്ന്‌ കഴിഞ്ഞ ദിവസം കോടതി കേന്ദ്ര-സംസ്‌ഥാന സര്‍ക്കാരുകളോട്‌ നിര്‍ദ്ദേശിച്ചിരുന്നു. ഇതേ തുടര്‍ന്നാണ്‌ കെ-റെയില്‍ മാഹി വഴിയുണ്ടാകുമോ എന്ന്‌ വ്യക്‌തമാക്കാന്‍ കഴിയില്ലെന്ന്‌ സര്‍ക്കാര്‍ അറിയിച്ചത്‌. അലൈന്‍മെന്റ്‌ അന്തിമമായിട്ടില്ലെന്നും പദ്ധതിയ്‌ക്ക്‌ സാമ്പത്തിക അനുമതി നല്‍കിയിട്ടില്ലെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
അതേസമയം സില്‍വര്‍ ലൈന്‍ സര്‍വ്വേ നടന്ന സ്‌ഥലങ്ങളില്‍ ബാങ്ക്‌ വായ്‌പ്പ നിഷേധിച്ച സംഭവത്തില്‍ ആവശ്യമെങ്കില്‍ ഇടപെടുമെന്നും സംസ്‌ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. ആവശ്യമെങ്കില്‍ പ്രത്യേക ഉത്തരവിറക്കുമെന്നും സര്‍ക്കാര്‍ വ്യക്‌തമാക്കി. വേനലവധിയ്‌ക്ക്‌ ശേഷം ഹര്‍ജികള്‍ പരിഗണിക്കാനായി മാറ്റി. വ്യാപക ജനരോഷത്തിനിടയിലും കെ-റെയില്‍ കല്ലിടലുമായി മുന്‍പോട്ടു പോയിരുന്ന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരില്‍ നിന്ന്‌ അനുമതിയുണ്ടെന്നായിരുന്നു വ്യക്‌തമാക്കിയിരുന്നത്‌. ഇതാണ്‌ കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണത്തോടെ ചോദ്യം ചെയ്യപ്പെടുന്നത്‌.
കല്ലിടലുമായി മുന്നോട്ടുപോകുന്ന സംസ്‌ഥാന സര്‍ക്കാരിന്റെ തന്നെ വിശ്വാസ്യതയാണ്‌ ഇതോടെ ചോദ്യം ചെയ്യപ്പെടുന്നത്‌. സംഭവത്തില്‍ മറുപടി നല്‍കണമെന്നും നിര്‍ദ്ദേശമുണ്ടായിരുന്നു. മുന്‍കൂര്‍ നോട്ടീസ്‌ നല്‍കിയാണോ കല്ലിടുന്നത്‌, സമൂഹികാഘാത പഠനം നടത്താന്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതിയുണ്ടോ, സ്‌ഥാപിക്കുന്ന കല്ലുകളുടെ വലിപ്പം നിയമാനുസൃതമാണോ, പുതുച്ചേരിയിലൂടെ റെയില്‍ പോകുന്നുണ്ടോ എന്നീ ചോദ്യങ്ങളാണ്‌ കോടതി ഉന്നയിച്ചത്‌.

LEAVE A REPLY

Please enter your comment!
Please enter your name here