എഴുകുംവയല്‍ സ്‌പിരിറ്റ്‌ വേട്ട : കുടുക്കിയത്‌ മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍

0

നെടുങ്കണ്ടം: എഴുകുംവയലിലെ സ്‌പിരിറ്റ്‌ വേട്ട എട്ടുമാസത്തെ അന്വേഷണത്തിനൊടുവില്‍. വന്‍ തോതില്‍ വ്യാജമദ്യ നിര്‍മാണത്തിന്‌ സ്‌പിരിറ്റ്‌ എത്തിച്ചത്‌ വിഷു, ഈസ്‌റ്റര്‍ വിപണി ലക്ഷ്യമിട്ടാണെന്നും വിവരം.
തിങ്കളാഴ്‌ച വൈകിട്ട്‌ എഴുകുംവയലില്‍ അടിമാലി നാര്‍ക്കോട്ടിക്‌ എന്‍ഫോഴ്‌സ്‌മെന്റ്‌ സംഘം നടത്തിയ റെയ്‌ഡില്‍ പിടിച്ചെടുത്തത്‌ 20 ലക്ഷം രൂപയുടെ വ്യാജമദ്യം നിര്‍മിക്കാനുള്ള സാധനസാമഗ്രികളാണ്‌. ജില്ലയിലേക്കു വ്യാപകമായി സ്‌പിരിറ്റ്‌ കടത്തു നടക്കുന്നതായി എട്ടുമാസം മുന്‍പ്‌ അടിമാലി നാര്‍ക്കോട്ടിക്‌ എന്‍ഫോഴ്‌സ്‌മെന്റ്‌ന്‌ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തില്‍ എട്ടുമാസമായി അന്വേഷണം നടക്കുകയായിരുന്നു.
കഴിഞ്ഞ 31ന്‌ ആലുവ ബിനാനിപുരത്തുനിന്നു 8190 ലിറ്റര്‍ സ്‌പിരിറ്റ്‌ ശേഖരം പിടികൂടിയിരുന്നു. ഇതിന്റെ തുടരന്വേഷണത്തില്‍ എഴുകുംവയല്‍, നെടുങ്കണ്ടം ഭാഗത്തേക്ക്‌ സ്‌പിരിറ്റ്‌ കടത്തിയതായി വിവരം ലഭിച്ചിരുന്നു. തുടര്‍ന്നു അഞ്ച്‌ ദിവസമായി റെയ്‌ഡ്‌ നടത്തിയ പ്രദേശത്ത്‌ ശക്‌തമായ നിരീക്ഷണത്തിനൊടുവിലാണ്‌ പ്രതികള്‍ വലയിലായത്‌.
എഴുകുംവയല്‍ സ്വദേശികളായ കൊട്ടാരത്തില്‍ സന്തോഷ്‌, കൊച്ചുമലയില്‍ അനീഷ്‌ എന്നിവരാണ്‌ അറസ്‌റ്റിലായത്‌. എഴുകുംവയലില്‍ സന്തോഷിന്റെ ഉടമസ്‌ഥതയിലുള്ള പ്രിയാസ്‌ കോഫിബാറിന്റെ ഭാഗമായുള്ള ഒരു മുറിയിലുംസമീപത്തായുള്ള അനീഷിന്റെ മുറിയിലുമാണ്‌ വ്യാജ മദ്യം നിര്‍മിച്ചിരുന്നത്‌.
ആറ്‌ കന്നാസ്‌ സ്‌പിരിറ്റ്‌, ഒന്നര കന്നാസ്‌ നേര്‍പ്പിച്ച സ്‌പിരിറ്റ്‌, ആറ്‌ ചാക്ക്‌ കാലിക്കുപ്പികള്‍, സ്‌പിരിറ്റില്‍ കളര്‍ ചേര്‍ക്കുന്നതിനുള്ള പൊടികള്‍, കുപ്പികളുടെ ആറ്‌ പാക്കറ്റ്‌ അടപ്പ്‌ തുടങ്ങിയവയാണ്‌ കണ്ടെടുത്തത്‌.
സ്‌പിരിറ്റ്‌ നേര്‍പ്പിച്ച്‌ കളര്‍ ചേര്‍ത്തശേഷം കുപ്പികളില്‍ നിറച്ച്‌ മൊത്തമായും ചില്ലറയായും ഇവര്‍ വില്‍പന നടത്തിവരികയായിരുന്നു. ഒമ്പത്‌ ലക്ഷം രൂപ വില വരുന്ന സ്‌പിരിറ്റ്‌ 20 ലക്ഷം രൂപയുടെ മദ്യമാക്കി വില്‍ക്കുമെന്നാണ്‌ നര്‍ക്കോട്ടിക്‌ വിഭാഗത്തിന്റെ കണക്‌. ഇത്തരത്തില്‍ ഒറിജിനലിനെ വെല്ലുന്ന വ്യാജന്‍ അര ലിറ്റര്‍, ഒരു ലിറ്റര്‍ കുപ്പികളിലാക്കി വിവിധ ബ്രാന്‍ഡുകളിലായി നെടുങ്കണ്ടം, കട്ടപ്പന, തൂക്കുപാലം, രാമക്കല്‍മേട്‌ മേഖലകളിലാണ്‌ പ്രധാനമായും വില്‍പന നടത്തിയിരുന്നത്‌.

കോഫി ബാറല്ല, ശരിക്കും ‘ബാര്‍’ !

നെടുങ്കണ്ടം: നൂറുകണക്കിനു ജനങ്ങള്‍ നിത്യേന എത്തുന്ന എഴുകുംവയല്‍ ടൗണില്‍ കോഫി ബാറിന്റെ മറവില്‍ പ്രവര്‍ത്തിച്ചിരുന്നത്‌ സമാന്തര ബാര്‍.
കടയ്‌ക്കുള്ളില്‍ മദ്യവില്‍പനയും നിര്‍മാണവും നടന്നത്‌ ആരും സംശയിക്കാത്ത തരത്തില്‍. കോഫീ ബാറിലും, ബേക്കറിയിലും സമീപ കടകളിലും തിരക്ക്‌ കുറയുന്ന സമയത്താണ്‌ ഇവര്‍ വ്യാജ മദ്യ നിര്‍മാണം നടന്നുവന്നിരുന്നത്‌. ബേക്കറിയോടൊപ്പം അനധികൃതമായി പെട്രോള്‍, ഡീസല്‍ വില്‍പനയും ഇവര്‍ക്കുണ്ടായിരുന്നതിനാല്‍ ഇന്ധനങ്ങള്‍ വയ്‌ക്കുന്ന മുറി എന്നതായിരുന്നു ആളുകളുടെ ധാരണയും. സാമാന്യം നല്ല രീതിയില്‍ കടയില്‍ കച്ചവടം നടത്തുന്ന ചെറുപ്പക്കാരെ അയല്‍വാസികള്‍പോലും സംശയിച്ചില്ല. പൊതുവേ തിരക്കുകുറയുന്ന സമയം നോക്കി രാസ പദാര്‍ഥങ്ങളും, കളറും ചേര്‍ത്ത്‌ വ്യാജമദ്യ നിര്‍മാണം ആരംഭിക്കും. പിന്നീടു വെള്ളമൊഴിച്ചു പ്രത്യേക അനുപാതത്തില്‍ നേര്‍പ്പിച്ചാണ്‌ അര ലിറ്റര്‍, ഒരു ലിറ്റര്‍ കുപ്പികളിലാക്കുന്നത്‌. കുപ്പികളില്‍ നിറച്ചു പുതിയ അടപ്പ്‌ ഇട്ട്‌ സീല്‍ ചെയ്യുന്നതിനും ഇവര്‍ക്ക്‌ പ്രത്യേക സംവിധാനമുണ്ട്‌.
തുടര്‍ന്നു കൂടുതലായി വില്‍പന നടക്കുന്ന ബ്രാന്‍ഡുകളുടെ സ്‌റ്റിക്കറുകളും ഒട്ടിക്കുന്നതോടെ ഒര്‍ജിനിലിനെ വെല്ലുന്ന വ്യാജനായി മദ്യം മാറും. ബീവറേജസ്‌ ഔട്ട്‌ലറ്റുകളില്‍ നിന്നും ലഭിക്കുന്ന വിലയില്‍നിന്നും 50 രൂപാ മുതല്‍ 150 രൂപാ വരെ കൂടുതല്‍ ഈടാക്കിയാണ്‌ വില്‍ക്കുന്നതും. അതേസമയം പിടിക്കപ്പെട്ട രണ്ടുപേര്‍ മാത്രമാണോ ഇതിന്‌ പിന്നില്‍ ഉള്ളതെന്നും സംശയമുണ്ട്‌. വലിയ തോതില്‍ നിര്‍മാണവും, വില്‍പനയും നടത്താന്‍ ഇവര്‍ക്കുപിന്നില്‍ വന്‍ സംഘം പ്രവര്‍ത്തിക്കുന്നതായും അന്വേഷണ സംഘത്തിന്‌ സംശയമുണ്ട്‌.

LEAVE A REPLY

Please enter your comment!
Please enter your name here