റെയില്‍വേ ബാസ്‌ക്കറ്റ്‌ബോള്‍ താരമായ മലയാളി യുവതിയെ പട്‌നയിലെ താമസസ്‌ഥലമായ ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

0

റെയില്‍വേ ബാസ്‌ക്കറ്റ്‌ബോള്‍ താരമായ മലയാളി യുവതിയെ പട്‌നയിലെ താമസസ്‌ഥലമായ ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
കുറ്റ്യാടി കുന്നുമ്മല്‍ പാതിരിപ്പറ്റ കത്തിയണപ്പാംചാലില്‍ ലിതാര (23)യാണു മരിച്ചത്‌. ജോലി സ്‌ഥലത്തെ ഫ്‌ളാറ്റില്‍ സീലിങ്‌ ഫാനില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു. സംഭവത്തില്‍ ദുരൂഹതയാരോപിച്ച ബന്ധുക്കള്‍ ലിതാരയുടെ പരിശീലകനെതിരേ ബിഹാര്‍ പോലീസില്‍ പരാതി നല്‍കി. പരിശീലകന്‍ മോശമായി പെരുമാറാറുണ്ടെന്ന്‌ ലിതാര നിരന്തരം പറയാറുണ്ടായിരുന്നുവെന്നും ബന്ധുക്കള്‍ ആരോപിച്ചു.
ഈസ്‌റ്റ്‌ സെന്‍ട്രല്‍ റെയില്‍വയുടെ ദിനാപുര്‍ ഡിവിഷനില്‍ അക്കൗണ്ട്‌ ഡിപ്പാര്‍ട്ട്‌മെന്റിലെ ഉദ്യോഗസ്‌ഥയാണു ലിതാര. ബിഹാര്‍ പട്‌നയിലെ ഗാന്ധിനഗര്‍ റോഡ്‌ നമ്പര്‍ ആറിലെ ഫ്‌ളാറ്റിലാണ്‌ 6 മാസമായി ലിതാരയുടെ താമസം.
ലിതാര തിങ്കളാഴ്‌ച രാത്രി അച്‌ഛനുമായും സഹോദരി ഭര്‍ത്താവുമായും ഫോണില്‍ സംസാരിച്ചിരുന്നു. പിന്നീട്‌ വീട്ടുകാര്‍ക്കു ഫോണില്‍ ബന്ധപ്പെടാന്‍ കഴിയാത്തതിനെത്തുടര്‍ന്ന്‌ ഫ്‌ളാറ്റുടമയെ വിവരമറിയിക്കുകയായിരുന്നു. ഫ്‌ളാറ്റുടമ വിളിച്ചിട്ടും വാതില്‍ തുറക്കാത്തതിനെത്തുടര്‍ന്ന്‌ ഇയാള്‍ പോലീസ്‌ സഹായത്തോടെ നടത്തിയ പരിശോധനയിലാണ്‌ മൃതദേഹം കണ്ടെത്തിയത്‌. മലയാളത്തില്‍ എഴുതിയ ആത്മഹത്യാക്കുറിപ്പ്‌ മുറിയില്‍നിന്നു കണ്ടെടുത്തു.
ഈ വര്‍ഷത്തെ ഇന്റര്‍നാഷണല്‍ വനിതാദിനത്തില്‍ ലിതാരയെ ഈസ്‌റ്റ്‌ സെന്‍ട്രല്‍ റെയില്‍വേ അനുമോദിച്ചിരുന്നു. വട്ടോളി നാഷണല്‍ എച്ച്‌.എസ്‌.എസില്‍ നിന്ന്‌ ഏഴാം ക്ലാസ്‌ പഠനത്തിന്‌ ശേഷം പത്ത്‌ വരെ കണ്ണൂര്‍ സ്‌പോര്‍ട്‌സ്‌ സ്‌കൂളിലും പ്ലസ്‌ ടു കോഴ്‌സ്‌ തൃശൂരിലുമാണ്‌ പൂര്‍ത്തിയാക്കിയത്‌. പിന്നീട്‌ റെയില്‍വേയുടെ ബാസ്‌ക്കറ്റ്‌േബാള്‍ താരമായി ജോലിയില്‍ പ്രവേശിക്കുകയായിരുന്നു. കരുണന്‍ – ലളിത ദമ്പതികളുടെ മകളാണ്‌. സഹോദരങ്ങള്‍: ലിന്‍സി, ലിന്യ. പോസ്‌റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം, പട്‌്നയിലെത്തിയ ബന്ധുക്കള്‍ക്കു കൈമാറി. ഇന്ന്‌ രാത്രി 10 മണിയോടെ വീട്ടിലെത്തിക്കും.
ലിതാരയുടെ മരണത്തെക്കുറിച്ച്‌ അനേ്വഷിക്കാന്‍ നടപടിയെടുക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ മുഖ്യമന്ത്രി പിണറായി വിജയന്‍, കെ.മുരളീധരന്‍ എം.പി, കെ.പി.കുഞ്ഞമ്മത്‌ കുട്ടി എം.എല്‍.എ, എന്നിവര്‍ക്ക്‌ ബന്ധുക്കള്‍ പരാതി നല്‍കിയി. റെയില്‍വെ അധികൃതര്‍ക്കും പരാതി കൈമാറി.

LEAVE A REPLY

Please enter your comment!
Please enter your name here