ബാലകൃഷ്ണപിള്ളയുടെ പേരിൽ കോടികളുടെ സ്വത്ത്; വസ്തുക്കളുടെ മൂന്നിലൊന്ന് വേണമെന്ന ഉഷയുടെ ആവശ്യം അംഗീകരിക്കാതെ ബിന്ദുവും ഗണേശും; മധ്യസ്ഥ ചർച്ച ഒത്തുതീർപ്പില്ലാതെ പിരിഞ്ഞു

0

കൊട്ടാരക്കര: മുൻ മന്ത്രി ആർ. ബാലകൃഷ്ണപിള്ളയുടെ പേരിലുള്ള സ്വത്ത് സംബന്ധമായ തർക്കം പരിഹരിക്കാൻ കോടതി നിർദേശ പ്രകാരം ഇന്നലെ നടന്ന മധ്യസ്ഥ ചർച്ചയിൽ ഒത്തു തീർപ്പായില്ല. ചർച്ച പരാജയപ്പെട്ടതോടെ കൊട്ടാരക്കര സബ് കോടതി കേസിൽ വിശദമായ വാദം കേൾക്കും. ആർ.ബാലകൃഷ്ണപിള്ളയുടെ പേരിലുള്ള വസ്തു വകകളുടെ മൂന്നിലൊന്നു ഭാഗം വേണമെന്നായിരുന്നു മൂത്തമകൾ ഉഷ മോഹൻദാസിന്റെ ആവശ്യം. ഇത് അഗീകരിക്കാൻ മറ്റു മക്കൾ തയ്യാറല്ല. സഹോദരങ്ങളായ ബിന്ദു ബാലകൃഷ്ണൻ, കെ.ബി.ഗണേശ്‌കുമാർ എംഎൽഎ എന്നിവരാണു കേസിലെ എതിർകക്ഷികൾ.

കഴിഞ്ഞ 6നു നടന്ന മധ്യസ്ഥ ചർച്ചയിൽ ഉഷ ഈ ആവശ്യം ഉന്നയിച്ചെങ്കിലും മറുപടിക്ക് കെ.ബി.ഗണേശ്‌കുമാർ സമയം ചോദിച്ചിരുന്നു. ഇന്നലെ നടന്ന ചർച്ചയിൽ വിട്ടുവീഴ്ചയ്ക്കു ഗണേശ്‌കുമാർ തയാറായില്ല. ആർ. ബാലകൃഷ്ണപിള്ളയുടെ പേരിൽ വ്യാജ വിൽപത്രം തയാറാക്കിയെന്ന ഹർജിയുമായാണ് ഉഷ മോഹൻദാസ് കോടതിയിൽ എത്തിയത്. വിൽപത്രം വ്യാജമല്ലെന്നു തെളിയിക്കേണ്ട ബാധ്യതയുള്ളതിനാൽ കോടതി കേസ് പരിഗണിക്കട്ടെയെന്ന നിലപാടാണ് ഉഷ സ്വീകരിച്ചത്. ഇതോടെ മധ്യസ്ഥ ചർച്ച അവസാനിച്ചു. മധ്യസ്ഥ ചർച്ച നടത്തിയ അഡ്വ.എൻ.സതീഷ്ചന്ദ്രൻ കോടതിക്ക് ഇതു സംബന്ധിച്ച റിപ്പോർട്ട് കൈമാറും.

അതേസമം പിള്ളയുടെ പേരിൽ കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കളെന്നു കോടതിയിൽ സത്യവാങ്മൂലം ഉഷ സമർപ്പിച്ചിട്ടുണ്ട്. 33 വസ്തു വകകളുടെ പൂർണ വിവരങ്ങൾ മകൾ ഉഷ മോഹൻദാസ് കൊട്ടാരക്കര സബ് കോടതിയിൽ ഹാജരാക്കിയ സത്യവാങ്മൂലത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. വാളകം, കൊട്ടാരക്കര, അറയ്ക്കൽ, ചക്കുവരക്കൽ, ഇടമുളക്കൽ വില്ലേജുകളിലെ 29 ഇടങ്ങളിലായി 50 ഏക്കറോളം സ്ഥലം ഉണ്ട്. മിക്ക സ്ഥലങ്ങളും ഉയർന്ന വില ലഭിക്കുന്ന പ്രദേശങ്ങളാണ്.

കൂടാതെ കൊടൈക്കനാലിൽ ഇരുനില കെട്ടിടം, വാളകത്ത് രാമവിലാസം ഹയർ സെക്കൻഡറി സ്‌കൂളും പരിസരത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളും, മാർത്താണ്ഡൻകര തിങ്കൾകരിക്കത്ത് സ്‌കൂൾ, അറക്കൽ വില്ലേജിൽ രാമവിലാസം ബിഎഡ് കോളജ് എന്നിവയും പട്ടികയിൽ ഉണ്ട്. 270 പവൻ സ്വർണാഭരണങ്ങളും ആർ.ബാലകൃഷ്ണപിള്ളയുടെ പേരിൽ ഉണ്ടെന്നാണ് ഉഷ കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ ഉള്ളത്.

അച്ഛന്റെ പേരിൽ ബാങ്കിലുള്ള പണമെല്ലാം മൂന്ന് മക്കൾക്കും അവകാശപ്പെട്ടതാണ്. അച്ഛൻ എഴുതിയ വിൽപത്രത്തെ ചോദ്യം ചെയ്ത് കേസ് നടക്കുകയാണ്. ഈ കേസുള്ളപ്പോൾ അച്ഛന്റെ പണം പിൻവലിക്കാൻ എങ്ങനെ താൻ ഒപ്പിടുമെന്നാണ് വിവാദത്തോട് ഗണേശ് കുമാറിന്റെ പ്രതികരണം. നല്ല സാമ്പത്തിക ശേഷി ചേച്ചിക്കുണ്ട്. അതുകൊണ്ട് തന്നെ പേരകുട്ടിയുടെ ചികിൽസയ്ക്ക് സാമ്പത്തിക തടസ്സങ്ങളുണ്ടാകില്ലെന്നും ഗണേശ് കുമാർ പറയുന്നു. അവസാന നാളിൽ അച്ഛനെ നോക്കാൻ ഒപ്പം നിന്നത് സ്വത്ത് മോഹിച്ചല്ലെന്നും അത് അച്ഛന് അറിയാമെന്നുമാണ് ഗണേശ് വിശദീകരിക്കുന്നത്. വിൽപത്രത്തിന് പുറമേ പാർട്ടിയുടെ നടത്തിപ്പിന് വേണ്ടിയുണ്ടാക്കി ട്രസ്റ്റിലും പിൻഗാമി മകനായിരിക്കുമെന്ന് അച്ഛൻ എഴുതി വച്ചിട്ടുണ്ടെന്നും ഗണേശ് പറയുന്നു.

വിൽപത്രത്തിൽ പറയുന്നത്

മൂന്നു മക്കൾക്കും, രണ്ട് ചെറുമക്കൾക്കും ബാലകൃഷ്ണപിള്ള ചാരിറ്റബിൾ ട്രസ്റ്റിനും സ്വത്തു വീതിച്ചു നൽകിയാണു വിൽപത്രം തയാറാക്കിയിട്ടുള്ളത്. 2020 ഓഗസ്റ്റ് 9 ന് പിള്ള സ്വന്തം ഇഷ്ടപ്രകാരമാണ് ഇതു ചെയ്തതെന്നും ബാഹ്യ ഇടപെടൽ ഉണ്ടായിട്ടില്ലെന്നും വിൽപത്രം തയാറാക്കിയതിനു നേതൃത്വം നൽകിയ കേരള കോൺഗ്രസ്(ബി) മണ്ഡലം പ്രസിഡന്റ് കെ.പ്രഭാകരൻ നായർ വ്യക്തമാക്കിയിരുന്നു.

എംസി റോഡിൽ ആയൂരിനു സമീപം 15 ഏക്കർ റബർത്തോട്ടം മൂത്തമകൾ ഉഷ മോഹൻദാസിന് അവകാശപ്പെട്ടതാണെന്നു വിൽപത്രത്തിലുണ്ട്. വാളകം പാനൂർകോണത്ത് 5 ഏക്കർ സ്ഥലം ഉഷയുടെ മക്കളായ ദേവിക്കും കാർത്തികയ്ക്കുമാണ്. കൊട്ടാരക്കര കീഴൂട്ട് വീട് ഉൾപ്പെട്ട 15 സെന്റും പൊലിക്കോട്ടെ രണ്ടര ഏക്കറും രണ്ടാമത്തെ മകൾ ബിന്ദുവിനും വാളകത്തെ വീടും സ്‌കൂളുകളും ഉൾപ്പെടുന്ന 5 ഏക്കർ ഗണേശ്കുമാറിനും അവകാശപ്പെട്ടതാണ്. ഈ സ്‌കൂളും വീടും ഗണേശിന് നൽകിയതാണ് പ്രശ്‌നത്തിന് കാരണം.

ഇടമുളയ്ക്കൽ മാർത്താണ്ടംകര സ്‌കൂളും കൊട്ടാരക്കര കീഴൂട്ട് വീട്ടിലെ 12 സെന്റും ആനയും കൊടൈക്കനാലിലെ ഫ്‌ളാറ്റും ഗണേശിനാണെന്നുമുണ്ട്. ബാലകൃഷ്ണ പിള്ളയുടെ മരണശേഷം ഗണേശാണു സ്‌കൂൾ മാനേജരെന്നും വിൽപത്രത്തിൽ പറയുന്നു. വാളകം ബിഎഡ് സെന്റർ, കൊട്ടാരക്കരയിലെയും തിരുവനന്തപുരത്തെയും പാർട്ടി ഓഫിസുകൾ എന്നിവ ട്രസ്റ്റിന്റെ പേരിലാണ്. പാർട്ടി ചെയർമാനാണു ട്രസ്റ്റിന്റെയും ചെയർമാൻ. അതുകൊണ്ട് തന്നെ ഇതും ഫലത്തിൽ ഗണേശ് കുമാറിനുള്ളതാണ്. അതായത് കൂടുതലും ഗണേശിലേക്ക് ചെന്നു ചേർന്നു. ഇതിനെയാണ് ഉഷ എതിർക്കുന്നത്.

2017ൽ തയാറാക്കി 2 വർഷം രജിസ്റ്റ്രാർ ഓഫിസിൽ സൂക്ഷിച്ചിരുന്ന വിൽപത്രം റദ്ദാക്കിയാണ് ബാലകൃഷ്ണപിള്ള രണ്ടാമത്തേതു തയാറാക്കിയത്. ആദ്യത്തേതിൽ ഗണേശ്കുമാറിനു കാര്യമായ പരിഗണന കിട്ടിയിരുന്നില്ലെന്നു പ്രഭാകരൻ നായർ പറയുന്നു. പിന്നീട് ഗണേശ് സ്ഥലത്തില്ലാത്ത ദിവസം പിള്ളയുടെ നിർദ്ദേശപ്രകാരം മാറ്റിയെഴുതുകയായിരുന്നു. മറ്റു മക്കൾക്കും ഇതെക്കുറിച്ച് അറിവില്ലായിരുന്നു. ആധാരം എഴുതിയ മധുസൂദനൻ പിള്ളയും താനുമായിരുന്നു സാക്ഷികളെന്നും പ്രഭാകരൻ നായർ പറഞ്ഞു.

ഗണേശ് കുമാറിന്റെ ആദ്യ വിവാഹ മോചനവുമായി ബന്ധപ്പെട്ട് അച്ഛനും മകനും തമ്മിൽ ചില്ലറ പ്രശ്നമുണ്ടായിരുന്നു. ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ നിന്ന് ഗണേശിന് പുറത്തു പോകേണ്ടിയും വന്നു. അച്ഛനും മകനും തമ്മിലെ ഭിന്നത അന്ന് കേരള രാഷ്ട്രീയവും ഏറെ ചർച്ച ചെയ്തു. വിവാഹ മോചനത്തിന് വേണ്ടി ചില കരാറുകൾ പിള്ളയും അംഗീകരിച്ചു. അച്ഛനും മകനും രണ്ടു വഴിക്കായി യാത്ര. അന്നെല്ലാം അനന്തരവനായിരുന്ന ശരണ്യാ മനോജായിരുന്നു പിള്ളയ്ക്കൊപ്പം. പിന്നീട് മനോജും പിള്ളയും അകന്നു. മനോജ് കോൺഗ്രസിൽ പോലും ചേർന്നു. ഇതോടെ വീണ്ടും അച്ഛനും മകനും അടുക്കുകയായിരുന്നു. മകനുമായി പിണക്കമുണ്ടായിരുന്നപ്പോഴായിരുന്നു ആദ്യ വിൽപത്രം എഴുതിയത്.

പിള്ളയുടെ ഭാര്യ മരിച്ചതോടെ വാളകത്തെ വീട്ടിൽ സ്ഥിരമായി തന്നെ ഗണേശ് താമസിക്കുകയും ചെയ്തു. അച്ഛന്റെ കാര്യങ്ങളെല്ലാം നോക്കുകയും ചെയ്തു. ഇതോടെ മകനോട് അച്ഛന് കൂടുതൽ താൽപ്പര്യം വന്നു. അങ്ങനെ ആദ്യ വിൽപത്രം റദ്ദാക്കി പുതിയത് എഴുതുകയും ചെയ്തു. ഇക്കാര്യം മറ്റ് മക്കളൊന്നും അറിഞ്ഞതുമില്ല. വാളകത്തെ വീടടക്കം ഗണേശിന് പിള്ള നൽകിയെന്നാണ് സൂചന. പിള്ളയുടെ മരണ ശേഷം പുതിയ വിൽപത്രം ചർച്ചയായി. ഇതോടെയാണ് മൂത്തമകളായ തനിക്കുണ്ടായ നഷ്ടം ഉഷാ മോഹൻദാസ് തിരിച്ചറിയുന്നത്.

പിള്ളയുടെ നിയന്ത്രണത്തിലുണ്ടായിരുന്ന സ്‌കൂൾ അടക്കം പുതിയ വിൽപത്രത്തിൽ ഗണേശിന് നൽകിയതാണ് പ്രകോപന കാരണം. മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയായ ടി ബാലകൃഷ്ണന്റെ ഭാര്യ ബിന്ദുവും പിള്ളയുടെ മകളാണ്. ഇവർ തൽക്കാലം പരസ്യമായി പരാതിയൊന്നും പറയുന്നില്ല. കേന്ദ്ര ഷിപ്പിങ് സെക്രട്ടറി പദം വരെ വഹിച്ച വിരമിച്ച ഐഎഎസുകാരനായ മോഹൻദാസാണ് ഉഷയുടെ ഭർത്താവ്.

LEAVE A REPLY

Please enter your comment!
Please enter your name here