34ാം വയസില്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് പൊള്ളാര്‍ഡ് വിരമിക്കല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഞെട്ടല്‍ പങ്കുവെച്ച് വിന്‍ഡിസ് താരം ക്രിസ് ഗെയ്ല്‍

0

മുംബൈ: 34ാം വയസില്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് പൊള്ളാര്‍ഡ് വിരമിക്കല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഞെട്ടല്‍ പങ്കുവെച്ച് വിന്‍ഡിസ് താരം ക്രിസ് ഗെയ്ല്‍. പൊള്ളാര്‍ഡിന്റെ അപ്രതീക്ഷിത പ്രഖ്യാപനത്തിന് പിന്നാലെ കളിക്കാരും ആരാധകരും താരത്തെ അഭിനന്ദിക്കുമ്പോഴാണ് ഗെയ്‌ലിന്റെ വാക്കുകള്‍. 

എന്നെക്കാള്‍ മുന്‍പേ നീ വിരമിച്ചു എന്നത് വിശ്വസിക്കാനാവുന്നില്ല. എന്തായാലും അഭിനന്ദനങ്ങള്‍. നിനക്കൊപ്പം കളിക്കാനായതില്‍ സന്തോഷം എന്നാണ് ഗെയ്ല്‍ ട്വിറ്ററില്‍ കുറിച്ചത്. പവര്‍ ഹിറ്റിങ്ങിലെ നിപുണന്‍. ടീം മാന്‍. നല്ല സുഹൃത്ത്. മികച്ചൊരു രാജ്യാന്തര ക്രിക്കറ്റ് കെട്ടിപ്പടുത്തതിന് അഭിനന്ദനങ്ങള്‍ എന്നാണ് മുംബൈ ഇന്ത്യന്‍സിലെ സഹതാരം ബുമ്ര കുറിച്ചത്. 

വെസ്റ്റ് ഇന്‍ഡീസിന്റെ 2012ലെ ട്വന്റി20 ലോക കിരീടം നേടിയ ടീമിലെ അംഗമാണ് വെടിക്കെട്ട് ബാറ്ററായ പൊള്ളാര്‍ഡ്. 2007 ലോകകപ്പിലാണ് പൊള്ളാര്‍ഡ് വിന്‍ഡിസിനായി അരങ്ങേറ്റം കുറിക്കുന്നത്. 123 ഏകദിനം കളിച്ച പൊള്ളാര്‍ഡ് 55 വിക്കറ്റും 2706 റണ്‍സും നേടി. 

101 ട്വന്റി20 മത്സരങ്ങളാണ് പൊള്ളാര്‍ഡ് വിന്‍ഡിസിനായി കളിച്ചത്. 1569 റണ്‍സും 42 വിക്കറ്റും നേടി. 99 സിക്‌സുകളും പൊള്ളാര്‍ഡിന്റെ ബാറ്റില്‍ നിന്ന് പറന്നു. കഴിഞ്ഞ വര്‍ഷം ട്വന്റി20യില്‍ ഓരോവറിലെ ആറ് പന്തും സിക്‌സ് പറത്തിയും പൊള്ളാര്‍ഡ് റെക്കോര്‍ഡിട്ടിരുന്നു.

Leave a Reply