20,000 കോടി രൂപയുടെ വിവിധ വികസനപദ്ധതികൾക്കു തുടക്കമിടാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു ജമ്മു കശ്മീരിലെത്തും

0

ന്യൂഡൽഹി ∙ 20,000 കോടി രൂപയുടെ വിവിധ വികസനപദ്ധതികൾക്കു തുടക്കമിടാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു ജമ്മു കശ്മീരിലെത്തും. 2019 ഓഗസ്റ്റിൽ കശ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കിയശേഷം ആദ്യമായാണ് മോദി ഇവിടെ സന്ദർശനത്തിനെത്തുന്നത്.

വെള്ളിയാഴ്ച ഭീകരരുമായി ഏറ്റുമുട്ടൽ നടക്കുകയും ഒരു സൈനികൻ വീരമൃത്യു പ്രാപിക്കുകയും ചെയ്ത പശ്ചാത്തലത്തിൽ കനത്ത സുരക്ഷയിലാണ് ജമ്മു. നഗരത്തിൽ നിന്ന് 17 കിലോമീറ്റർ അകലെയാണ് ചടങ്ങ് നടക്കുന്നത്. ഇവിടം പൊലീസ്, ബിഎസ്എഫ്, സിആർപിഎഫ് എന്നിവയുടെ വലയത്തിലാണ്. മോദിയുടെ സന്ദർശനത്തിനു 2 ദിവസം മുൻപുള്ള ഏറ്റുമുട്ടൽ വലിയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് ഡിജിപി ദിൽബാഗ് സിങ് പറഞ്ഞിരുന്നു.

3,100 കോടി രൂപ മുതൽമുടക്കിൽ നിർമിച്ച 8.45 കിലോമീറ്റർ നീളമുള്ള ബനിഹൽ–ഖാസിഗുണ്ട് ടണൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ടണൽ വരുന്നതോടെ യാത്രാസമയം ഒന്നരമണിക്കൂറോളം കുറയും.

പഞ്ചായത്തിരാജ് ദിനവുമായി ബന്ധപ്പെട്ട പരിപാടിയിൽ പങ്കെടുത്ത് രാജ്യമെങ്ങുമുള്ള ഗ്രാമസഭകളെ മോദി അഭിസംബോധന ചെയ്യും. ഡൽഹി–അമൃത്‌സർ–കട്ര എക്സ്പ്രസ്‍വേയ്ക്കു തറക്കല്ലിടും. ജലസ്രോതസ്സുകളെ പുനരുജ്ജീവിപ്പിക്കാനുള്ള അമൃത് സരോവർ പദ്ധതിയുടെ ഉദ്ഘാടനവും നിർവഹിക്കും. വൈകുന്നേരം മുംബൈയിലെത്തുന്ന മോദി പ്രഥമ ലത മങ്കേഷ്കർ പുരസ്കാരം ഏറ്റുവാങ്ങും.

പാക്ക് ഭീകരനടക്കം 2 പേരെ വധിച്ചു

ശ്രീനഗർ ∙ ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ പാക്കിസ്ഥാൻകാരനായ ജയ്ഷെ മുഹമ്മദ് അനുയായി അടക്കം 2 ഭീകരരെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. ഒളിത്താവളം വളഞ്ഞ സേനയുടെ നേരെ ഭീകരർ വെടിവച്ചതിനെ തുടർന്നായിരുന്നു ഏറ്റുമുട്ടൽ.

LEAVE A REPLY

Please enter your comment!
Please enter your name here