പാലക്കാട്ടെ ഇരട്ടക്കൊല; ‘പൊലീസിന്റെ വീഴ്ച തുറന്നുകാട്ടും’; സർക്കാർ വിളിച്ച സർവ്വകക്ഷി യോഗത്തിൽ പങ്കെടുക്കുമെന്ന് ബിജെപി

0

പാലക്കാട്: പാലക്കാട് ഇരട്ടക്കൊലയുടെ പശ്ചാത്തലത്തിൽ സർക്കാർ വിളിച്ച സർവ്വകക്ഷി യോഗത്തിൽ ബിജെപി പങ്കെടുക്കും. സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ, ജില്ലാ അധ്യക്ഷൻ കെ എം ഹരിദാസ് എന്നിവരാണ് യോഗത്തിൽ പങ്കെടുക്കുക. നാളെ ജില്ലാ കളക്ടറേറ്റിലാണ് യോഗം.

പോപ്പുലർ ഫ്രണ്ട് സർവ്വകക്ഷി യോഗത്തതിൽ പങ്കെടുക്കുമെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. എന്നാൽ, ബിജെപി തീരുമാനമെടുത്തിരുന്നില്ല. നാളെ വൈകിട്ട് മൂന്നിന് മന്ത്രി കെ. കൃഷ്ണൻ കുട്ടിയുടെ അധ്യക്ഷതയിലാണ് യോഗം. വേണ്ടിവന്നാൽ അക്രമികളെ അടിച്ചമർത്താൻ പൊലീസിന് നിർദ്ദേശം നൽകിയതായി മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു.

ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ രണ്ട് രാഷ്ട്രീയകൊലപാതകങ്ങളാണ് പാലക്കാട് നടന്നത്. നിരോധനാജ്ഞ പ്രഖ്യാപിച്ചും കൂടുതൽ പൊലീസ് വിന്യാസം നടത്തിയും ക്രമസമാധാന നില പുനസ്ഥാപിക്കാനുള്ള ശ്രമം തുടരുന്നതിനിടെയാണ് സർവ്വകക്ഷി യോഗം വിളിച്ച് സംഘർഷത്തിന് അയവ് വരുത്താനുള്ള സർക്കാർ നീക്കം. എന്നാൽ അക്രമികളോട് എന്ത് ചർച്ച ചെയ്യാനാണെന്നായിരുന്നു യോ​ഗത്തെക്കുറിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻറെ പ്രതികരണം. പൊലീസിൻറെ കൈയ്യിൽ വിലങ്ങിട്ടിരിക്കുകയാണെന്ന വിമർശനവും ബിജെപി ഉയർത്തി. ഇതോടെ ബിജെപി യോ​ഗത്തിൽ പങ്കെടുക്കുമോ എന്ന് സംശയമുയർന്നിരുന്നു.

അതിനിടെ ആർ എസ് എസ് പ്രവർത്തകൻ ശ്രീനിവാസന്റെ മൃതദേഹം സംസ്കരിച്ചു. ഉച്ചയോടെ പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയാക്കി വിലാപയാത്രയായി മൂത്താന്തറ കർണകിയമ്മൻ സ്‌കൂളിൽ എത്തിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷനടക്കം വിലാപയാത്രയിൽ പങ്കെടുത്തു. വീട്ടിലെത്തിച്ച് അന്തിമോപചാര ചടങ്ങുകൾ പൂർത്തിയാക്കി കറുകോടി മൂത്താൻ സമുദായ ശ്‌മശാനത്തിൽ സംസ്കാര ചടങ്ങുകൾ നടന്നു.

അതേസമയം, ഇരട്ട കൊലപാതകം നടന്ന് ഇരുപത്തിനാല് മണിക്കൂ‍‍ർ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാൻ പോലീസിന് കഴിഞ്ഞിട്ടില്ല. കസ്റ്റഡിയിലുള്ളവർ കുറ്റകൃത്യത്തിൽ നേരിട്ട് പങ്കാളികളാണോ എന്ന് ഉറപ്പാക്കാൻ കഴിയാത്തതാണ് അറസ്റ്റ് വൈകാൻ കാരണം. കൊലപാതകത്തിന് പിറകിൽ ആസൂത്രിക ഗൂഢാലോചനയുണ്ടെന്നും കൊന്നവരെയും സൂത്രധാരൻമാരെയും പിടികൂടുമെന്നും അന്വേഷണ സംഘത്തിൻറെ മേൽനോട്ട ചുമതലയുള്ള വിജയ് സാഖറെ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here