അച്ചടക്കലംഘനം; നിതീഷ് റാണയ്‌ക്കും ജസ്‌പ്രീത് ബുമ്രക്കും മുട്ടന്‍ പണികിട്ടി

0

പുനെ: ഐപിഎല്ലില്‍ അച്ചടക്കലംഘനത്തിന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ബാറ്റര്‍ നിതീഷ് റാണയ്‌ക്ക് മാച്ച് ഫീയുടെ 10 ശതമാനം പിഴയും മുംബൈ ഇന്ത്യന്‍സ് പേസര്‍ ജസ്‌പ്രീത് ബുമ്രക്ക് താക്കീതും. ഇന്നലെ മഹാരാഷ്‌ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മുംബൈ ഇന്ത്യന്‍സ്-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരത്തില്‍ ഇരുവരും കളിച്ചിരുന്നു.

ഐപിഎല്‍ നിയമാവലിയിലെ ലെവല്‍ 1 കുറ്റം റാണ ചെയ്‌തു എന്നാണ് കണ്ടെത്തല്‍. ബുമ്രയും ലെവല്‍ 1 കുറ്റമാണ് ചെയ്‌തെതെങ്കിലും പിഴ ശിക്ഷയില്‍ നിന്ന് രക്ഷപ്പെട്ടു. എന്നാല്‍ ഇരുവരും ചെയ്‌ത കുറ്റമെന്താണ് എന്ന് ഐപിഎല്ലിന്‍റെ വാര്‍ത്താക്കുറിപ്പില്‍ വിശദമാക്കുന്നില്ല. മത്സരത്തില്‍ റാണ ഏഴ് പന്തില്‍ എട്ട് റണ്‍സെടുത്ത് പുറത്തായപ്പോള്‍ മൂന്ന് ഓവര്‍ പന്തെറിഞ്ഞ ബുമ്രക്ക് വിക്കറ്റൊന്നും നേടാനായിരുന്നില്ല. 26 റണ്‍സാണ് ബുമ്ര വിട്ടുകൊടുത്തത്.

മത്സരത്തില്‍ പാറ്റ് കമ്മിന്‍സ് വെടിക്കെട്ടില്‍ കൊല്‍ക്കത്ത അഞ്ച് വിക്കറ്റിന് വിജയിച്ചിരുന്നു. 15-ാം ഓവറില്‍ സാക്ഷാല്‍ ജസ്‌പ്രീത് ബുമ്രയെ ഫോറിനും സിക്‌സറിനും പറത്തിയാണ് പാറ്റ് കമ്മിന്‍സ് വരവറിയിച്ചത്. ഈ ഓവറില്‍ അയ്യരും കമ്മിന്‍സും കൂടി 12 റണ്‍സ് നേടി. 16-ാം ഓവറില്‍ ഓസീസ് സഹതാരം ഡാനിയേല്‍ സാംസിനെതിരെ സംഹാരരൂപം പൂണ്ടു കമ്മിന്‍സ്. നാല് സിക്‌സറും രണ്ട് ഫോറും ഉള്‍പ്പടെ 35 റണ്‍സ് ഈ ഓവറില്‍ കമ്മിന്‍സ് അടിച്ചുകൂട്ടി. സാംസിന്‍റെ അവസാന പന്ത് ഗാലറിയിലെത്തിച്ച് കൊല്‍ക്കത്തയ്‌ക്ക് അഞ്ച് വിക്കറ്റിന്‍റെ ത്രസിപ്പിക്കുന്ന ജയം കമ്മിന്‍സ് സമ്മാനിക്കുകയായിരുന്നു.

കളിയവസാനിക്കുമ്പോള്‍ കമ്മിന്‍സ് 15 പന്തില്‍ ആറ് സിക്‌സറും നാല് ഫോറും സഹിതം പുറത്താകാതെ 56 റണ്‍സുമായി അജയ്യനായി ക്രീസില്‍ നിന്നു. 41 പന്തിൽ പുറത്താകാതെ 50 റൺസുമായി വെങ്കിടേഷ് അയ്യരും ടീമിന്‍റെ ജയത്തിൽ നിർണായകമായി.

LEAVE A REPLY

Please enter your comment!
Please enter your name here