ഭീഷണിയായി ‘കെജിഎഫ് 2’, ‘മാസ്റ്റര്‍’; റിലീസ് അഞ്ചാമതും നീട്ടി ഷാഹിദ് കപൂറിന്‍റെ ‘ജേഴ്സി’

0

തെന്നിന്ത്യന്‍ ചിത്രങ്ങളുടെ ഇന്ത്യയൊട്ടാകെയുള്ള വിപണി വളര്‍ത്തുന്നതില്‍ ഒരു നാഴികക്കല്ല് ആയിരുന്നു എസ് എസ് രാജമൗലിയുടെ ബാഹുബലി. ഒരു ബോളിവുഡ് ഇതര ചിത്രത്തിന് രാജ്യത്തിനകത്തും പുറത്തും ഇത്രയും വിപണന സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ സിനിമാ വ്യവസായത്തെ ബോധ്യപ്പെടുത്തിയത് ബാഹുബലിയാണ്. പിന്നാലെയെത്തിയ ബാഹുബലി 2, കെജിഎഫ്, പുഷ്‍പ, രാജമൗലിയുടെ തന്നെ ആര്‍ആര്‍ആര്‍ എന്നീ ചിത്രങ്ങള്‍ ബാഹുബലി 1ന്‍റെ വിജയം ഒരു ഒറ്റത്തവണ വിജയം ആയിരുന്നില്ലെന്ന് തെളിയിച്ചു. അതിനാല്‍ത്തന്നെ തെന്നിന്ത്യന്‍ ബിഗ് പ്രോജക്റ്റുകളെ ബോളിവുഡ് നിലവില്‍ ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നത്. ബോളിവുഡ് ചിത്രങ്ങളുടെ റിലീസ് തീയതികള്‍ തീരുമാനിക്കേണ്ടി വരുമ്പോള്‍ പ്രധാന തെന്നിന്ത്യന്‍ റിലീസുകള്‍ ആ സമയത്ത് എത്തുന്നുണ്ടോ എന്നത് ഗൗരവത്തിലെടുക്കാന്‍ അവിടുത്തെ നിര്‍മ്മാതാക്കള്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. ഇപ്പോഴിതാ മറ്റൊരു ബോളിവുഡ് ചിത്രം കൂടി അക്കാരണത്താല്‍ റിലീസ് നീട്ടിവച്ചിരിക്കുകയാണ്. ഷാഹിദ് കപൂര്‍ നായകനായ സ്പോര്‍ട്സ് ഡ്രാമ ചിത്രം ജേഴ്സിയാണ് നിലവിലെ റിലീസ് തീയതി നീട്ടിയിരിക്കുന്നത്. ഇത് അഞ്ചാമത്തെ തവണയാണ് ഈ ചിത്രത്തിന്‍റെ റിലീസ് മാറ്റിവെക്കുന്നത്.

ഏപ്രില്‍ 14ന് തിയറ്ററുകളില്‍ എത്തേണ്ടിയിരുന്ന ചിത്രം ഏപ്രില്‍ 22ലേക്കാണ് മാറ്റിയിരിക്കുന്നത്. ഇതിന്‍റെ കാരണം നിര്‍മ്മാതാക്കള്‍ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും രണ്ട് പ്രധാന തെന്നിന്ത്യന്‍ റിലീസുകളുമായി ഉണ്ടാവുന്ന മത്സരം ഒഴിവാക്കാനാണ് ഇതെന്നാണ് സിനിമാലോകത്തിന്‍റെ നിരീക്ഷണം. ഇന്ത്യ മുഴുവന്‍ കാത്തിരിപ്പ് ഉയര്‍ത്തിയ കന്നഡ ചിത്രം കെജിഎഫ് 2 ന്‍റെ റിലീസ് തീയതി ഏപ്രില്‍ 14ന് ആണ്. വിജയ് നായകാവുന്ന തമിഴ് ചിത്രം ബീസ്റ്റിന്‍റെ റിലീസ് തൊട്ടു തലേദിവസവുമാണ്, ഏപ്രില്‍ 13ന്. തെന്നിന്ത്യന്‍ ചിത്രങ്ങളുടെ ഹിന്ദി പതിപ്പുകള്‍ സമീപകാലത്ത് മികച്ച ബോക്സ് ഓഫീസ് വിജയം നേടുന്നുണ്ട്. പുഷ്‍പ, വലിമൈ, ആര്‍ആര്‍ആര്‍ എന്നിവയുടെ ഹിന്ദി പതിപ്പുകളൊക്കെ ഇത്തരത്തില്‍ മികച്ച വിജയം നേടിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here