കേരളത്തിന് ആവശ്യമുള്ള വികസന പദ്ധതി’, സിൽവർ ലൈനിന് യെച്ചൂരിയുടെ പൂർണ പിന്തുണ

0

കണ്ണൂർ : എൽഡിഎഫ് സർക്കാരിന്റെ സ്വപ്ന പദ്ധതിയായ സിൽവർ ലൈനിന് സിപിഐ എം ജനറൽ സെകട്ടറി സിതാറാം യെച്ചൂരിയുടെ പൂർണ്ണ പിന്തുണ. കേരളത്തിന് ആവശ്യമായ വികസന പദ്ധതിയാണ് സിൽവർലൈനെന്ന് യെച്ചൂരി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇടത് സർക്കാരിന് താൽപ്പര്യമുള്ള പദ്ധതി മാത്രമല്ല സിൽവർ ലൈൻ. കേരളത്തിന്റെ വികസനങ്ങൾക്ക് ആവശ്യമായ പദ്ധതി കൂടിയാണ്. കേരളാ വികസനമാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യം. സിൽവർലൈൻ അതിനാവശ്യമായ പദ്ധതിയാണ്.

കേരളത്തിന്റെ സിൽവർ ലൈൻ പദ്ധതിയേയും മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൽ പദ്ധതിയേയും തമ്മിൽ താരതമ്യപ്പെടുത്തരുതെന്നും യെച്ചൂരി അഭ്യർത്ഥിച്ചു. രണ്ട് പദ്ധതികളുടേയും സാഹചര്യം വ്യത്യസ്തമാണെന്നാണ് സിപിഎം ജനറൽ സെക്രട്ടറി നൽകുന്ന വിശദീകരണം. ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ഭൂമിയേറ്റെടുക്കൽ വ്യവസ്ഥയിലാണ് എതിർപ്പുയർത്തിയതെന്നും കെ റെയിൽ പദ്ധതിയുടെ ഭൂമിയേറ്റെടുക്കൽ വ്യവസ്ഥകൾ തീരുമാനിക്കുന്നതേയുള്ളൂവെന്നും യെച്ചൂരി വിശദീകരിച്ചു. നിലവിൽ സർവേ മാത്രമാണ് നടക്കുന്നതെന്നും മറ്റെല്ലാം പിന്നീടാണെന്നും യെച്ചൂരി ആവർത്തിച്ചു.

ഇടത് ജനാധിപത്യ ബദൽ രാജ്യത്ത് സാധ്യമാക്കാനാണ് ശ്രമമെന്ന് യെച്ചൂരി വിശദീകരിച്ചു. രാജ്യത്ത് സിപിഎമ്മിന്റെ വർഗ ബഹുജന സംഘടനകളുടെ ഭാഗമായി തൊഴിലാളികളും അങ്കൺവാടി ജീവനക്കാരും കർഷകരുമെല്ലാം ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധിക്കുന്നുണ്ട്. എന്നാൽ ഇതെല്ലാം വർഗീയ വിഷയങ്ങൾ ഉയർത്തി ഹൈജാക്ക് ചെയ്യുകയാണ്. അതിനാണ് ഹിജാബ് പോലുള്ള വിഷയങ്ങൾ ഉയർത്തിക്കൊണ്ടുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here