ആരോഗ്യ വകുപ്പും വന്‍ പരാജയയെന്ന്‌ സര്‍ക്കാര്‍ വിലയിരുത്തല്‍?

0

തിരുവനന്തപുരം : ആരോഗ്യ വകുപ്പും വന്‍ പരാജയയെന്ന്‌ സര്‍ക്കാര്‍ വിലയിരുത്തല്‍?. സ്വന്തംവകുപ്പ്‌ വന്‍ തോല്‍വിയാണെന്നു വകുപ്പ്‌ ഉന്നതന്‍തന്നെ പറഞ്ഞതോടെയാണ്‌ ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത്‌ ഏറെ ഖ്യാതിനേടിയ ആരോഗ്യവകുപ്പിന്റെ ഇപ്പോഴത്തെ ദയനീയ മുഖം പുറത്തായത്‌.
പുതിയ സാമ്പത്തിക വര്‍ഷത്തിന്റെ പശ്‌ചാത്തലത്തില്‍ സാമ്പത്തിക അച്ചടക്കം അടക്കം പാലിക്കുന്നില്‍ വകുപ്പ്‌ ശ്രദ്ധ പുലര്‍ത്തണമെന്നും വകുപ്പിലെ കാര്യങ്ങള്‍ നേരാംവണ്ണം മുന്നോട്ടുപോകാന്‍ വേണ്ടി പരിശ്രമിക്കണമെന്നും കാണിച്ച്‌ ആരോഗ്യ വകുപ്പ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജന്‍ ഖൊബ്രഗഡെ വകുപ്പ്‌ ഡയറക്‌ടര്‍മാര്‍ക്കും ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും അയച്ച കത്താണ്‌ സ്വന്തം വകുപ്പിനെ പ്രതിരോധത്തിലാക്കുന്നത്‌.
സി.പി.എം. ജില്ലാ സമ്മേളനങ്ങളില്‍ ഏറ്റവും അധികം വിമര്‍ശനം നേരിടേണ്ടി വന്നതിനു പിന്നാലെയാണ്‌ ആരോഗ്യ വകുപ്പില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുന്നുവെന്നു വകുപ്പ്‌ ഉന്നതന്റെ തന്നെ ഏറ്റുപറച്ചില്‍ ഉണ്ടായിരിക്കുന്നത്‌. വകുപ്പിലെ ഭരണതലത്തില്‍ തുടര്‍ന്നുപോരുന്ന അലംഭാവങ്ങളെക്കുറിച്ചാണ്‌ കത്തില്‍ പരാമര്‍ശിക്കുന്നത്‌. പ്രകടനം കൊണ്ട്‌ സംസ്‌ഥാനത്തെ ഏറ്റവും മോശം വകുപ്പാണ്‌ ആരോഗ്യ വകുപ്പെന്ന വിമര്‍ശനമാണ്‌ ചീഫ്‌ സെക്രട്ടറി ഉന്നയിച്ചത്‌ എന്നാണ്‌ രാജന്‍ ഖൊബ്രഗഡെ കത്തില്‍ പറയുന്നത്‌. സംസ്‌ഥാന തല യോഗത്തില്‍ ഇത്തരം വിമര്‍ശനം ഉയര്‍ന്നുവെന്നും ചീഫ്‌ സെക്രട്ടറി വകുപ്പിന്റെ പ്രവര്‍ത്തനത്തില്‍ കടുത്ത അതൃപ്‌തി രേഖപ്പെടുത്തിയെന്നും കത്തിലൂടെ രാജന്‍ ഖൊബ്രഗഡെ മറ്റ്‌ ഉദ്യോഗസ്‌ഥരെ അറിയിക്കുന്നു. വകുപ്പിലെ ഭരണപരമായ വീഴ്‌ചകള്‍ കൊണ്ട്‌ സര്‍ക്കാരിനുണ്ടായ നഷ്‌ടങ്ങള്‍ എണ്ണിപ്പറഞ്ഞു കൊണ്ടുള്ള കത്തില്‍ ഭരണമികവ്‌ തെളിയിക്കാന്‍ വകുപ്പു മേധാവിമാരും സ്‌ഥാപന മേധാവിമാരും പരമാവധി ശ്രദ്ധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്‌.
ഓണ്‍ലൈന്‍ സ്‌ഥലംമാറ്റവും സ്‌ഥാനക്കയറ്റം അടക്കമുള്ള കാര്യങ്ങളിലും കൂടുതല്‍ ശ്രദ്ധ വേണമെന്നും പല ഉദ്യോഗസ്‌ഥരും സ്വന്തം കടമ നിര്‍വഹിക്കുന്നതില്‍ വീഴ്‌ച വരുത്തുന്നുവെന്നും പ്രിന്‍സിപ്പല്‍ സെക്രട്ടറി പറയുന്നു. അച്ചടക്ക നടപടി, സീനിയോറിറ്റി പട്ടിക, അവധി ക്രമപ്പെടുത്തല്‍, സീനിയോറിറ്റി പട്ടിക ഇത്തരം ഭരണപരമായ കാര്യങ്ങളിലാണ്‌ കൂടുതല്‍ ശ്രദ്ധ വേണമെന്ന ആവശ്യം ശക്‌തമായി ഉയരുന്നത്‌. വകുപ്പുമായി ബന്ധപ്പെട്ടുള്ള കേസുകളുടെ നടത്തിപ്പില്‍ അടക്കം വീഴ്‌്ചകള്‍ വരുത്തുന്നു എന്ന വിമര്‍ശനവും കത്തിലുണ്ട്‌. 30-40 വര്‍ഷം വരെ പഴക്കമുള്ള കേസുകളാണ്‌ കോടതിയില്‍ ഉള്ളത്‌. ഇത്തരം കേസുകള്‍ നേരത്ത തീര്‍പ്പാക്കേണ്ടതായിരുന്നു എന്നു സൂചിപ്പിക്കുയാണ്‌ രാജന്‍ ഖൊബ്രഗഡെ.
വകുപ്പിന്റെ സംസ്‌ഥാന, ജില്ലാ ഓഫീസുകളില്‍, ഇ ഓഫീസ്‌ സംവിധാനം ഉടന്‍ നടപ്പലാക്കണം, ജനസൗഹൃദ സേവനം ഉറപ്പാക്കണമെന്നും കത്തിലൂടെ അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്‌.
സി.പി.എം. പാര്‍ട്ടി കോണ്‍ഗ്രസ്‌ നടക്കുന്ന വേളയില്‍ ഏറ്റവും മോശം വകുപ്പെന്ന വിമര്‍ശനം ചീഫ്‌ സെക്രട്ടറി തന്നെ ഉയര്‍ത്തിയത്‌ ആരോഗ്യവകുപ്പിനും മന്ത്രി വീണ ജോര്‍ജിനും ക്ഷീണമായിട്ടുണ്ട്‌. കോവിഡ്‌ ബാധിച്ച്‌ മരിച്ചവരുടെ കണക്ക്‌ പൂഴ്‌ത്തിവെച്ചന്ന ആക്ഷേപം അടക്കം സര്‍ക്കാരിനെതിരേ ഉയര്‍ന്നിരുന്ന സാഹചര്യത്തില്‍ പാര്‍ട്ടി കോണ്‍ഗ്രസിനുശേഷം വകുപ്പില്‍ വന്‍ അഴിച്ചുപണിയുണ്ടാകുമെന്നു സൂചനയുണ്ട്‌.

LEAVE A REPLY

Please enter your comment!
Please enter your name here