ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക, രാഷ്‌ട്രീയപ്രതിസന്ധി നേരിടുന്ന ശ്രീലങ്കയില്‍ സ്വന്തം കുടുംബത്തില്‍നിന്നുതന്നെ ശുദ്ധികലശമാരംഭിച്ച്‌ പ്രസിഡന്റ്‌ ഗോട്ടബയ രാജപക്‌സെ

0

കൊളംബോ: ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക, രാഷ്‌ട്രീയപ്രതിസന്ധി നേരിടുന്ന ശ്രീലങ്കയില്‍ സ്വന്തം കുടുംബത്തില്‍നിന്നുതന്നെ ശുദ്ധികലശമാരംഭിച്ച്‌ പ്രസിഡന്റ്‌ ഗോട്ടബയ രാജപക്‌സെ. പ്രസിഡന്റിന്റെ സഹോദരന്‍ ബേസില്‍ രാജപക്‌സെയെ ധനമന്ത്രിസ്‌ഥാനത്തുനിന്നു നീക്കി. അലി സബ്‌രിയെ പുതിയ ധനമന്ത്രിയായി നിയമിച്ചു. മന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായാണു നടപടി. വിദേശകാര്യമന്ത്രിയായി ജി.എല്‍. പെരിസ്‌ തുടരും. വിദ്യാഭ്യാസ, ഹൈവേ മന്ത്രിമാരെയും നിലനിര്‍ത്തി.
പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെയുടെ മകന്‍ നമല്‍ രാജപക്‌സെ ഉള്‍പ്പെടെ 26 കാബിനറ്റ്‌ മന്ത്രിമാര്‍ കഴിഞ്ഞ ഞായറാഴ്‌ച രാജിവച്ചിരുന്നു. ഈ സാഹചര്യത്തില്‍, ഭരണപ്രതിസന്ധിയുണ്ടാകാതിരിക്കാന്‍ താത്‌കാലികസംവിധാനമെന്ന നിലയിലാണു നാലുമന്ത്രിമാരെ പ്രസിഡന്റ്‌ നിയമിച്ചത്‌. പ്രതിപക്ഷനേതാക്കളെക്കൂടി ഉള്‍പ്പെടുത്തി ഇടക്കാല സര്‍വകക്ഷിസര്‍ക്കാര്‍ രൂപീകരിക്കാനാണു ഗോട്ടബയയുടെ നീക്കം.
പുതിയ സര്‍ക്കാരില്‍ പങ്കാളികളായി, പ്രതിസന്ധിയില്‍നിന്നു രാജ്യത്തെ കരകയറ്റാന്‍ പ്രതിപക്ഷം മുന്നോട്ടുവരണമെന്നു പ്രസിഡന്റ്‌ അഭ്യര്‍ഥിച്ചു. എന്നാല്‍, ്രപതിപക്ഷം ഈ ക്ഷണം നിരസിച്ചു.
പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെയും രാജിവച്ചെന്നു റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന്റെ ഓഫീസ്‌ ഇക്കാര്യം നിഷേധിച്ചു. അതിനു പിന്നാലെയാണ്‌ നിര്‍ണായകവകുപ്പുകളില്‍ മന്ത്രിമാരെ നിയോഗിച്ച്‌ പ്രസിഡന്റ്‌ ഉത്തരവിറക്കിയത്‌. വിദേശനാണയക്ഷാമത്തേത്തുടര്‍ന്ന്‌ എണ്ണയും അവശ്യസാധനങ്ങളും ഉള്‍പ്പെടെ ഇറക്കുമതി ചെയ്യാന്‍ സര്‍ക്കാര്‍ പണിപ്പെടുന്നതിനിടെയാണു മന്ത്രിസഭാ പുനഃസംഘടന. രാജ്യാന്തര നാണയനിധി(ഐ.എം.എഫ്‌)യില്‍നിന്ന്‌ പ്രസിഡന്റ്‌ സഹായം തേടുന്നതിനാല്‍ സബ്‌രി ആയിരിക്കും തീരുമാനമെടുക്കുന്നവരില്‍ പ്രധാനി. മുന്‍സര്‍ക്കാരില്‍ നീതിവകുപ്പ്‌ മന്ത്രിയായിരുന്നു സബ്‌രി. ഐ.എം.എഫില്‍നിന്നു വായ്‌പ ലഭ്യമാക്കാനുള്ള നടപടികള്‍ക്കു സബ്‌രിയും പെരിസും മേല്‍നോട്ടം വഹിക്കും.

പഴയവീഞ്ഞ്‌, പുതിയകുപ്പി, കറുത്ത തിങ്കള്‍!

രാജ്യത്ത്‌ അടിയന്തരാവസ്‌ഥ ഏര്‍പ്പെടുത്തിയും ഒത്തുചേരലുകള്‍ വിലക്കിയും ഇന്റര്‍നെറ്റ്‌ നിയന്ത്രിച്ചും പ്രതിഷേധങ്ങള്‍ നേരിടുന്നതിനു പുറമേയാണു രാഷ്‌ട്രീയ അഴിച്ചുപണിക്കും പ്രസിഡന്റ്‌ ഗോട്ടബയ തയാറായത്‌. എന്നാല്‍, ഈ നീക്കങ്ങളെ വിമര്‍ശിച്ച്‌ സര്‍ക്കാരിലെ സഖ്യകക്ഷികള്‍തന്നെ രംഗത്തെത്തിയത്‌ അദ്ദേഹത്തിനു തിരിച്ചടിയായി. പഴയ വീഞ്ഞ്‌ പുതിയ കുപ്പിയില്‍ നിറച്ചതിനു തുല്യമാണു നാലുമന്ത്രിമാരുടെ നിയമനമെന്നു സഖ്യകക്ഷി നേതാക്കളിലൊരാള്‍ പരിഹസിച്ചു. തെരഞ്ഞെടുപ്പിലൂടെ പുതിയ സര്‍ക്കാര്‍ വരണമെന്ന സഖ്യകക്ഷികളുടെ ആവശ്യം പ്രതിപക്ഷത്തിനും ഊര്‍ജം പകരുന്നു.
കഴിഞ്ഞ ഞായറാഴ്‌ച കര്‍ഫ്യൂ ലംഘിച്ച ജനങ്ങള്‍ പലയിടത്തും പ്രതിഷേധധര്‍ണകള്‍ നടത്തുകയും പ്രസിഡന്റിന്റെ രാജി ആവശ്യപ്പെടുകയും െചയ്‌തിരുന്നു. സാമൂഹികമാധ്യമക്കൂട്ടായ്‌മകള്‍ ഇന്നലെ കറുത്ത തിങ്കള്‍ ആചരിക്കാന്‍ ആഹ്വാനം ചെയ്‌തു. നിയന്ത്രണങ്ങള്‍ അവഗണിച്ച്‌ ഇന്നലെയും ആയിരങ്ങള്‍ തെരുവിലിറങ്ങി.
രാജപക്‌സെ കുടുംബത്തിനെതിരേയായിരുന്നു ജനരോഷമത്രയും. കൊളംബോയില്‍ ഉള്‍പ്പെടെ വന്‍ പ്രതിഷേധ റാലിയും അരങ്ങേറി. പ്രസിഡന്റ്‌ ഗോട്ടബയയെ അധികാരത്തില്‍നിന്നു പുറത്താക്കുകയല്ല അഴിക്കുള്ളിലാക്കുകയാണു വേണ്ടതെന്ന മുദ്രാവാക്യം ഉയര്‍ത്തിയായിരുന്നു റാലി.
പലയിടത്തും പോലീസും പ്രതിഷേധക്കാരുമായി ഏറ്റുമുട്ടി. കണ്ണീര്‍ വാതകഷെല്ലുകള്‍ ഉള്‍പ്പെടെ പ്രയോഗിച്ച പോലീസ്‌ നിരവധി പേരെ അറസ്‌റ്റ്‌ ചെയ്‌തു. സാമൂഹിക മാധ്യമങ്ങളിലടക്കം രാജപക്‌സെ കുടുംബത്തിനെതിരേ വന്‍ പ്രചാരണമാണ്‌ അരങ്ങേറുന്നത്‌.

LEAVE A REPLY

Please enter your comment!
Please enter your name here