കുട എടുക്കാന്‍ മറക്കേണ്ട…ഇനി മഴ, ഇടിമിന്നല്‍ , കാറ്റ്‌

0

തിരുവനന്തപുരം : സംസ്‌ഥാനത്തു വരും ദിവസങ്ങളിലും മഴ തുടരുന്നതോടെ കൊടും ചൂടിനു ശമനമാകുമെന്ന്‌ പ്രതീക്ഷ. മഴ കനക്കുന്നതോടെ സംസ്‌ഥാനത്ത്‌ ഈ മാസം കടുത്ത ചൂട്‌ അനുഭവപ്പെടാന്‍ സാധ്യതയില്ല. അടുത്ത അഞ്ച്‌ ദിവസം ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട മഴ തുടര്‍ന്നേക്കാമെന്ന്‌ കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്‌ .
തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഇന്നലെ ഉച്ചയ്‌ക്ക്‌ ശേഷം ശക്‌തമായ മഴ ലഭിച്ചു. എറണാകുളം, തൃശൂര്‍, ഇടുക്കി ലോവര്‍ റേഞ്ചിലും ഇന്നു മഴ ശക്‌തമാകും. വടക്കന്‍ കേരളത്തില്‍ മഴ കുറവായിരിക്കും.
ഇന്ന്‌ ആന്‍ഡമാന്‍ കടലില്‍ ചക്രവാതച്ചുഴി രൂപപ്പെടും. പിന്നീട്‌ ഇത്‌ ന്യൂനമര്‍ദ്ദമായി മാറും. ഒറ്റപ്പെട്ട ശക്‌തമായ മഴയ്‌ക്കാണ്‌ സാധ്യത. 60 കി .മീ വരെ വേഗതയില്‍ കാറ്റിനും, ശക്‌തമായ ഇടിമിന്നലിനും സാധ്യത ഉണ്ട്‌. കടലില്‍ പോകുന്ന മത്സ്യതൊഴിലാളികള്‍ ജാഗ്രത പാലിക്കണം.
ബംഗാള്‍ ഉള്‍ക്കടലില്‍ കൊമാരിന്‍ ഭാഗത്ത്‌ നിന്നുള്ള ഈര്‍പ്പം കൂടിയ കാറ്റ്‌ അനുകൂലമായി വന്നതാണ്‌ ഇന്നലെ തെക്കന്‍ കേരളത്തിലെ അതിശക്‌തമായ മഴയ്‌ക്ക്‌ കാരണം.
ഉച്ചയ്‌ക്ക്‌ ശേഷം തുടങ്ങിയ മഴ മണിക്കൂറുകളോളം പെയ്‌തു. തിരുവനന്തപുരം നഗരത്തിലും മലയോര പ്രദേശങ്ങളിലും കനത്ത മഴ കിട്ടി. അരുവിക്കര ഡാമിന്റെ ഷട്ടര്‍ തുറന്നു. തിരുവനന്തപുരം കൊട്ടിയത്തറയില്‍ മരം വീണ്‌ വീടിന്റെ ഒരു ഭാഗം തകര്‍ന്നു. നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട്‌ മൂലം ഗതാഗതം തടസപ്പെട്ടു. മന്ത്രി ജി.ആര്‍.അനിലിന്റെ ഔദ്യോഗിക വീടിന്റെ വളപ്പില്‍ മരം ഒടിഞ്ഞ്‌ വീണു. എണ്‍പതോളം മരങ്ങള്‍ റോഡിലേയ്‌ക്ക്‌ കടപുഴകി വീണതു ഫയര്‍ഫോഴ്‌സ്‌ മുറിച്ചു മാറ്റി.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദം ശക്‌തമാകുകുയൂം മറ്റ്‌ ന്യൂനമര്‍ദ്ദങ്ങള്‍ രൂപപ്പെടുകയും ചെയ്‌താല്‍ മഴയുടെ തോത്‌ കൂടും. ദീര്‍ഘകാല ശരാശരിയുടെ 89 മുതല്‍ 111 ശതമാനം വരെ മഴ ലഭിക്കുമെന്നാണ്‌ വിലയിരുത്തല്‍. മാര്‍ച്ച്‌ ഒന്നു മുതല്‍ ഈ മാസം ഒന്നു വരെ സംസ്‌ഥാനത്ത്‌ 39 ശതമാനം മഴ അധികമായി ലഭിച്ചു. 3.4 സെന്റീമീറ്റര്‍ ലഭിക്കേണ്ട സ്‌ഥാനത്ത്‌ 4.8 സെമീ. കാസര്‍ഗോഡ്‌, വയനാട്‌, എറണാകുളം, പത്തനംതിട്ട ജില്ലകളില്‍ ദീര്‍ഘകാല ശരാശരിയേക്കാള്‍ 79 മുതല്‍ 250 വരെ ശതമാനം അധികമഴ കിട്ടി. അളവനുസരിച്ചു പത്തനംതിട്ടയിലാണ്‌ ഏറ്റവും അധികം മഴ കിട്ടിയത്‌; 12.4 സെമീ.
നിലവില്‍ സംസ്‌ഥാനത്തിന്റെ പല ഭാഗങ്ങളിലും അള്‍ട്രാവയലറ്റ്‌ രശ്‌മികളുടെ തോതായ യു.വി. ഇന്‍ഡക്‌സ്‌ 12 കടന്നിട്ടുണ്ട്‌. ഇത്‌ പൊള്ളലിനു കാരണമാകുമെന്നതിനാല്‍ കഴിവതും 11 മുതല്‍ മൂന്നു മണിവരെ വെയിലത്ത്‌ ഇറങ്ങാതിരിക്കുന്നതാണ്‌ നല്ലതെന്നും ഈ സമയത്ത്‌ തൊഴിലിടങ്ങളില്‍ ക്രമീകരണം ഏര്‍പ്പെടുത്താനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. മഴ ശക്‌തമാകുന്നതോടെ ഈ ഭീതി അകലുമെന്നു കരുതാം.
കഴിഞ്ഞ മാസം കടന്നുപോയത്‌ ഏറ്റവും ചൂടേറിയ മാസമെന്ന റെക്കോര്‍ഡുമായാണ്‌. 1901 ന്‌ ശേഷം ഏറ്റവും കൂടുതല്‍ ചൂടാണ്‌ മാര്‍ച്ച്‌ മാസത്തില്‍ സംസ്‌ഥാനത്ത്‌ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. സാധാരണ താപനിലയേക്കാള്‍ 1.86 ഡിഗ്രി സെല്‍ഷ്യസ്‌ താപനിലയാണ്‌ കൂടുതലായി റിപ്പോര്‍ട്ട്‌ ചെയ്‌തത്‌.

LEAVE A REPLY

Please enter your comment!
Please enter your name here