കെ.എസ്‌.ഇ.ബിക്കും കെ.എസ്‌.ആര്‍.ടി.സിക്കും ജല അതോറിറ്റിക്കും പിന്നാലെ, ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിലും കലാപക്കൊടിയുയര്‍ത്തി സി.പി.എം

0

തിരുവനന്തപുരം: കെ.എസ്‌.ഇ.ബിക്കും കെ.എസ്‌.ആര്‍.ടി.സിക്കും ജല അതോറിറ്റിക്കും പിന്നാലെ, ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിലും കലാപക്കൊടിയുയര്‍ത്തി സി.പി.എം. അനുകൂല ഉദേ്യാഗസ്‌ഥസംഘടന. പരാജയപ്പെട്ട ഹാജര്‍ സംവിധാനമായ പഞ്ചിങ്ങിനു പകരം കൂടുതല്‍ ഫലപ്രദമായ അക്‌സസ്‌ കണ്‍ട്രോള്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതിെനതിരേയാണു കേരള സെക്രട്ടേറിയറ്റ്‌ എംപ്ലോയീസ്‌ അസോസിയേഷന്‍ മുന്നറിയിപ്പുമായി രംഗത്തുവന്നത്‌.
ജീവനക്കാര്‍ ഇരിപ്പിടത്തില്‍നിന്ന്‌ അനങ്ങിയാല്‍പ്പോലും അറിയാന്‍ കഴിയുന്ന അക്‌സസ്‌ കണ്‍ട്രോള്‍ സംവിധാനം സെക്രട്ടേറിയറ്റ്‌ ഓഫീസ്‌ വിഭാഗത്തിന്റെ എല്ലാ കവാടത്തിലും ഈമാസമൊടുവില്‍ നിലവില്‍വരും. പഞ്ചിങ്‌ സംവിധാനം വിജയിച്ചില്ലെന്ന റിപ്പോര്‍ട്ടിനേത്തുടര്‍ന്നാണിത്‌. പുതിയ സംവിധാനത്തിന്റെ ഭാഗമായി സെക്രട്ടേറിയറ്റ്‌ മെയിന്‍ ബ്ലോക്കും അനക്‌സുകളും പൂര്‍ണമായി ക്യാമറ നിരീക്ഷണത്തിലാകും.
ജീവനക്കാരുടെ തിരിച്ചറിയല്‍ കാര്‍ഡ്‌ അക്‌സസ്‌ കണ്‍ട്രോള്‍ സംവിധാനത്തില്‍ രേഖപ്പെടുത്തിയാലേ ഓഫീസ്‌ വാതില്‍ തുറക്കൂ. ജോലിസമയത്തിനിടെ പുറത്തുപോയാല്‍ സ്‌പാര്‍ക്‌ സോഫ്‌റ്റ്‌വേറില്‍ അസാന്നിധ്യം (ആബ്‌സെന്റ്‌) രേഖപ്പെടുത്തും.
അതു ശമ്പളത്തെയും ബാധിക്കും. ചുരുക്കത്തില്‍, രാവിലെ 9.30-ന്‌ എത്തിയാല്‍ ഉച്ചഭക്ഷണത്തിനും പിന്നീട്‌ വൈകിട്ട്‌ അഞ്ചിനുശേഷവും മാത്രമേ ജീവനക്കാര്‍ക്കു പുറത്തുകടക്കാനാകൂ. മുഴുവന്‍സമയവും ജീവനക്കാര്‍ ജോലിചെയ്യുന്നുണ്ടെന്ന്‌ ഉറപ്പാക്കാനാണു പുതിയ ക്രമീകരണം. ഓരോമാസത്തെയും ഹാജര്‍ പരിശോധിച്ച്‌ അവധി, അദര്‍ ഡ്യൂട്ടി, കോമ്പന്‍സേഷന്‍ ഓഫ്‌ തുടങ്ങിയവയെല്ലാം സ്‌പാര്‍ക്‌ മുഖാന്തിരം ക്രമീകരിച്ചാലേ ശമ്പളവിതരണം നടക്കൂ.
പുതിയ സംവിധാനം സെക്രട്ടേറിയറ്റ്‌ ജീവനക്കാരെ പൊതുസമൂഹത്തില്‍ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നു സെക്രട്ടേറിയറ്റ്‌ എംപ്ലോയീസ്‌ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കെ.എന്‍. അശോക്‌ കുമാര്‍ ഒപ്പിട്ട നോട്ടീസില്‍ ആരോപിക്കുന്നു.
ഓഫീസില്‍ ഇരുന്നുള്ള ജോലിക്കുപുറമേ, വിവിധ ചര്‍ച്ചകള്‍ക്കും യോഗങ്ങള്‍ക്കും കമ്മിഷനുകളിലെ വിചാരണകള്‍ക്കും നിയമസഭാസമ്മേളനത്തോടനുബന്ധിച്ചുള്ള സമിതിയോഗങ്ങള്‍ക്കും ഉദ്യോഗസ്‌ഥര്‍ക്കു പോകേണ്ടിവരും. സെക്രട്ടേറിയറ്റിന്റെ പ്രവര്‍ത്തനം താളംതെറ്റിക്കുന്നതും ജീവനക്കാരെ തളച്ചിടുന്നതുമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തരുതെന്നു നോട്ടീസില്‍ ആവശ്യപ്പെടുന്നു.
അതേസമയം, കെ.എസ്‌.ഇ.ബി. ഓഫീസേഴ്‌സ്‌ അസോസിയേഷന്‍ നേതൃത്വത്തില്‍ ഇന്നു നടത്തുന്ന വൈദ്യുതി ഭവന്‍ വളയല്‍ സമരം ബോര്‍ഡ്‌ നിരോധിച്ചു. സമരത്തില്‍ പങ്കെടുക്കുന്നവര്‍ക്കെതിരേ അച്ചടക്കനടപടിയെടുക്കുമെന്നു വ്യക്‌തമാക്കി ചീഫ്‌ പഴ്‌സണല്‍ ഓഫീസര്‍ ഉത്തരവിറക്കി.

Leave a Reply