സെയില്‍സ്‌മാനും മിമിക്രി താരവുമായ യുവാവിനെ കൊന്നു ചാക്കില്‍ക്കെട്ടി തള്ളിയ കേസില്‍ പ്രതികള്‍ക്കു ജീവപര്യന്തം തടവും പിഴയും

0

കോട്ടയം: സെയില്‍സ്‌മാനും മിമിക്രി താരവുമായ യുവാവിനെ കൊന്നു ചാക്കില്‍ക്കെട്ടി തള്ളിയ കേസില്‍ പ്രതികള്‍ക്കു ജീവപര്യന്തം തടവും പിഴയും. ചങ്ങനാശേരി മുങ്ങോട്ടുപുതുപ്പറമ്പില്‍ ലെനീഷിനെ (31) കൊലപ്പെടുത്തിയ കേസില്‍ കാമുകി തൃക്കൊടിത്താനം കടമാന്‍ചിറ പാറയില്‍ പുതുപ്പറമ്പില്‍ ശ്രീകല, ക്വട്ടേഷന്‍ സംഘാംഗങ്ങളായ മാമ്മൂട്‌ കണിച്ചുകുളം വെട്ടിത്താനം ഷിജോ സെബാസ്‌റ്റ്യന്‍ (37), ദൈവംപടി ഗോപാലശേരില്‍ ശ്യാംകുമാര്‍ (ഹിപ്പി ശ്യാം- 40), വിത്തിരിക്കുന്നേല്‍ രമേശന്‍ (ജൂഡോ രമേശന്‍- 37) എന്നിവരെയാണ്‌ അഡീഷണല്‍ സെഷന്‍സ്‌ കോടതി-4 ജഡ്‌ജി വി.ബി സുജയമ്മ ശിക്ഷിച്ചത്‌.
അഞ്ചാം പ്രതിയും ഓട്ടോ ഡ്രൈവറുമായ കൊച്ചുതോപ്പ്‌ പാറാംതട്ടില്‍ മനുമോനെ മാപ്പുസാക്ഷിയാക്കിയിരുന്നു. പിഴത്തുകയില്‍ ഒരു ലക്ഷം രൂപ ലെനീഷിന്റെ അച്‌ഛന്‍ ലത്തീഫിനു നല്‍കണമെന്നും കോടതി ഉത്തരവായി.
പ്രണയത്തില്‍ നിന്നു പിന്‍മാറി മറ്റ്‌ സ്‌ത്രീകള്‍ക്കൊപ്പം പോയതിന്റെ പകയാണ്‌ കൊലപാതകത്തില്‍ എത്തിച്ചത്‌. എസ്‌.എച്ച്‌ മൗണ്ടിനു സമീപം നവീന്‍ ഹോം നഴ്‌സിങ്ങ്‌ എന്ന സ്‌ഥാപനം നടത്തുകയായിരുന്നു ശ്രീകല. കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ക്ക്‌ ജീവപര്യന്തം തടവിനു പുറമേ ശ്രീകല 50,000 രൂപ പിഴ നല്‍കണം. മറ്റ്‌ പ്രതികള്‍ക്ക്‌ ഈ വകുപ്പുകളില്‍ 25,000 രൂപ വീതമാണ്‌ പിഴ. തെളിവ്‌ നശിപ്പിച്ചതിനു മൂന്ന്‌ വര്‍ഷം തടവും 25,000 രൂപ പിഴയും അടയ്‌ക്കണം. പിഴത്തുക നല്‍കിയില്ലെങ്കില്‍ മൂന്ന്‌ മാസം അധിക തടവ്‌. 114-ാം വകുപ്പ്‌ പ്രകാരം ഏഴ്‌ വര്‍ഷം കഠിന തടവും അയ്യായിരം രൂപ പിഴയും. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം തടവ്‌ എന്നിങ്ങനെയാണു ശിക്ഷ. പ്രതികളെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കു മാറ്റി.
2013 നവംബര്‍ 23നാണ്‌ പാമ്പാടി കുന്നേല്‍പ്പാലത്തിനു സമീപം ചാക്കില്‍കെട്ടി ഉപേക്ഷിക്കപ്പെട്ട നിലയില്‍ മൃതദേഹം കണ്ടത്‌.
തുടര്‍ന്ന്‌ പോലീസ്‌ നടത്തിയ അന്വേഷണത്തില്‍ ശ്രീകലയെയും മറ്റു പ്രതികളെയും അറസ്‌റ്റ്‌ ചെയ്യുകയായിരുന്നു. ലെനീഷിനെ എസ്‌.എച്ച്‌ മൗണ്ടിലെ ഓഫീസില്‍ എത്തിച്ച്‌ ക്രൂരമായി മര്‍ദിക്കുകയും ആസിഡ്‌ ഒഴിക്കുകയുമായിരുന്നു. മരണം ഉറപ്പുവരുത്തിയശേഷം മനുമോന്റെ ഓട്ടോറിക്ഷയില്‍ കയറ്റി മൃതദേഹം റോഡരികില്‍ തള്ളി. ചാക്കില്‍ വേയ്‌സ്‌റ്റാണെന്നാണ്‌ പ്രതികള്‍ മനുവിനോട്‌ പറഞ്ഞത്‌.
അന്ന്‌ കാഞ്ഞിരപ്പള്ളി ഡിവൈ.എസ്‌.പിയായിരുന്ന ഇപ്പോഴത്തെ കോട്ടയം അഡീഷണല്‍ എസ്‌.പി എസ്‌. സുരേഷ്‌കുമാര്‍, പാമ്പാടി സി.ഐയും ഇപ്പോള്‍ എറണാകുളം വിജിലന്‍സ്‌ ഡിവൈ.എസ്‌.പിയുമായ സാജു വര്‍ഗീസ്‌ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ്‌ കേസ്‌ അന്വേഷിച്ചത്‌. പ്രോസിക്യുഷനുവേണ്ടി ഗിരിജാ ബിജു ഹാജരായി.

LEAVE A REPLY

Please enter your comment!
Please enter your name here