കുഞ്ഞുങ്ങൾക്ക് അച്ഛന്റെ കുടുംബപ്പേര് മാത്രമല്ല, അമ്മയുടെ കുടുംബപ്പേരും വേണം; അല്ലാത്ത പക്ഷം അത് വിവേചനപരമാണെന്നും ഇറ്റലിയിലെ കോടതി

0

റോം: മിക്കയിടങ്ങളിലും കാലങ്ങളായി കുഞ്ഞുങ്ങളുടെ പേരിനൊപ്പം വരുന്നത് പിതാവിന്റെ കുടുംബപ്പേരോ പിതാവിന്റെ പേരോ ഒക്കെയാണ്. എന്നാൽ, ഇറ്റലിയിൽ ഇനി മുതൽ കുഞ്ഞുങ്ങളുടെ പേരിനൊപ്പം അമ്മയുടെയും അച്ഛന്റെയും കുടുംബപ്പേരുകൾ ചേർക്കണം എന്ന് കോടതി പറഞ്ഞിരിക്കുകയാണ്.

പിതാവിന്റെ കുടുംബപ്പേര് മാത്രം വയ്ക്കുന്ന രീതിയാണ് നേരത്തെ ഇവിടെ ഉണ്ടായിരുന്നത്. എന്നാൽ, അങ്ങനെ പിതാവിന്റെ കുടുംബപ്പേര് മാത്രം കുട്ടിയുടെ പേരിനൊപ്പം ചേർക്കുന്നത് വിവേചനപരവും കുട്ടിയുടെ ഐഡന്റിറ്റിയെ ബാധിക്കുന്നതുമാണ് എന്ന് കോടതി നിരീക്ഷിച്ചു. മാതാവിനും പിതാവിനും കുട്ടിയുടെ പേര് എങ്ങനെ വേണം എന്ന് തീരുമാനിക്കുന്നതിന് തുല്യമായ അവകാശമാണ് എന്നും കോടതി പറഞ്ഞു.

കുട്ടികളുടെ പേരിനൊപ്പം മാതാവിന്റെയും പിതാവിന്റെയും കുടുംബപ്പേരുകൾ നൽകണം. അല്ലാത്തപക്ഷം രണ്ടുപേരും ചേർന്ന് കുട്ടിക്ക് ഒരാളുടെ/ഇന്ന കുടുംബപ്പേര് മതി എന്ന് തീരുമാനിക്കാം എന്നും കോടതി പ്രസ്താവനയിൽ വ്യക്തമാക്കി. എന്നാൽ, ഈ തീരുമാനം നടപ്പിലാക്കാൻ പാർലമെന്റ് അംഗീകരിക്കുന്ന പുതിയ നിയമനിർമ്മാണം ആവശ്യമാണ്.
ഈ പ്രക്രിയയിൽ സർക്കാർ പാർലമെന്റിനെ പൂർണമായി പിന്തുണയ്ക്കുമെന്ന് കുടുംബ മന്ത്രി എലീന ബൊനെറ്റി ഫേസ്ബുക്കിൽ ഒരു പോസ്റ്റിൽ പറഞ്ഞു. ഒപ്പം തന്നെ ഒരു കുഞ്ഞിനെ വളർത്തിയെടുക്കുന്നതിൽ മാതാവിനും പിതാവിനും തുല്യമായ കടമയാണ് എന്നും എലീന ബൊനെറ്റി സൂചിപ്പിച്ചു.

അതേസമയം രാജ്യത്ത് ജനനനിരക്ക് കുറയുകയാണ്. ഫ്രാൻസിസ് മാർപാപ്പയും ഇറ്റലിയിലെ രാഷ്ട്രീയ നേതാക്കളും രാജ്യത്ത് ജനനനിരക്ക് കുറയുന്നതിന്റെ ആഘാതത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു. കുട്ടികളെ വളർത്തുന്നതിനുള്ള ചെലവ് കൂടുന്നതും അത് താങ്ങാൻ ആളുകൾക്ക് കഴിയാത്തതുമായിരിക്കാം ജനനനിരക്ക് കുറയുന്നതിന്റെ ഒരു പ്രധാനകാരണം എന്നാണ് കരുതുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here