അപകടത്തിൽപെട്ട് യുവാക്കൾ മരിച്ചത് ഐഎസ്എൽ ഫൈനൽ കാണാൻ ഗോവയിലേക്ക് പോകവേ

0

കാസർകോട്: അപകടത്തിൽപെട്ട് യുവാക്കൾ മരിച്ചത് ഐഎസ്എൽ ഫൈനൽ കാണാൻ ഗോവയിലേക്ക് പോകവേ. മലപ്പുറം സ്വദേശികളായ ജംഷീർ, മുഹമ്മദ് ഷിബിൻ എന്നിവരാണ് മരിച്ചത്.

ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. ഉദുമ പള്ളത്ത് സംസ്ഥാന പാതയിൽ വെച്ചായിരുന്നു അപകടം. എതിർ ദിശയിൽ നിന്ന് വന്ന മണൽ നിറച്ച ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. പ്രദേശത്ത് ചെറിയ ചാറ്റൽ മഴ പെയ്തിരുന്നു. ഇതാണോ അപകടത്തിന് കാരണമായത് എന്നാണ് സംശയിക്കുന്നത്.

കേരള ബ്ലാസ്റ്റേഴ്‌സും ഹൈദരാബാദ് എഫ്‌സിയും തമ്മിലുള്ള ഐഎസ്എൽ ഫൈനൽ കാണാൻ ഗോവയിലേക്ക് പോകവേയാണ് അപകടം ഉണ്ടായത്. അപകടത്തിൽപ്പെട്ട ബൈക്കിൽ ഉണ്ടായിരുന്ന ഇരുവരെയും മിനിലോറി ഡ്രൈവറും നാട്ടുകാരും ചേർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഗുരുതരമായി പരുക്കേറ്റ ഇരുവരും അപകടസ്ഥലത്തുതന്നെ മരിച്ചെന്നാണു വിവരം.

മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. എവിടെയും നിർത്താതെ മണിക്കൂറുകളോളം യുവാക്കൾ യാത്ര ചെയ്തിരിന്നുവെന്നാണു പൊലീസിനു ലഭിച്ച സൂചന. അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Leave a Reply