മകൻ മുഖ്യമന്ത്രിയെ അട്ടിമറിച്ചു; പക്ഷേ, ഈ അമ്മ ചൂല് താഴെ വയ്ക്കില്ല

0

ബർണാല (പഞ്ചാബ്): സാക്ഷാൽ മുഖ്യമന്ത്രിയെത്തന്നെ തോൽപിച്ചു മകൻ എംഎൽഎ ആയെങ്കിലും ബൽദേവ് കൗർ എന്ന അമ്മ തൂപ്പുകാരിയായുള്ള ജോലി ഉപേക്ഷിച്ചില്ല. ശനിയാഴ്ചയും അവർ തൂപ്പു ജോലിക്കായി പതിവുപോലെ എത്തി. പഞ്ചാബിൽ മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നിയെ അട്ടിമറിച്ച് എംഎൽഎ ആയ ആം ആദ്മി തീപ്പൊരി ലഭ് സിംഗ് യുഗോകെയുടെ അമ്മയാണ് ബൽദേവ് കൗർ.

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ ചരൺജിത് സിംഗ് ചന്നിയെ ബദൗർ സീറ്റിൽ 37,550 വോട്ടുകൾക്കാണ് മുപ്പത്തഞ്ചുകാരനായ യുഗോകെ പരാജയപ്പെടുത്തിയത്. പന്ത്രണ്ടാം ക്ലാസിനു ശേഷം മൊബൈൽ ഫോൺ റിപ്പയറിംഗിൽ ഡിപ്ലോമ നേടിയിട്ടുള്ള യുഗോകെ കുറെക്കാലം ഒരു മൊബൈൽ ഫോൺ റിപ്പയറിംഗ് കടയും നടത്തിയിരുന്നു.

എക്കാലവും വരുമാനം ഉണ്ടാക്കാൻ കഠിനാധ്വാനം ചെയ്ത ശീലമാണ് ഞങ്ങൾക്കുള്ളത്. എന്‍റെ മകൻ എംഎൽഎ ആയെന്നു കരുതി സ്കൂളിലെ തൂപ്പു ജോലി ഉപേക്ഷിക്കാൻ ഞാൻ തയാറല്ല. – കൗർ പറഞ്ഞു. മകന്‍റെ വിജയത്തിൽ മറ്റൊരു സന്തോഷം കൂടി ഈ അമ്മയ്ക്കുണ്ട്.
തന്‍റെ പണിയായുധമായ ചൂല് ചിഹ്നത്തിലാണ് മകൻ ജയിച്ചതെന്നത് ഇരട്ടി സന്തോഷം നൽകുന്നതായി അവർ പറയുന്നു.

സംസ്ഥാന മുഖ്യമന്ത്രിക്കെതിരെയാണ് മത്സരിച്ചതെങ്കിലും മകൻ ജയിക്കുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നതായി അവർ കൂട്ടിച്ചേർത്തു. അതേസമയം, നിയുക്ത എംഎൽഎ യുഗോകെ ഇതേ സ്‌കൂളിൽ പഠിച്ചു നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ടെന്നു സ്‌കൂൾ പ്രിൻസിപ്പൽ അമൃത് പാൽ കൗർ എഎൻഐയോടു പറഞ്ഞു.

ലഭ് സിംഗിന്‍റെ അമ്മ ഈ സ്‌കൂളിൽ വളരെക്കാലമായി സ്വീപ്പറായി ജോലി ചെയ്യുകയാണ്. അവനും ഈ സ്‌കൂളിലാണ് പഠിച്ചത്. അവൻ നാട്ടിലും സ്‌കൂളിലും നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. മകൻ എംൽഎ ആയതിന്‍റെ പേരിൽ താൻ ജോലി ഉപേക്ഷിക്കില്ലെന്ന് ബൽദേവ് കൗർ അറിയിച്ചിട്ടുണ്ട്- അമൃത് പാൽ കൗർ പറഞ്ഞു.

മകൻ എംഎൽഎ ആയാലും കുടുംബം പഴയതുപോലെ ജീവിക്കുമെന്നു കൂലിപ്പണിക്കാരനായ പിതാവ് ദർശൻ സിംഗും പറഞ്ഞു. മകൻ ജനങ്ങളുടെ ക്ഷേമത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് ആഗ്രഹമെന്ന് അദ്ദേഹം പറ‍യുന്നു.

2013ലാണ് യുഗോക്ക് എഎപിയിൽ ചേർന്നത്. മിടുക്കനായ അദ്ദേഹം അതിവേഗം നേതൃസ്ഥാനത്തേക്ക് ഉയർന്നു. 2017ലും അദ്ദേഹത്തെ ബദൗർ സീറ്റിൽ എഎപി പരിഗണിച്ചിരുന്നെങ്കിലും പിന്നീട് മറ്റൊരാളെ തീരുമാനിക്കുകയായിരുന്നു. തങ്ങളുടെ പ്രിയപ്പെട്ട നാട്ടുകാരൻ എംഎൽഎ ആയതിന്‍റെ സന്തോഷത്തിലാണ് ഗ്രാമവാസികളും.

LEAVE A REPLY

Please enter your comment!
Please enter your name here