വിജ്‌ഞാപനം നിയമപരമല്ലെന്ന ഹര്‍ജികള്‍ ഹൈക്കോടതി തള്ളി

0

കൊച്ചി: സില്‍വര്‍ലൈന്‍ പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കല്‍ വിജ്‌ഞാപനം നിയമപരമല്ലെന്നാരോപിക്കുന്ന ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. റെയില്‍വേയുടെ പ്രത്യേക പദ്ധതിയല്ലാത്തതിനാല്‍ കേന്ദ്ര വിജ്‌ഞാപനം ആവശ്യമില്ലെന്ന സംസ്‌ഥാന സര്‍ക്കാരിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
വിജ്‌ഞാപനം ചോദ്യംചെയ്‌തും സര്‍വേയും അതിരടയാളക്കല്ല്‌ സ്‌ഥാപിക്കലും തടയണമെന്നാവശ്യപ്പെട്ടും കോട്ടയം ജില്ലയിലെ കാണക്കാരി, കുറവിലങ്ങാട്‌, ഞീഴൂര്‍ വില്ലേജുകളിലെ ഏഴു സ്‌ഥലമുടമകള്‍ സമര്‍പ്പിച്ച ഹര്‍ജികളാണു ജസ്‌റ്റിസ്‌ എന്‍. നഗരേഷ്‌ തള്ളിയത്‌. അതേസമയം, സാമൂഹികാഘാത പഠത്തിനായി സിമെന്റ്‌ കല്ലുകള്‍ സ്‌ഥാപിക്കുന്നതില്‍ എല്ലാവര്‍ക്കും സംശയങ്ങളുണ്ടെന്നു കോടതി പറഞ്ഞു. കല്ലിട്ട സ്‌ഥലം ഈടായി സ്വീകരിച്ച്‌ ഏതെങ്കിലും ബാങ്കില്‍നിന്നു വായ്‌പ ലഭിക്കുമോ എന്നതുള്‍പ്പെടെ സംശയങ്ങളുണ്ട്‌. വലിയ കല്ലുകള്‍ സ്‌ഥാപിച്ച്‌ ജനങ്ങളെ പരിഭ്രാന്തരാക്കേണ്ട കാര്യമുണ്ടോ? ഭൂമി ഏറ്റെടുക്കുന്നതിനു കുറെ സമയമെടുക്കും. പഠനത്തിനു ശേഷം കല്ലുകള്‍ മാറ്റുമോ എന്നും കോടതി ചോദിച്ചു.
1989-ലെ റെയില്‍വേ നിയമം പ്രകാരമല്ല സ്‌ഥലമേറ്റെടുക്കുന്നതെന്നും സില്‍വര്‍ ലൈന്‍ റെയില്‍വേ നിയമപ്രകാരമുള്ള പ്രത്യേക പദ്ധതിയല്ലെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു.

Leave a Reply