ചീനിക്കുഴി കൂട്ടക്കൊലപാതകം : മകനേയും കുടുംബത്തേയും ചുട്ടുകൊല്ലാനായി പ്രതി ശേഖരിച്ചത്‌ നാല്‌ ലിറ്റര്‍ പെട്രോള്‍

0

തൊടുപുഴ: ചീനിക്കുഴിയില്‍ മകനേയും കുടുംബത്തെയും ചുട്ടുകൊല്ലാനായി പ്രതി ഹമീദ്‌ ശേഖരിച്ചത്‌ നാല്‌ ലിറ്റര്‍ പെട്രോള്‍. തിങ്കളാഴ്‌ച ചീനിക്കുഴിയിലെ വീട്ടില്‍ രണ്ടാംഘട്ട തെളിവെടുപ്പിനെത്തിച്ചപ്പോഴാണു ഹമീദ്‌ ഇക്കാര്യം പോലീസിനോട്‌ വിവരിച്ചത്‌.
കൊല്ലപ്പെട്ട മകന്‍ ഫൈസല്‍ തന്റെ കടയില്‍ വില്‍ക്കാനായി സംഭവദിവസം ഉടുമ്പന്നൂരിലെ പമ്പില്‍നിന്ന്‌ 35 ലിറ്റര്‍ പെട്രോള്‍ വാങ്ങിയിരുന്നു. ഇതു വീടിന്റെ പിന്നിലെ ചായ്‌പ്പില്‍ ഒരു കന്നാസിലായി സൂക്ഷിച്ചിരുന്നു. ഇതില്‍നിന്നാണു നാല്‌ ലിറ്റര്‍ പെട്രോള്‍ ഹമീദ്‌(79) മോഷ്‌ടിച്ചത്‌. ഫൈസല്‍ പമ്പില്‍നിന്നു പെട്രോള്‍ വാങ്ങുന്നതിന്റെ സി.സിടിവി ദൃശ്യങ്ങള്‍ പോലീസിന്‌ ലഭിച്ചിട്ടുണ്ട്‌. ഇന്നലെ പട്ടയംകവലയിലെ മൂത്തസഹോദരന്റെ വീട്ടിലും ഹമീദിനെ തെളിവെടുപ്പിനെത്തിച്ചു. ഹമീദിന്റെ പേരിലുള്ള ചില വസ്‌തുക്കളുടെ ആധാരങ്ങളും 2,20,000 രൂപയും ഇവിടെ സൂക്ഷിച്ചിരുന്നു.
ഇത്‌ പോലീസ്‌ കണ്ടെടുത്ത്‌ കോടതിയില്‍ ഹാജരാക്കി. കൊലപാതകശേഷം ഹമീദ്‌ ചില ബന്ധുക്കളെ ഫോണില്‍ വിളിച്ച്‌ താന്‍ കുടുംബാംഗങ്ങളെ ചുട്ടുകൊന്നെന്ന്‌ അറിയിച്ചിരുന്നു. ഫോണ്‍ റെക്കോഡുകള്‍ നിര്‍ണായക തെളിവായതിനാല്‍ ശാസ്‌ത്രീയ പരിശോധനയ്‌ക്കായി ഹമീദിന്റെ ശബ്‌ദസാമ്പിളും പോലീസ്‌ ശേഖരിച്ചിട്ടുണ്ട്‌. കേസുമായി ബന്ധപ്പെട്ട്‌ പൊലീസ്‌ നൂറ്റമ്പതിലേറെ പേരുടെ മൊഴിയെടുത്തിട്ടുണ്ട്‌.
18ന്‌ അര്‍ധരാത്രിയിലാണ്‌ ചീനിക്കുഴി ആലിയക്കുന്നേല്‍ മുഹമ്മദ്‌ ഫൈസല്‍ (ഷിബു- 45), ഭാര്യ ഷീബ (40), പെണ്‍മക്കളായ മെഹ്‌റിന്‍ (16), അസ്‌ന (13) എന്നിവരെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തി ഫൈസലിന്റെ പിതാവായ ഹമീദ്‌ കൊലപ്പെടുത്തുന്നത്‌.

Leave a Reply