സിപിഐയുടെ എതിർപ്പിനെത്തുടർന്നു വിവാദത്തിലായ ലോകായുക്ത നിയമഭേദഗതി ഉൾപ്പെടെയുള്ള ഓർഡിനൻസുകൾ വീണ്ടുമിറക്കാനുള്ള നിർദേശം മന്ത്രിസഭാ യോഗം പരിഗണിച്ചില്ല

0

തിരുവനന്തപുരം∙ സിപിഐയുടെ എതിർപ്പിനെത്തുടർന്നു വിവാദത്തിലായ ലോകായുക്ത നിയമഭേദഗതി ഉൾപ്പെടെയുള്ള ഓർഡിനൻസുകൾ വീണ്ടുമിറക്കാനുള്ള നിർദേശം മന്ത്രിസഭാ യോഗം പരിഗണിച്ചില്ല.

ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന ഓർഡിനൻസിൽ കഴിഞ്ഞ നിയമസഭാ സമ്മേളനം ആരംഭിക്കുന്നതിനു തൊട്ടു മുൻപാണ് ഗവർണർ ഒപ്പുവച്ചത്. നിയമസഭാ സമ്മേളനം അവസാനിച്ച സ്ഥിതിക്ക് ഇത് ഉൾപ്പെടെ നിലവിലുള്ള ഓർഡിനൻസുകൾ ഏപ്രിൽ ഒന്നിനു കാലഹരണപ്പെടും. ഓർഡിനൻസിന്റെ കാര്യത്തിലുള്ള വിയോജിപ്പ് സിപിഐ പരസ്യമാക്കിയ സാഹചര്യത്തിൽ മന്ത്രിസഭയിൽ അവരുടെ മന്ത്രിമാർ സ്വീകരിക്കുന്ന സമീപനം എല്ലാവരും കാത്തിരിക്കുകയായിരുന്നു. അവർ വിയോജിക്കുന്ന സാഹചര്യം ഒഴിവാക്കാനാണ് തീരുമാനം നീട്ടിയതെന്നാണു സൂചന.

അടുത്തയാഴ്ച ചേരുന്ന മന്ത്രിസഭാ യോഗം ഇക്കാര്യം പരിഗണിക്കേണ്ടി വരും. അതിനു മുൻപ് സിപിഎം, സിപിഐ നേതാക്കൾ ചർച്ച ചെയ്തു ധാരണയിൽ എത്തിയേക്കും. 30ന് എൽഡിഎഫ് ചേരുന്നുണ്ട്. അന്നു തന്നെ മന്ത്രിസഭയും ചേരും. അതിനു മുൻപായി ചർച്ച നടക്കാം.

നിയമസഭാ സമ്മേളനം ആരംഭിക്കുന്ന തീയതി തൊട്ട് 42 ദിവസം വരെയാണ് ഓർഡിനൻസുകൾക്ക് കാലാവധി. ഇതിനിടെ നിയമസഭയിൽ ഓർഡിനൻസിന് പകരമുള്ള ബിൽ പാസ്സാക്കിയെടുക്കാം. എന്നാൽ കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ നിയമ നിർമാണത്തിനു സമയമില്ലായിരുന്നു. ഈ സാഹചര്യത്തിൽ 42 ദിവസം അവസാനിക്കുന്ന ഏപ്രിൽ ഒന്ന് വരെയേ നിലവിലുള്ള ഓർഡിനൻസുകൾക്ക് കാലാവധിയുള്ളൂ. അതിനു മുൻപ് വീണ്ടും ഇറക്കിയില്ലെങ്കിൽ കാലഹരണപ്പെടും.

ലോകായുക്ത നിയമ ഭേദഗതി ഉൾപ്പെടെ ഓർഡിനൻസുകൾ പുനർവിളംബരം ചെയ്യണമെന്നു നിർദേശിക്കുന്ന ഫയൽ നിയമ വകുപ്പിൽ നിന്നു കൈമാറിയിരുന്നു. എന്നാൽ അവസാന നിമിഷം മന്ത്രിസഭയുടെ അജൻഡയിൽ നിന്ന് ഒഴിവാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here