യുക്രൈനിൽ കൊല്ലപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ മൃതദേഹം നാട്ടിലെത്തിക്കും

0

ന്യൂഡെൽഹി: യുക്രൈനിൽ കൊല്ലപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ത്ഥി നവീൻ ശേഖരപ്പയുടെ മൃതദേഹം നാട്ടിലെത്തിക്കും. മൃതദേഹം എംബാം ചെയ്ത് യുക്രൈനിലെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. യുക്രൈനിലെ ഷെല്ലിംഗ് അവസാനിച്ചാൽ ഉടൻ മൃതദേഹം നാട്ടിലെത്തിക്കുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മേ അറിയിച്ചു. നവീന്‍റെ മൃതദേഹം നാട്ടിലെത്തിക്കുന്നതില്‍ അനിശ്ചിതത്വം തുടരുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.

വിദേശകാര്യ മന്ത്രിയാണ് ഇക്കാര്യത്തിൽ സ്ഥിരീകരണം നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി. ഖർഖീവിലെ മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ നാലാം വർഷ വിദ്യാർത്ഥിയായ നവീൻ കഴിഞ്ഞ മാർച്ച് ഒന്നിനാണ് ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടത്. അവശ്യസാധനങ്ങൾ വാങ്ങാനായി സൂപ്പർമാർക്കറ്റിൽ നവീൻ ക്യൂ നിൽക്കുമ്പോഴാണ് ഷെല്ലാക്രമണമുണ്ടായത്. നവീന്‍റെ മൃതദേഹം നാട്ടിലെത്തിക്കുന്ന കാര്യത്തില്‍ യുക്രൈൻ അധികൃതരുമായി ചർച്ച നടത്തി വരികയാണെന്നായിരുന്നു വിദേശകാര്യമന്ത്രാലയം ഒടുവില്‍ അറിയിച്ചിരുന്നത്.

മൃതദേഹം നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ എംബസിയില്‍ നിന്ന് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും എത്രയും പെട്ടന്ന് നാട്ടിലെത്തിക്കാൻ നടപടിയെടുക്കണമെന്നും നേരത്തെ നവീന്‍റെ കുടുംബവും ആവശ്യപ്പെട്ടിരുന്നു. ഹവേരിയിലെ കര്‍ഷക കുടുംബമാണ് നവീന്‍റേത്. കൃഷിയില്‍ നിന്നുള്ള വരുമാനം സ്വരൂപിച്ചും വായ്പയെടുത്തുമാണ് നവീനെ വിദേശത്ത് പഠനത്തിനയച്ചത്.

പ്ലസ്ടുവിന് 97 ശതമാനം മാര്‍ക്ക് നേടിയ നവീന് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം ലഭിച്ചിരുന്നില്ല. മറ്റ് കോളേജുകളില്‍ എംബിബിഎസ് പഠനത്തിനുള്ള ഉയര്‍ന്ന ഫീസ് കണക്കിലെടുത്താണ് പഠനത്തിന് വേണ്ടി യുക്രൈനിലേക്ക് പോയത്. രാജ്യത്തെ മെഡിക്കല്‍ വിദ്യാഭ്യാസത്തിലെ പോരായ്മയുടെ ഇരയാണ് മകനെന്നും നവീന്‍റെ കുടുംബം നേരത്തെ ആരോപിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here