സുഗന്ധഗിരി മരംമുറി കേസ്: അന്വേഷണ സംഘം മാനസികമായി പീഡിപ്പിച്ചെന്ന് വനിതാ റെയ്ഞ്ച് ഓഫീസര്‍

0

കല്‍പ്പറ്റ: സുഗന്ധഗിരി മരംമുറി കേസില്‍ അന്വേഷണ സംഘം മാനസികമായി പീഡിപ്പിച്ചെന്ന് വനിതാ റെയ്ഞ്ച് ഓഫീസര്‍. സസ്‌പെന്‍ഷനിലായ റേഞ്ചര്‍ കെ. നീതു വനം മേധാവിക്ക് നല്‍കിയ കത്തിലാണ് ആരോപണം.

സുഗന്ധഗിരി മരംമുറിയിലെ വീഴ്ചകള്‍ അന്വേഷിക്കാന്‍ വനംവകുപ്പ് വിജിലന്‍സ് സംഘത്തെ നിയോഗിച്ചിരുന്നു. ഇവര്‍ക്കെതിരെയാണ് കല്‍പ്പറ്റ ഫോറസ്റ്റ് റേഞ്ചര്‍ ആയിരുന്ന നീതു ആരോപണം ഉന്നയിച്ചിരിക്കുന്നത്.

തന്നെ മാനസികമായും ശാരീരികമായും സമ്മര്‍ദ്ദത്തിലാക്കി തെറ്റായ മൊഴി രേഖപ്പെടുത്തിയെന്നാണ് വനം മേധാവിക്ക് നല്‍കിയ പരാതിയില്‍ നീതു പറയുന്നത്.കേസില്‍ മേല്‍നോട്ട വീഴ്ചയുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നീതുവിനെ സസ്പെന്‍ഡ് ചെയ്തത്.അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം മരം മുറി നടക്കുന്ന സമയം ആവശ്യമായ ഫീല്‍ഡ് പരിശോധന ഉണ്ടായിരുന്നില്ലെന്നും തടികള്‍ പരിശോധിക്കാതെയാണ് പാസ് നല്‍കിയതെന്നുമാണ് റേഞ്ചര്‍ക്കെതിരെയുള്ള കുറ്റങ്ങള്‍. എന്നാല്‍ തടികള്‍ നേരിട്ട് പരിശോധിച്ചാണ് പാസ് നല്‍കിയതെന്നും, ഇത് സംബന്ധിച്ച വിവരങ്ങള്‍ ഡിപ്പാര്‍ട്ട്‌മെന്റ് ലോഗ് ബുക്കില്‍ ഉള്‍പ്പെടെ ലഭ്യമാണെന്നുമാണ് നീതുവിന്റെ വാദം.

അനധികൃത മരം മുറി തിരിച്ചറിഞ്ഞതും തൊണ്ടിമുതല്‍ കണ്ടെടുത്തതും എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്തതും താന്‍ ഉള്‍പ്പെടെയുള്ള സംഘമാണ്. മരംമുറി നടക്കുന്ന കാലയളവില്‍ ആളെക്കൊല്ലി കാട്ടാനകളെ പിടികൂടാനുള്ള ദൗത്യത്തില്‍ പങ്കെടുക്കുകയായിരുന്നു എന്നും വനം മേധാവിക്ക് നല്‍കിയ കത്തില്‍ നീതു ചൂണ്ടിക്കാട്ടുന്നത്.

മരംമുറിയില്‍ ഗുരുതര മേല്‍നോട്ട പിഴവ് സംഭവിച്ചു എന്ന് ചൂണ്ടിക്കാട്ടി സൗത്ത് വയനാട് ഡിഎഫ്ഒയെ സ്ഥലം മാറ്റിയ നടപടി സേനയ്ക്കുള്ളില്‍ അമര്‍ഷം ഉണ്ടാക്കുന്ന സാഹചര്യത്തിലാണ് അന്വേഷണസംഘത്തിനെതിരെ ആരോപണവുമായി റേഞ്ചറും രംഗത്തെത്തിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here