സിൽവർലൈൻ പദ്ധതിയുടെ 415 കിലോമീറ്റർ ദൂരത്തിന്റെ അലൈൻമെന്റ് പുറത്തുവിടാൻ സർക്കാർ മടിച്ചതിൽ ദുരൂഹത

0

സിൽവർലൈൻ പദ്ധതിയുടെ 415 കിലോമീറ്റർ ദൂരത്തിന്റെ അലൈൻമെന്റ് പുറത്തുവിടാൻ സർക്കാർ മടിച്ചതിൽ ദുരൂഹത. അൻവർ സാദത്ത് എംഎൽഎയുടെ നിയമസഭാ ചോദ്യത്തിനു മറുപടിയായി നൽകിയ ഡിപിആർ രേഖയിൽ 115 കിലോമീറ്റർ ദൂരം കഴിഞ്ഞുള്ള അലൈൻമെന്റ് ഉണ്ടായിരുന്നില്ല. എംഎൽഎ പരാതി നൽകി ഒന്നര മാസത്തിനു ശേഷമാണു പൂർണമായ അലൈൻമെന്റ് നൽകിയത്.

ഗതാഗത വകുപ്പാണു നിയമസഭാ സെക്രട്ടേറിയറ്റിനു ഡിപിആറും അലൈൻമെന്റും കൈമാറിയത്. 415 കിലോ മീറ്റർ അലൈൻമെന്റ് രേഖ അവർ നൽകിയിരുന്നില്ലെന്നു നിയമസഭാ സെക്രട്ടേറിയറ്റിലെ ഉന്നത ഉദ്യോഗസ്ഥൻ ‘മനോരമ’യോടു പറഞ്ഞു. ഗതാഗത വകുപ്പിനു പൂർണ അലൈൻമെന്റ് ഉൾപ്പെടെയുള്ള ഡിപിആറാണു നൽകിയിരുന്നതെന്നു കെ–റെയിൽ എംഡി നേരത്തേ വിശദീകരിച്ചിരുന്നു. അലൈൻമെന്റിന്റെ കോട്ടയം മുതൽ കാസർകോട് വരെയുള്ള ഭാഗം ഗതാഗത വകുപ്പിൽ പിടിച്ചുവച്ചത് എന്തിനെന്നതു ദുരൂഹം. മധ്യകേരളത്തിൽ പല ഭാഗത്തും ആദ്യ അലൈൻമെന്റ് മാറിയതായി പ്രതിപക്ഷം ആരോപിക്കുന്നുണ്ട്.

ഡിപിആർ രഹസ്യരേഖയാണെന്നും പുറത്തു വിടാനാകില്ലെന്നുമായിരുന്നു തുടക്കം മുതൽ സർക്കാരിന്റെയും കെ–റെയിലിന്റെയും നിലപാട്. കഴിഞ്ഞ ഒക്ടോബറിൽ അൻവർ സാദത്ത് എംഎൽഎയുടെ ചോദ്യത്തിനു മറുപടിയായി ഡിപിആർ നൽകാമെന്നു മുഖ്യമന്ത്രി ഉറപ്പു നൽകിയെങ്കിലും കൊടുത്തില്ല. ജനുവരിയിൽ എംഎൽഎ അവകാശലംഘന നോട്ടിസ് കൊടുത്തപ്പോഴാണു ഡിപിആർ നിയമസഭാ സൈറ്റിൽ പ്രസിദ്ധീകരിച്ചത്. തിരുവനന്തപുരം മുതലുള്ള 115 കിലോ മീറ്ററിന്റെ അലൈൻമെന്റ് മാത്രമേയുള്ളൂവെന്നു മനസ്സിലായപ്പോൾ വീണ്ടും പരാതി നൽകിയെങ്കിലും ഒന്നരമാസം കഴിഞ്ഞാണു പൂർണമായ അലൈൻമെന്റ് ലഭിച്ചത്.

ഇതേസമയം, പൂർണമായ അലൈൻമെന്റ് ഉൾപ്പെടെയുള്ള രേഖകൾ ഗതാഗത വകുപ്പിനു നൽകിയെന്നു കെ–റെയിൽ എംഡി അവകാശപ്പെട്ടിരുന്നു. എന്നാൽ, ഗതാഗത വകുപ്പിൽ നിന്നു ഡിപിആർ ലഭിച്ചപ്പോൾ അലൈൻമെന്റ് പൂർണമല്ലായിരുന്നെന്നും എംഎൽഎയുടെ പരാതി ശ്രദ്ധയിൽപെടുത്തിയപ്പോഴാണ് അതു നൽകിയതെന്നും നിയമസഭാ സെക്രട്ടേറിയറ്റ് വിശദീകരിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here