യുക്രെയ്നിലെ യുദ്ധം മൂലം എംബിബിഎസ് പഠനം പാതിവഴിയിലായവർക്ക് ആശ്വാസ വാർത്ത; മെഡിക്കൽ വിദ്യാർത്ഥികൾക്ക് ഇന്റേൺഷിപ്പ് ഇന്ത്യയിൽ പൂർത്തിയാക്കാം

0

ന്യൂഡൽഹി: കോവിഡിന്റേയും യുക്രൈൻ റഷ്യ യുദ്ധത്തിന്റെയും പശ്ചാത്തലത്തിൽ വിദേശത്ത് മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കാൻ സാധിക്കാതെ തിരികെയെത്തിയവർക്ക് ആശ്വാസ വാർത്ത. ഇന്റേൺഷിപ്പ് ചെയ്യുന്നതിനിടെ മടങ്ങിയവർക്ക് ഇന്ത്യയിൽ ഇന്റേൺഷിപ്പ് പൂർത്തിയാക്കാൻ അവസരം നൽകുമെന്ന് നാഷണൽ മെഡിക്കൽ കമ്മീഷൻ അറിയിച്ചു.

റഷ്യ-യുക്രെയ്ൻ യുദ്ധസാഹചര്യത്തിൽ ഇന്ത്യയിലേക്ക് മടങ്ങിയ എംബിബിഎസ് വിദ്യാർത്ഥികൾക്ക് 12 മാസത്തെ നിർബന്ധിത ഇന്റേൺഷിപ്പ് ഇന്ത്യയിൽ പൂർത്തിയാക്കാൻ അനുമതി നൽകുമെന്നും നാഷണൽ മെഡിക്കൽ കമ്മീഷൻ അറിയിച്ചു. ഇക്കാര്യം വ്യക്തമാക്കി എൻഎംസി സർക്കുലറും പുറത്തിറക്കി. 2021 നവംബർ 18-ന് മുമ്പ് വിദേശത്ത് നിന്നും മെഡിക്കൽ ബിരുദം നേടിയവർക്കാകും അവസരം ലഭിക്കുക. എഫ് എം ജി പരീക്ഷ പാസായാൽ ഇതിനുള്ള അനുമതി നൽകും. നേരത്തെ കൊവിഡ് സാഹചര്യത്തിൽ ചൈനയിൽ നിന്നുമടക്കം വിദ്യാർത്ഥികൾ മടങ്ങിയിരുന്നു. ഈ കുട്ടികൾക്കും പുതിയ തീരുമാനത്തോടെ ഇന്ത്യയിൽ ഇന്റേൺഷിപ്പ് പൂർത്തിയാക്കാൻ അവസരം ലഭിക്കും. പഠനം തുടരാൻ ഇന്ത്യൻ സർക്കാർ ഇടപെടണമെന്ന യുക്രൈനിൽ നിന്നുള്ള വിദ്യാർത്ഥികൾ ആവശ്യമുയർത്തുന്നതിനിടെയാണ് പുതിയ തീരുമാനം.

യുക്രൈനിലെ കാർഖീവിൽ കുടുങ്ങിയ കൂടുതൽ ഇന്ത്യൻ വിദ്യാർത്ഥികൾ നാടിന്റെ സുരക്ഷിതത്വത്തിലേക്ക് എത്തുകയാണ്. അമ്പതിലേറെ വിമാനങ്ങളിലാണ് ഇന്ത്യക്കാരെ ഇതുവരെ മടക്കികൊണ്ടുവന്നത്. രക്ഷാദൌത്യം ഇപ്പോഴും പുരോഗമിക്കുകയാണ്.

അതേ സമയം, ഇന്ത്യക്കാരടക്കമുള്ള വിദ്യാർത്ഥികളെ യുക്രൈൻ ബന്ദിയാക്കുന്നു എന്ന ആരോപണം യുഎൻ രക്ഷാസമിതിയിലും റഷ്യ ആവർത്തിച്ചു. സുമിയിലും കാർക്കിവിലും ഇത്തരം സംഭവങ്ങളാണ് അരങ്ങേറുന്നതെന്നും റഷ്യ കുറ്റപ്പെടുത്തി. വിദേശ വിദ്യാർത്ഥികൾക്ക് കടന്നുപോകാൻ സുരക്ഷിത പാത ഒരുക്കണമെന്ന് റഷ്യ യുക്രൈനോട് ആവശ്യപ്പെട്ടു.

കാർഖീവിൽ സ്ഥിതിഗതികൾ വളരെ മോശമാണെന്നും ഭക്ഷണവും വെള്ളവുമില്ലാതെ പലരും ബുദ്ധിമുട്ടുകയാണെന്നും തിരികെയെത്തിയ വിദ്യാർത്ഥികൾ പ്രതികരിച്ചു. കാർഖീവ് അടക്കമുള്ള സ്ഥലങ്ങളിൽ നിരവധി വിദ്യാർത്ഥികളാണ് കുടുങ്ങി കിടക്കുന്നത്. പലർക്കും ഭക്ഷണവും വെള്ളവുമില്ല. അവർക്ക് അടിയന്തര സഹായം നൽകണം. അതിർത്തി കടക്കുന്നത് വരെ തങ്ങൾക്ക് ഇന്ത്യൻ എംബസിയുടെ ഒരു സഹായവും ലഭിച്ചില്ലെന്നും വിദ്യാർത്ഥികൾ പറഞ്ഞു. ബങ്കറുകളിൽ ഭക്ഷണം പോലുമില്ലാതെ കഴിയേണ്ടി വന്നു. പഠനം പൂർത്തീകരിക്കാൻ ഇന്ത്യൻ സർക്കാർ ഇടപെടണമെന്ന ആവശ്യവും വിദ്യാർത്ഥികൾ ഉയർത്തുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here