രണ്ടാം വിമോചന സമരത്തിനാണ് കോപ്പ് കൂട്ടുന്നതെന്ന് കോടിയേരി ബാലകൃഷ്ണൻ; 1957- 59 കാലമല്ലെന്നോർക്കണം

0

കൊച്ചി : സിൽവർ‌ ലൈൻ വിരുദ്ധ സമരത്തിന്റെ പേരിൽ രണ്ടാം വിമോചന സമരത്തിനാണ് കോപ്പ് കൂട്ടുന്നതെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ചങ്ങനാശ്ശേരി കേന്ദ്രമാക്കി സമരത്തിനുള്ള ആലോചന നടക്കുന്നു. കേന്ദ്രമന്ത്രി വി മുരളീധരൻ, മതമേലധ്യക്ഷൻ, സാമുദായ നേതാവ് എന്നിവർ സിൽവർ ലൈൻ സമര കേന്ദ്രത്തിലെത്തി. 1957- 59 കാലമല്ല ഇതെന്ന് ആലോചിച്ചിട്ട് വേണം ഇതൊക്കെ ചെയ്യാനെന്നും സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

ശബരിമല വിമാനത്താവളത്തെ എതിർത്തവരാണ് ഇപ്പോൾ എയർ കേരള എന്നു പറഞ്ഞ് വരുന്നത്. സ്ത്രീകൾക്കെതിരായി അതിക്രമം നടത്താൻ സർക്കാർ ഉദ്ദേശിക്കുന്നില്ല. എന്നാൽ സ്ത്രീകളെ പരമാവധി സമരരംഗത്ത് ഇറക്കാനാണ് കോൺ​ഗ്രസ് ലക്ഷ്യം. ഇത് ഒഴിവാക്കാൻ കോൺഗ്രസ് ശ്രമിക്കണം. സിൽവർ ലൈൻ അതിരടയാള കല്ലിടലിനെതിരെയുള്ള പ്രതിഷേധത്തെ അടിച്ചമർത്തുന്ന പൊലീസ് നടപടിക്കെതിരെ വ്യാപക വിമർശനം ഉയരുമ്പോൾ പൊലിസിനെ ന്യായീകരിച്ച് കോടിയേരി രം​ഗത്തെത്തി. പൊലീസിന്റെ പ്രവൃത്തിയെ സ്തുതിക്കുകയാണ് വേണ്ടതെന്ന് ആയിരുന്നു കോടിയേരിയുടെ നിലപാട്.

സിൽവർ ലൈനെതിരായ കോൺഗ്രസിന്റെ കല്ലുപറിക്കൽ സമരത്തേയും സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പരിഹസിച്ചു. സമരം പരിഹാസ്യമെന്ന് കോടിയേരി ബാലകൃഷ്ണൻ . കോൺഗ്രസിന് കല്ല് ആവശ്യമുണ്ടെങ്കിൽ ഞങ്ങൾ എത്തിച്ചു കൊടുക്കാമെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ഭൂമി നഷ്ടപ്പെടുന്നവരുടെതല്ല മറിച്ച് രാഷ്ട്രീയമായ സമരമാണിതെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. മാർക്കറ്റ് വിലയുടെ നാലിരട്ടിയാണ് നഷ്ടപരിഹാരമായി നൽകുന്നതെന്ന് ഓർക്കണമെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ആളുകളെ മണ്ണെണ്ണ ഒഴിച്ചു കത്തിക്കാനാണോ കോൺഗ്രസ് ശ്രമിക്കുന്നതെന്നും കോടിയേരി ബാലകൃഷ്ണൻ ചോദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here