കണ്ണൂർ സർവകലാശാല കൊമേഴ്സ്, മാനേജ്മെന്റ് സ്റ്റഡീസ് വകുപ്പുകളിലെ ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാൻ, അംഗങ്ങൾ എന്നിവരുടെ നിയമനം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി

0

കൊച്ചി ∙ കണ്ണൂർ സർവകലാശാല കൊമേഴ്സ്, മാനേജ്മെന്റ് സ്റ്റഡീസ് വകുപ്പുകളിലെ ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാൻ, അംഗങ്ങൾ എന്നിവരുടെ നിയമനം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി.

വിവിധ വകുപ്പുകളുടെ ബോർഡ് ഓഫ് സ്റ്റഡീസ് പുനഃസംഘടിപ്പിച്ചും പുതിയ ബോർഡ് ഓഫ് സ്റ്റഡീസ് രൂപീകരിച്ചും സർവകലാശാല റജിസ്ട്രാർ കഴിഞ്ഞ വർഷം ഓഗസ്റ്റ് 11ന് പുറപ്പെടുവിച്ച വിജ്ഞാപനം ഭാഗികമായി റദ്ദാക്കിയാണ് ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്.

ചാൻസലർ നോമിനേറ്റ് ചെയ്യുന്നവരെയാണ് നിയമിക്കേണ്ടതെന്ന കണ്ണൂർ സർവകലാശാല ചട്ടത്തിലെ വ്യവസ്ഥകൾ ലംഘിച്ചെന്നു ചീഫ് ജസ്റ്റിസ് എസ്.മണികുമാർ, ജസ്റ്റിസ് ഷാജി പി.ചാലി എന്നിവർ വിലയിരുത്തി. ഇതു സംബന്ധിച്ചു നൽകിയ ഹർജി തള്ളിയ സിംഗിൾ ബെഞ്ച് ഉത്തരവിൽ ഇടപെട്ടാണ് ഹൈക്കോടതി ഉത്തരവ്.

കണ്ണൂർ സർവകലാശാലയിലെ 71 ബോർഡ്സ് ഓഫ് സ്റ്റഡീസ് പുനഃസംഘടിപ്പിച്ചും ബയോകെമിസ്ടി, ബയോ ഇൻഫോമാറ്റിക്സ് എന്നിവയ്ക്ക് പുതിയ ബോർഡ് ഓഫ് സ്റ്റഡീസ് രൂപീകരിച്ചുമാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. കൊമേഴ്സ്, മാനേജ്മെന്റ് സ്റ്റഡീസ് എന്നീ വിഷയങ്ങളിലെ ബോർഡിൽ 40 പേരെ നിയമിച്ചതാണു സർവകലാശാല സെനറ്റ് അംഗം വി.വിജയകുമാർ, അക്കാദമിക് കൗൺസിൽ അംഗം ഡോ. ഷിനോ പി.ജോസ് എന്നിവർ അപ്പീലിൽ ചോദ്യം ചെയ്തത്.

ചാൻസലറുടെ ശുപാർശയില്ലാതെ സിൻഡിക്കറ്റിനു ബോർഡ് ഓഫ് സ്റ്റഡീസിലേക്കു നിയമനം നടത്താനാവില്ലെന്ന അപ്പീലുകാരുടെ വാദം അംഗീകരിച്ച ഡിവിഷൻ ബെഞ്ച്, ചാൻസലറുടെ അധികാരത്തെ പരിഗണിക്കാതെ സിൻഡിക്കറ്റ് അധികാരം പ്രയോഗിക്കുന്നത് നിയമവിരുദ്ധവും ഏകപക്ഷീയവുമാണെന്ന് അഭിപ്രായപ്പെട്ടു. വിധിയുടെ പകർ‍പ്പ് ലഭിച്ച ശേഷം അടുത്ത നടപടി തീരുമാനിക്കുമെന്നു വൈസ് ചാൻസലർ പ്രഫ. ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here