ശബരിമല മാസപൂജ:താല്‍ക്കാലിക പാര്‍ക്കിങിന് അനുമതി, കൊടികളും ബോര്‍ഡും വെച്ച വാഹനങ്ങള്‍ക്ക് ഇളവ് വേണ്ടെന്നും ഹൈക്കോടതി

0

കൊച്ചി: ശബരിമലയില്‍ മാസപൂജ സമയത്തെ തീര്‍ഥാടനത്തിന് ചക്കുപാലം 2 ലും ഹില്‍ടോപ്പിലും ഹൈക്കോടതി താല്‍ക്കാലിക പാര്‍ക്കിങ്ങിന് അനുമതി നല്‍കി. പാര്‍ക്കിങ് മേഖലയിലേക്ക് പോകുന്ന എല്ലാ വാഹനങ്ങള്‍ക്കും ഫാസ്ടാഗ് നിര്‍ബന്ധമാക്കണമെന്നും അല്ലാത്ത വാഹനങ്ങള്‍ പ്രവേശിപ്പിക്കരുതെന്നുമാണ് കോടതി നിര്‍ദേശം. കൊടിയും ബോര്‍ഡും വച്ച വാഹനങ്ങള്‍ക്കും ഇളവ് നല്‍കേണ്ടതില്ല. സാധാരണക്കാരായ തീര്‍ഥാടകര്‍ക്ക് സൗകര്യങ്ങള്‍ നല്‍കണമെന്നും ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്‍, എന്‍ നഗരേഷ് എന്നിവരുടെ ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു.

ഈ മാസം എട്ടിന് ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ച് ശബരിമലയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. മാസ പൂജയ്ക്കായുള്ള പാര്‍ക്കിങ് സൗകര്യങ്ങളാണ് ഇന്ന് ഡിവിഷന്‍ ബെഞ്ച് വിലയിരുത്തിയത്. ജനക്കൂട്ട നിയന്ത്രണം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ മാത്രമല്ല, പാര്‍ക്കിങ് സംബന്ധിച്ചും റിപ്പോര്‍ട്ട് നല്‍കാന്‍ സ്‌പെഷല്‍ കമ്മീഷണര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി.

എല്ലാ മാസപൂജയ്ക്കു മുമ്പും കളക്ടര്‍, എസ്പി, സ്‌പെഷല്‍ കമ്മീഷണര്‍, ദേവസ്വം എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ എന്നിവര്‍ ചര്‍ച്ച നടത്തണമെന്നും കോടതി നിര്‍ദേശിച്ചു.

Leave a Reply