തൊഴിലാളി യൂണിയനുകളുടെ സമ്മതത്തോടെ നോക്കുകൂലി നിരോധനം ഉൾപ്പെടെ ചുമട്, കയറ്റിറക്ക് തൊഴിൽ മേഖലയിൽ സമഗ്ര നിയമ നിർമാണം വരുന്നു

0

കൊച്ചി ∙ തൊഴിലാളി യൂണിയനുകളുടെ സമ്മതത്തോടെ നോക്കുകൂലി നിരോധനം ഉൾപ്പെടെ ചുമട്, കയറ്റിറക്ക് തൊഴിൽ മേഖലയിൽ സമഗ്ര നിയമ നിർമാണം വരുന്നു. ചെയ്യാത്ത തൊഴിലിനു കൂലി വാങ്ങുന്നതും നോക്കുകൂലിയും നിരോധിക്കുന്നതുൾപ്പെടെയുള്ള കർശന വ്യവസ്ഥകളടങ്ങിയ പുതിയ ചുമട്ടുതൊഴിലാളി നിയമം അടുത്ത നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കും.
സിഐടിയു, എഐടിയുസി, ഐഎൻടിയുസി ഉൾപ്പെടെ പ്രധാന തൊഴിലാളി സംഘടനകളെല്ലാം പുതിയ ബില്ലിലെ വ്യവസ്ഥകൾ അംഗീകരിച്ചു. നിയമ, തൊഴിൽ വകുപ്പുകളുടെ പരിശോധനയിലാണു ബിൽ ഇപ്പോൾ.

നോക്കുകൂലിക്കു 2 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ഉൾപ്പെടെ കർശന വ്യവസ്ഥകളാണു പുതിയ ബില്ലിലുള്ളത്. കഴിഞ്ഞ ദിവസം ചേർന്ന ഹെഡ് ലോ‍ഡ് ആൻഡ് ജനറൽ വർക്കേഴ്സ്് യൂണിയൻ (സിഐടിയു) സംസ്ഥാന സമിതി ബില്ലിലെ നിർദേശങ്ങൾ വിശദമായി ചർച്ച ചെയ്ത് അംഗീകരിച്ചു. എല്ലാ തൊഴിലാളി സംഘടനകൾക്കും ബില്ലിന്റെ കരട് നൽകിയിരുന്നു. അവരും പിന്തുണ അറിയിച്ച സാഹചര്യത്തിലാണു നിയമസഭയിൽ അവതരിപ്പിക്കാൻ തീരുമാനിച്ചത്.

ചെയ്യാത്ത ജോലിക്കു കൂലി ചോദിക്കുന്നതും തൊഴിലുടമയെ ഭീഷണിപ്പെടുത്തുന്നതും അസഭ്യം പറയുന്നതും പുതിയ നിയമത്തിൽ കുറ്റകരമാണ്. 6 മാസത്തിൽ കൂടുതൽ ശിക്ഷിക്കപ്പെട്ടാൽ ചുരുങ്ങിയത് ഒരു വർഷത്തേക്കു ചുമടുജോലിയിൽ നിന്നു വിലക്കും.

യന്ത്രം ചെയ്യുന്ന ജോലിക്കു തൊഴിലാളിക്കു കൂലിക്ക് അർഹതയില്ല. ജോലിക്കിടയിൽ അസാന്മാർഗിക പ്രവൃത്തി, മദ്യപാനം, ധന ദുർവിനിയോഗം, ധനാപഹരണം എന്നിവയും ശിക്ഷാർഹമാണ്.

6 മാസം തടവു ലഭിച്ചയാൾക്ക് ശിക്ഷ പൂർത്തിയാക്കി ഒരു വർഷത്തേക്കു ചുമട്ടുതൊഴിൽ ചെയ്യാൻ വിലക്കുണ്ട്. 6 മാസത്തിൽ കൂടുതലാണു ശിക്ഷയെങ്കിൽ 2 വർഷത്തേക്കാണു വിലക്ക്.

LEAVE A REPLY

Please enter your comment!
Please enter your name here