ശബരിമലയിൽ ഉത്സവവും മീനമാസ പൂജയും നടക്കുന്ന 19 വരെ പ്രവേശനം അനുവദിക്കുന്ന ഭക്തരുടെ എണ്ണത്തിനുള്ള നിയന്ത്രണം നീക്കിയതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു

0

ശബരിമലയിൽ ഉത്സവവും മീനമാസ പൂജയും നടക്കുന്ന 19 വരെ പ്രവേശനം അനുവദിക്കുന്ന ഭക്തരുടെ എണ്ണത്തിനുള്ള നിയന്ത്രണം നീക്കിയതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഇതുവരെ ദിവസേന 15,000 ഭക്തരെയാണു പ്രവേശിപ്പിച്ചിരുന്നത്. 2 ഡോസ് വാക്സീൻ എടുത്തവർക്ക് ആർടിപിസിആർ പരിശോധനാ ഫലം ഹാജരാക്കേണ്ടതില്ലെന്നും സർക്കാർ അറിയിച്ചു. ശബരിമല സ്പെഷൽ കമ്മിഷണർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി. ജി. അജിത്കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഈ വിഷയം പരിഗണിച്ചത്.

ഭക്തരുടെ എണ്ണത്തിനുള്ള നിയന്ത്രണം നീക്കാൻ സംസ്ഥാന ദുരന്ത കൈകാര്യ അതോറിറ്റിയാണു തീരുമാനിച്ചത്. കോവിഡ് സാഹചര്യം മാറിയാൽ തീരുമാനം പുനഃപരിശോധിക്കുമെന്നും സർക്കാർ അറിയിച്ചു. വാക്സിനേഷൻ എടുക്കാതെ നിലയ്ക്കലിൽ എത്തുന്നവർക്കു ആർടിപിസിആർ പരിശോധനയ്ക്കു സൗകര്യം ഉണ്ടാകും. വെർച്വൽ ക്യൂ മുഖേനയുള്ള ഓൺലൈൻ ബുക്കിങ്ങിനു പുറമേ നിലയ്ക്കലിൽ ആവശ്യത്തിന് സ്പോട് ബുക്കിങ് കൗണ്ടറുകളും ഉണ്ടാകും. വെർച്വൽ ക്യൂ നിയന്ത്രണം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം ബോർഡ് കോടതിയെ സമീപിക്കുമെന്നു ബോർഡ് പ്രസിഡന്റ് കെ.അനന്തഗോപൻ, അംഗം മനോജ് ചരളേൽ എന്നിവർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here