‘അങ്ങോട്ടുമിങ്ങോട്ടും പാലം’: പി.എഫ്‌ നോഡല്‍ ഓഫീസര്‍ വിജിലന്‍സ്‌ പിടിയില്‍ , അധ്യാപികയെ ഹോട്ടലില്‍ വിളിച്ചുവരുത്തി

0

കോട്ടയം: പ്ര?വിഡന്റ്‌ ഫണ്ടുമായി ബന്ധപ്പെട്ട തകരാര്‍ പരിഹരിക്കാന്‍ കൈക്കൂലിയായി കിടക്ക പങ്കിടണമെന്ന്‌ ആവശ്യപ്പെട്ട പൊതുവിദ്യാഭ്യാസ ജൂനിയര്‍ സൂപ്രണ്ട്‌ വിജിലന്‍സ്‌ പിടിയില്‍. കണ്ണൂര്‍ തളിക്കാവ്‌ അശ്വതി അപ്പാര്‍ട്ട്‌മെന്റ്‌ വിസ്‌മയയില്‍ ആര്‍. വിനോയ്‌ ചന്ദ്രനാ (42)ണ്‌ അറസ്‌റ്റിലായത്‌. ഗെയിന്‍ പി.എഫ്‌ (ഗവണ്‍മെന്റ്‌ എയ്‌ഡഡ്‌ ഇന്‍സ്‌റ്റിറ്റ്യൂഷന്‍സ്‌) സംസ്‌ഥാന നോഡല്‍ ഓഫീസറാണ്‌ വിനോയ്‌.
ആവശ്യമുന്നയിച്ചു എയ്‌ഡഡ്‌ സ്‌കൂള്‍ അധ്യാപികയെ ലോഡ്‌ജ്‌ മുറിയിലേക്കു വിളിച്ചുവരുത്തിയതിനു പിന്നാലെയായിരുന്നു അറസ്‌റ്റ്‌. സാങ്കേതിക തകരാര്‍ മൂലം 2018 മുതല്‍ അധ്യാപികയുടെ പി.എഫ്‌. തുക അക്കൗണ്ടില്‍ രേഖപ്പെടുത്തിയിരുന്നില്ല. ഇതുമൂലം വായ്‌പയെടുക്കാന്‍ കഴിയാത്തതിനെത്തുടര്‍ന്ന്‌ നടത്തിയ അന്വേഷണത്തില്‍, സംസ്‌ഥാന നോഡല്‍ ഓഫീസറെ ബന്ധപ്പെടാന്‍ ജില്ലാ ഓഫീസില്‍നിന്നു നിര്‍ദേശിക്കുകയായിരുന്നു. വിനോയിയെ ബന്ധപ്പെട്ടുവെങ്കിലും പല കാരണങ്ങളാല്‍ ഒഴിഞ്ഞുമാറി.
ഫോണില്‍ വിളിച്ചപ്പോള്‍ വാട്ട്‌സാപ്പില്‍ വിളിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. വിളിച്ചപ്പോള്‍ കാണാന്‍ സുന്ദരിയാണെന്നും ഒരു ഉപകാരം ചെയ്‌തു തരുമ്പോള്‍ എനിക്കും നിങ്ങള്‍ പ്രത്യുപകാരം ചെയ്യണമെന്നും ഒരു പാലം ഇട്ടാല്‍ അങ്ങോട്ടും വേണമല്ലോയെന്നു പറയുകയും ചെയ്‌തു. തുടര്‍ന്ന്‌ നിരന്തരം വാട്‌സാപ്പിലൂടെ വിനോയ്‌ ശല്യം ചെയ്‌തു.
പലതവണ ലൈംഗികാവശ്യമുന്നയിച്ച്‌ വിനോയ്‌ തന്റെ സ്വകര്യചിത്രങ്ങള്‍ അധ്യാപികയുടെ വാട്‌സാപ്പിലേയ്‌ക്ക്‌ അയച്ചു. പതിനഞ്ച്‌ ദിവസം മുന്നേ തകരാര്‍ പരിഹരിച്ച ശേഷം നേരിട്ട്‌ കാണണമെന്ന്‌ ആവശ്യപ്പെട്ട്‌ കോട്ടയത്തെ മുറിയിലേക്ക്‌ ക്ഷണിച്ചു. ശല്യം സഹിക്കാതെ വിജിലന്‍സിനെ സമീപിച്ചപ്പോഴാണ്‌ കെണിയൊരുക്കിയത്‌.
കൊല്ലത്ത്‌ പോയി മടങ്ങിയെത്തിയ വിനോയ്‌ ചന്ദ്രന്‍ റെയില്‍വേ സ്‌റ്റേഷന്‌ സമീപത്തെ ഹോട്ടലില്‍ മുറിയെടുത്ത ശേഷം ഇന്നലെ അധ്യാപികയെ വിളിച്ച്‌ 44 സൈസില്‍ ഇഷ്‌ട നിറമുള്ള ഷര്‍ട്ടുമായി വരണമെന്ന്‌ ആവശ്യപ്പെടുകയായിരുന്നു. ഷര്‍ട്ടിലും കവറിലും ഫിനോഫ്‌തലില്‍ പുരട്ടി നല്‍കിയശേഷം ഹോട്ടല്‍ വിജിലന്‍സ്‌ സംഘം നിലയുറപ്പിച്ചു. അധ്യാപിക മുറിയില്‍ കയറി ഷര്‍ട്ട്‌ കൈമാറിയതോടെ പിന്നാലെയെത്തിയ വിജിലന്‍സ്‌ സംഘം വിനോയിയെ പിടികൂടി. മുറിയില്‍നിന്നു നിരവധി ഗര്‍ഭ നിരോധന ഉറകള്‍, കശുവണ്ടി പരിപ്പ്‌ എന്നിവയും കണ്ടെടുത്തു.
എസ്‌.പി വി.ജി.വിനോദ്‌ കുമാര്‍, ഡിവൈ.എസ്‌.പി: കെ.എ. വിദ്യാധരന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ്‌ പ്രതിയെ അറസ്‌റ്റ്‌ ചെയ്‌തത്‌. യുവതിക്കു പ്രതി അയച്ച വാട്‌സാപ്പ്‌ സന്ദേശങ്ങളടക്കം വിജിലന്‍സിന്‌ ലഭിച്ചിട്ടുണ്ട്‌. പ്രതിയെ തിരുവനന്തപുരത്തെ വിജിലന്‍സ്‌ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു.

LEAVE A REPLY

Please enter your comment!
Please enter your name here