ജോലി കഴിഞ്ഞാൽ തിരുവല്ല സ്റ്റേഷനിലെ എ.എസ്.എെ സുബൈർ ഹമീദിന് വിശ്രമമില്ല

0

ജോലി കഴിഞ്ഞാൽ തിരുവല്ല സ്റ്റേഷനിലെ എ.എസ്.എെ സുബൈർ ഹമീദിന് വിശ്രമമില്ല. വീട്ടിലെ വഞ്ചിഭൂമി മ്യൂസിയത്തിലേക്ക് പുരാവസ്തുക്കൾ ശേഖരിക്കണം. അതിനായി എത്രദൂരം വേണമെങ്കിലും യാത്രചെയ്യും. അങ്ങനെ 15 വർഷമായി ശേഖരിച്ച പുരാവസ്തുക്കളാണ് മ്യൂസിയത്തിലുള്ളത്. കൊച്ചു കുട്ടികളും മുതിർന്നവരുമെല്ലാം നാട്ടുപഴമയുടെ അറിവുകൾ തേടി മ്യൂസിയത്തിലെത്തുന്നു. അടൂർ പന്നിവിഴ പുതുവൽപുരയിടം വീടിന്റെ മുകളിൽ പ്രത്യേകം സജ്ജീകരിച്ച ഹാളിലാണ് മ്യൂസിയം. അടുത്തിട‌െ വീട് പാലു കാച്ചൽ ചടങ്ങിലാണ് മ്യൂസിയവും തുറന്നത്.രാജഭരണകാലം മുതലുള്ള വിവിധയിനം അളവ് തൂക്ക സാമഗ്രികളുടെ വലിയ ശേഖരമുണ്ട്. നൂറ് വർഷത്തിലേറെ പഴക്കമുള്ള വാൽവ് റേഡിയോ, അക്കാലത്ത് റേഡിയോ വാങ്ങി പ്രവർത്തിപ്പിക്കാൻ വേണ്ടിയിരുന്ന ലൈസൻസ്, വർഷംതോറും അത് പുതുക്കുന്നതിനുള്ള അപേക്ഷാ ഫോം എന്നിവയും മ്യൂസിയത്തിലുണ്ട്.

പഴയ കാലത്ത് സാമ്പാറും രസവും കേടുവരാതെ സൂക്ഷിച്ചിരുന്ന തടികൊണ്ടുള്ള സാമ്പാർപാത്തി, രസപ്പാത്തി, 700 വർഷം മുൻപ് ബംഗാളിലെ നാട്ടുരാജാക്കൻമാർ ഉപയോഗിച്ചിരുന്ന തൂക്കക്കട്ടികൾ, പഴയകാല വാദ്യോപകരണങ്ങൾ, നാഴിപ്പൂട്ട്, ആദ്യകാല വാച്ചുകൾ, സൈക്കിളുകൾ, മണ്ണെണ്ണ ഒഴിച്ച് പ്രകാശിപ്പിച്ചിരുന്ന സൈക്കിൾ ഡൈനാേമകൾ, നൂറ് വർഷത്തിലേറെ പഴക്കമുളള ആറൻമുള കണ്ണാട‌ി തുടങ്ങി നൂറിലേറെ പുരാവസ്തുക്കളാണ് മ്യൂസിയത്തിലുള്ളത്. പഴയ ക്ളോക്കുകൾ, നാണയങ്ങൾ, കറൻസികൾ, നിയമ പുസ്തകങ്ങൾ എന്നിവയും ശേഖരത്തിലുണ്ട്.ശമ്പളത്തിന്റെ ഒരു വിഹിതം പുരാവസ്തു ശേഖരണത്തിനായി മാറ്റിവയ്ക്കും. സുബൈറിന്റെ അഭാവത്തിൽ പുരാവസ്തുക്കളെപ്പറ്റി വിശദീകരിക്കുന്നത് ഭാര്യ ജവാഹിറ ബാനുവും മക്കളായ അജലും അഫ്സലുമാണ്. തിരുവല്ല ഡിവൈ.എസ്.പി രാജപ്പൻ റാവുത്തരാണ് മ്യൂസിയം ഉദ്ഘാടനം ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here