മെട്രോയുടെ 509 തൂണുകള്‍ പരിശോധിക്കും; തീരുമാനം പത്തടിപ്പാലത്തെ തൂണിന് ചെരിവ് കണ്ടെത്തിയതിനെ തുടർന്ന്

0

കൊച്ചി മെട്രോയുടെ ആദ്യഘട്ടത്തില്‍ നിര്‍മിച്ച മുഴുവന്‍ തൂണുകളും പരിശോധിക്കും. പത്തടിപ്പാലത്തെ തൂണിന് ചെരിവ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് തീരുമാനം. ഇതിനിടെ പത്തടിപ്പാലത്തെ തൂണിന്റെ അടിത്തറ ബലപ്പെടുത്തുന്ന ജോലികള്‍ നാല്‍പത്തിയഞ്ച് ദിവസം കൊണ്ട് പൂര്‍ത്തിയാക്കുമെന്ന് കെ.എം.ആര്‍.എല്‍ വ്യക്തമാക്കി.

കൊച്ചി മെട്രോയുടെ ആലുവ മുതല്‍ പാലാരിവട്ടംവരെയാണ് ആദ്യഘട്ടത്തില്‍ പൂര്‍ത്തിയാക്കി സര്‍വീസ് ആരംഭിച്ചത്. ഈ ദൂരത്തില്‍ ആകെ 509 തൂണുകളിലാണ് മെട്രോ റെയില്‍ പാളങ്ങള്‍ സ്ഥാപിച്ചിരിക്കുന്നത്. നിര്‍മാണക്കരാറുണ്ടായിരുന്ന എല്‍ ആന്‍ഡ് ടി തന്നെയാണ് നിര്‍മാണം നടത്തിയതും. പതിവ് പരിശോധനയ്ക്കിടെയാണ് പത്തടിപ്പാലത്ത് റെയില്‍പാളത്തിന് നേരിയ വ്യതിയാനം കണ്ടെത്തിയത്. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ 347 ാം നമ്പര്‍ തൂണിന് ചെരിവുള്ളതായി കണ്ടെത്തി. തൂണിന്റെ പൈലുകള്‍ പാറയില്‍ ഉറപ്പിക്കാതിരുന്നതായിരുന്നു പ്രശ്നം. നിര്‍മാണത്തിലും മേല്‍നോട്ടത്തിലുമടക്കം വീഴ്ചയുണ്ടായെന്ന ആക്ഷേപത്തിന്റെ പശ്ചാത്തലത്തിലാണ് ആദ്യഘട്ടത്തിലെ മുഴുവന്‍ തൂണുകളും പരിശോധനാ വിധേയമാക്കാന്‍ കെ.എം.ആര്‍.എല്‍ തീരുമാനിച്ചിരിക്കുന്നത്.

പത്തടിപ്പാലത്തെ അറ്റകുറ്റപ്പണിക്കൊപ്പം തന്നെ ഈ പരിശോധനയും മുന്നോട്ടുപോകും. റെയില്‍ പാളത്തില്‍ മറ്റ് സ്ഥലങ്ങളിലൊന്നും വ്യതിയാനം കണ്ടെത്തിയിട്ടില്ല. എങ്കിലും തൂണുകളില്‍ പരിശോധന നടത്തി കുഴപ്പമില്ലായെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം. പത്തടിപ്പാലത്തെ തൂണിന് നാല് പൈലുകള്‍കൂടി അധികമായി സ്ഥാപിച്ച് ബലപ്പെടുത്തുന്ന ജോലി തിങ്കളാഴ്ച തുടങ്ങിയിരുന്നു. മഴക്കാലത്തിന് മുന്‍പ് അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.

LEAVE A REPLY

Please enter your comment!
Please enter your name here