ജനവാസ മേഖലകളിൽ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ കാട്ടുപന്നിയെ നിയമാനുസൃതമായി കുരുക്കിട്ടു പിടിച്ചും കൊ‍ല്ലാം

0

തിരുവനന്തപുരം ∙ ജനവാസ മേഖലകളിൽ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ കാട്ടുപന്നിയെ നിയമാനുസൃതമായി കുരുക്കിട്ടു പിടിച്ചും കൊ‍ല്ലാം. വിഷപ്രയോഗം, സ്ഫോടക വസ്തു പ്രയോഗം, വൈദ്യു‍താഘാതമേൽപ്പിക്കൽ എന്നീ മാർഗങ്ങൾ ഒഴികെ, മറ്റു രീതിക‍ളിലൂടെ കാട്ടുപന്നികളെ കൊല്ലുന്നതിനു അനുമതി നൽകാമെന്നു വ്യക്തമാക്കി വനം പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവിറക്കി. മറ്റു മാർഗങ്ങൾ ഏതൊക്കെയാണെന്നു ‌വ്യക്തമാക്കിയിട്ടില്ല. ചീഫ് വൈൽഡ് ലൈഫ് വാർഡൻ, വൈകാതെ പുറത്തിറക്കുന്ന മാർഗരേഖയിൽ ഇതിൽ വ്യക്തത വരുത്തിയേക്കും.

കാട്ടുപന്നികളെ കു‍ടുക്കിട്ടു പിടിക്കാൻ പാടില്ലെന്ന നിർദേശം നേരത്തെ ഉണ്ടായിരുന്നെങ്കിലും അതു ഒഴിവാക്കിയതായി വനം മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. കുരുക്കിട്ടു പിടിച്ചു കൊല്ലാനുള്ള നിർദേശം ഒഴിവാക്കണമെന്നു മന്ത്രിസഭായോഗവും നിർദേശിച്ചിരുന്നു. പുതിയ സാഹചര്യത്തിൽ, മേൽപ്പ‍റഞ്ഞ 3 മാർ‍ഗങ്ങളൊഴികെ, വെടിവച്ചും കുരുക്കിട്ടു പിടിച്ചും കെണി വച്ചും വലവച്ചും ചൂണ്ട ഉപയോഗി‍ച്ചും പിടിക്കുന്നതിനു തടസ്സമുണ്ടാകില്ലെന്നി‍ല്ലെന്നു വനം വകുപ്പ് ഉന്നത വൃത്തങ്ങൾ പറഞ്ഞു.

ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ മാർഗരേഖ പുറത്തിറങ്ങുന്ന‍തോടെ, കാട്ടുപന്നികളെ കൊല്ലാൻ തദ്ദേശ സ്ഥാപന അധ്യക്ഷ‍ൻമാർക്ക് അധികാരം നൽകുന്ന ഉത്തരവിന് നിയമപ്രാബല്യം ലഭിക്കും. ഒരു വർഷമാണ് ഉത്തരവിന്റെ കാലാവധി. കൊല്ലപ്പെടുന്ന കാട്ടുപന്നിയുടെ ജഡം ശാസ്ത്രീയമായി സംസ്‍കരിക്കണമെന്നു വനം പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നുണ്ടെങ്കിലും ഏതൊക്കെ മാർ‍ഗങ്ങളാണെന്നു വ്യക്തമാക്കിയിട്ടില്ല. ഇതേ‍ക്കുറിച്ചും വ്യക്തത വരുത്തുമെന്നും വനം വകുപ്പ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here