ഉത്തർപ്രദേശ് മോഡൽ കേരളത്തിലും! ആരാധനാലയങ്ങളിൽ ശബ്ദ നിയന്ത്രണം കർശനമാക്കും; ഡിജിപിക്ക് സർക്കാർ നിർദ്ദേശം

0

തിരുവനന്തപുരം: ഉത്തർപ്രദേശ് മോഡൽ കേരളത്തിലും നടപ്പിലാക്കാൻ സർക്കാർ. സംസ്ഥാനത്തെ വിവിധ മത വിഭാഗങ്ങളുടെ ആരാധനാലയങ്ങളിലെ ഉച്ചഭാഷിണി ഉപയോഗത്തിനുള്ള നിയന്ത്രണം കർശനമാക്കാൻ സർക്കാർ ഡിജിപിക്കു നിർദ്ദേശം നൽകി. ശബ്ദ മലിനീകരണ നിയന്ത്രണ ചട്ടങ്ങൾ 2020 ൽ പ്രാബല്യത്തിലായിട്ടും ഇതുവരെ ഫലപ്രദമായി നടപ്പാക്കിയിട്ടില്ലെന്നു ബാലാവകാശ കമ്മിഷൻ ചൂണ്ടിക്കാട്ടിയതിനെത്തുടർന്നാണ് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയത്. ഉത്സവപ്പറമ്പുകളിലും മറ്റു മതപരമായ ചടങ്ങുകളിലും നിയന്ത്രണം ബാധകമാണ്.

കുട്ടികൾ, പ്രായം ചെന്നവർ, രോഗികൾ തുടങ്ങിയവർക്ക് ഉച്ചഭാഷിണികളിൽ നിന്നുള്ള അമിത ശബ്ദം ഒട്ടേറെ ആരോഗ്യ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്ന് ഉത്തരവിൽ വ്യക്തമാക്കി. 2020 ലെ കേന്ദ്ര ചട്ടം പ്രകാരം സർക്കാർ അനുമതിയില്ലാതെ പൊതുസ്ഥലങ്ങളിൽ ഉച്ചഭാഷിണി ഉപയോഗിക്കാൻ പാടില്ല. ഓഡിറ്റോറിയം, കോൺഫറൻസ് ഹാൾ, വിരുന്നു ഹാൾ, അടിയന്തര യോഗങ്ങൾ നടക്കുന്ന സ്ഥലം എന്നിവിടങ്ങളിൽ അല്ലാതെ രാത്രി 10 മുതൽ രാവിലെ 6 വരെ ഉച്ചഭാഷിണി ഉപയോഗിക്കാൻ പാടില്ല.

അടുത്തിടെ ശബ്ദ മലീനീകരണത്തിനെതിര ശക്തമായ നിലപാട് സ്വീകരിച്ചത് ഉത്തർപ്രദേശ് സർക്കാറായിരുന്നു. യുപിയിലെ ആരാധനാലയങ്ങളിലെ അനധികൃത ഉച്ചഭാഷിണികൾ നീക്കം ചെയ്തു കൊണ്ടായിരുന്നു സർക്കാർ നടപടി സ്വീകരിച്ചത്. ഉച്ചഭാഷിണികളിൽ നിന്നുള്ള ശബ്ദം സമീപപ്രദേശങ്ങളിലുള്ള ആളുകൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന തരത്തിൽ ആകരുതെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുന്നറിയിപ്പു നൽകിയിരുന്നു. പിന്നാലെ 18,000 ഓളം ലൗഡ്സ്പീക്കറുകൾ നീക്കം ചെയ്യുകയും ചെയ്തു സർക്കാർ.

സംസ്ഥാനത്തെ നിരവധി ആരാധനാലയങ്ങൾ ഉത്തരവ് പുറത്തു വന്നതിനു ശേഷം ഉച്ചഭാഷിണികൾ സ്വയം നീക്കം ചെയ്യുകയോ ശബ്ദം കുറക്കുകയോ ചെയ്തിട്ടുണ്ട്. ഝാൻസി ജില്ലയിലെ ബഡഗാവിലുള്ള ഏറ്റവും വലിയ ക്ഷേത്രവും മുസ്ലിം പള്ളിയും അതത് സ്ഥലങ്ങളിൽ നിന്ന് ഉച്ചഭാഷിണികൾ നീക്കം ചെയ്തു. ഗാന്ധി ചൗക്കിൽ അടുത്തടുത്ത് സ്ഥിതി ചെയ്യുന്ന രാം ജാൻകി ക്ഷേത്രവും സുന്നി ജുമാമസ്ജിദും ഉച്ചഭാഷിണികൾ താഴെയിറക്കി. മഥുര കൃഷ്ണ ജനസ്ഥാൻ, ഗോരഖ്‌നാഥ് ക്ഷേത്രം തുടങ്ങിയ പ്രധാന ക്ഷേത്രങ്ങളും ഉച്ചഭാഷിണിയുടെ ശബ്ദം കുറച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here