മോഷണ ശ്രമത്തിനിടെ അറസ്റ്റിലായവരെ വിശദമായി ചോദ്യം ചെയ്തു; തെളിഞ്ഞത് എട്ടു മോഷണക്കേസുകൾ

0

കോട്ടയം: മോഷണ ശ്രമത്തിനിടെ പിടികൂടിയ പ്രതികളെ വിശദമായി ചോദ്യം ചെയ്തപ്പോൾ പോലീസ് ഒന്ന് ഞെട്ടി. തെളിയാതിരുന്ന എട്ടു മോഷണ കേസുകൾ ആണ് തെളിഞ്ഞത്. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു രസകരമായ സംഭവം. അയർകുന്നം സ്വദേശി ശരത്ത് ശശി(23), തിരുവഞ്ചൂർ സ്വദേശി അശ്വിൻ(19) എന്നിവരെ ആണ് അന്ന് പിടികൂടിയത്.

മോഷണ ശ്രമത്തിനിടെ നാട്ടുകാരുടെ സഹായത്തോടെയാണ് രണ്ട് പ്രതികളെ പോലീസ് പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് നിർണായക വിവരം ലഭിച്ചത്. അന്ന് തന്നെ ഇറഞ്ഞാൽ പാലത്തിനു സമീപമുള്ള ക്‌നാനായ പള്ളിയുടെ കുരിശടിയിലുള്ള കാണിക്കവഞ്ചി തകർത്ത് പണം മോഷ്ടിച്ച കാര്യവും പൊൻപള്ളി പള്ളിയിൽ മോഷണം നടത്തിയ കാര്യവും പ്രതികൾ മൊഴി നൽകി.

മോഷണം നടത്താൻ പ്രതികൾ എത്തിയത് അയർകുന്നം പോലീസ് സ്‌റ്റേഷൻ പരിധിയിലുള്ള ഒറവയ്ക്കൽ ഭാഗത്തുനിന്ന് മോഷ്ടിച്ച ബൈക്കിൽ ആണെന്നും പ്രതികളെ ചോദ്യം ചെയ്തപ്പോൾ വ്യക്തമായി. ഈ ബൈക്കും പോലീസ് കണ്ടെത്തി. ഇതേ ബൈക്കിൽ അന്നേ ദിവസം വൈകിട്ട് ഇവർ രണ്ടുപേരും ചേർന്ന് പാലാ കെഴുവംകുള്ളത്ത് ലോട്ടറി കച്ചവടക്കാരന്റെ കയ്യിൽനിന്നും പണവും ലോട്ടറി ടിക്കറ്റുകളും തട്ടിപ്പറിച്ചെടുത്തിരുന്നതായി പോലീസ് കണ്ടെത്തി.

ഈ സംഭവത്തിൽ പാലാ പോലീസ് സ്‌റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയായിരുന്നു. പോലീസിന്റെ ചോദ്യം ചെയ്യലിൽ കൂട്ടുപ്രതികളെ കുറിച്ച് വിവരം ലഭിക്കുകയായിരുന്നു. ഇവരുടെ കൂട്ടാളികളായ നാലുപേരെ കുറിച്ചും ഇവരുമായി ചേർന്നു നടത്തിയ മറ്റു കുറ്റകൃത്യങ്ങളെക്കുറിച്ചും പോലീസിനു സൂചന ലഭിച്ചു.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആണ് ഇവരുടെ കൂട്ടാളികളായ മണർകാട് സ്വദേശികളായ ബിമൽ മണിയൻ(23),സുധീഷ് മോൻ(21), ജിബുമോൻ പീറ്റർ(22) എന്നിവരെ അറസ്റ്റ് ചെയ്തു. കുറ്റകൃത്യങ്ങളിൽ ഇവർക്കൊപ്പം ഉണ്ടായിരുന്ന പ്രായപൂർത്തിയാകാത്തയാളെ കണ്ടെത്താനും പോലീസിനു കഴിഞ്ഞു.

കഴിഞ്ഞ ഡിസംബറിൽ കോട്ടയം ഇറഞ്ഞാൽ ദേവീക്ഷേത്രത്തിൽ നടന്ന മോഷണത്തിനു പിന്നിലും ഈ സംഘമാണെന്ന നിർണായക വിവരവും പോലീസിന് ലഭിച്ചു. ക്ഷേത്രത്തിൽ നിന്നു കിട്ടിയ സി.സി.ടി.വി. ദൃശ്യങ്ങൾ ശാസ്ത്രീയമായി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ സംഘത്തെ ചോദ്യം ചെയ്താണ് പോലീസ് ഈ കേസ് തെളിയിച്ചത്. ഇറഞ്ഞാൽ ക്ഷേത്രത്തിലെ മോഷണത്തിന് ഇവർ എത്തിയത് പാമ്പാടി, മീനടം എന്നിവിടങ്ങളിൽനിന്ന് മോഷ്ടിച്ചെടുത്ത ബൈക്കിൽ ആയിരുന്നു എന്ന കാര്യവും കണ്ടെത്തിയിട്ടുണ്ട്.

ഇതുകൂടാതെ കോട്ടയം വെസ്റ്റ് പോലീസ് സ്‌റ്റേഷൻ പരിധിയിലെ പരിപ്പ് ശങ്കരനാരായണ ക്ഷേത്ത്രിൽ ഡിസംബറിൽ നടന്ന മോഷണത്തിനു പിന്നിലും ഇതേ സംഘമാണെന്ന കാര്യവും കണ്ടെത്തിയിട്ടുണ്ട്. ക്ഷേത്രത്തിലെ ഏഴു ഭണ്ഡാരക്കുറ്റികൾ തകർത്താണ് അന്ന് ഇവർ പണം അപഹരിച്ചത്. പിടിയിലായർ മുൻപ് വിവിധ സ്‌റ്റേഷനുളിൽ അടിപടി, കഞ്ചാവ് കേസുകളിൽ പ്രതികളായിട്ടുള്ളവരാണ്.

കോട്ടയം ജില്ലാ പോലീസ് മേധാവി ഡി.ശിൽപ ഐ.പി.എസിന്റെ നിർദ്ദേശാനുസരണം കോട്ടയം ഡിവൈ.എസ്.പി: ജെ. സന്തോഷ്‌കുമാറിന്റെയും ഈസ്റ്റ് എസ്.എച്ച്.ഒ. യു. ശ്രീജിത്തിന്റെയും മേൽനോട്ടത്തിലാണ് കേസുകൾ അന്വേഷിക്കുന്നത്. എസ്.ഐ. അനുരാജ് എം.എച്, ഷിബുക്കുട്ടൻ, ശ്രീരംഗൻ, ലാലൻ, അനിൽകുമാർ പ്രതീഷ്‌രാജ്, വിപിൻ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here