ദിലീപിന്റെ മുന്‍കൂര്‍ജാമ്യം റദ്ദാക്കാന്‍ പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജിയില്‍ എറണാകുളം സ്‌പെഷല്‍ അഡീഷണല്‍ സെഷന്‍സ് കോടതി 28-നു വിധി പറയും

0

കൊച്ചി: നടിയെ ആക്രമിച്ച് അശഌല ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ പ്രതിയായ നടന്‍ ദിലീപിന്റെ മുന്‍കൂര്‍ജാമ്യം റദ്ദാക്കാന്‍ പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജിയില്‍ എറണാകുളം സ്‌പെഷല്‍ അഡീഷണല്‍ സെഷന്‍സ് കോടതി 28-നു വിധി പറയും. ദിലീപിനും പ്രോസിക്യൂഷനും വിധി നിര്‍ണായകമാണ്. തെളിവു നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ദിലീപ് ശ്രമിച്ചതിനു തെളിവുണ്ടെന്നു വാദിച്ചാണു ജാമ്യം റദ്ദാക്കാന്‍ പ്രോസിക്യൂഷന്‍ ഹര്‍ജി നല്‍കിയത്.
ജാമ്യത്തിലിറങ്ങിയ ദിലീപ് സാക്ഷികളെ സ്വാധീനിക്കാനും തെളിവു നശിപ്പിക്കാനും കൂട്ടുനിന്നെന്ന വാദത്തിനു ബലമേകുന്ന രേഖകള്‍ ഹാജരാക്കിയിട്ടുണ്ട്. പ്രധാന തെളിവായ മൊെബെല്‍ ഫോണുകള്‍ സ്വകാര്യലാബില്‍ പരിശോധനയ്ക്കയച്ചതും അതിലെ ഫോട്ടോകള്‍ മായ്ച്ചതും ജാമ്യവ്യവസ്ഥയുടെ ലംഘനമാണെന്നു പ്രോസിക്യൂഷന്‍ വാദിച്ചു. അന്വേഷണത്തില്‍ ലഭിച്ച തെളിവുകളുടെ പരിശോധനയ്ക്കായി ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരീഭര്‍ത്താവ് സുരാജ്, സുഹൃത്ത് ശരത്, ഡോ. െഹെദരാലി എന്നിവരുടെ ശബ്ദസാമ്പിളുകള്‍ വേണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. സുരാജിന്റെയും അനൂപിന്റെയും രണ്ടു ഫോണുകള്‍ ലഭിക്കാനുണ്ടെന്നും വിശദീകരിച്ചു.
സാക്ഷികളെ സ്വാധീനിച്ചെന്നും തെളിവു നശിപ്പിച്ചെന്നുമുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നായിരുന്നു ദിലീപിന്റെ അഭിഭാഷകന്‍ ബി. രാമന്‍പിള്ള വാദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥനും ബാലചന്ദ്രകുമാറും ചേര്‍ന്നു കെട്ടിച്ചമച്ച തിരക്കഥയാണിതെന്നും ആരോപിച്ചു.
സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ വോയ്‌സ് ക്ലിപ്പുകള്‍ എന്നാണു റെക്കാഡ് ചെയ്തതെന്നു കണ്ടെത്താന്‍ കോടതി നിര്‍ദേശിച്ചിരുന്നു. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെത്തുടര്‍ന്നാണ് തുടരന്വേഷണം നടക്കുന്നതെന്നും ആ നിലയ്ക്കു ശബ്ദരേഖകള്‍ റെക്കോഡ് ചെയ്ത തീയതിക്കു പ്രാധാന്യമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ശബ്ദരേഖകളില്‍ കൃത്രിമമില്ലെന്നും ലാപ്‌ടോപ്പില്‍ നിന്നു പെന്‍ഡ്രൈവിലേക്കു പകര്‍ത്തിയ ശബ്ദരേഖകളാണു ഹാജരാക്കിയതെന്നും പ്രോസിക്യൂഷന്‍ വിശദീകരിച്ചു. ലാപ്‌ടോപ്പ് കണ്ടെത്താനായോ എന്ന കോടതിയുടെ ചോദ്യത്തിന്, അന്വേഷണം നടക്കുന്നു എന്നായിരുന്നു മറുപടി.

LEAVE A REPLY

Please enter your comment!
Please enter your name here