പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് മുഖ്യമന്ത്രി മറുപടി നൽകി

0

തിരുവനന്തപുരം: പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് മുഖ്യമന്ത്രി മറുപടി നൽകി. സോളാർ കേസിൽ അനാവശ്യ പഴി സംസ്ഥാന സർക്കാർ കേൾക്കേണ്ട കാര്യമില്ല എന്നതിനാലാണ് പരാതിക്കാരിയുടെ ആവശ്യം അംഗീകരിച്ച് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ പറഞ്ഞു. സോളാർ കേസിൽ കേസെടുത്തത് കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്. ഇപ്പോൾ കെട്ടിപ്പൊക്കാൻ ശ്രമിക്കുന്നതും അതും തമ്മിൽ ബന്ധിപ്പിക്കുന്നതെങ്ങനെയാണ്?. സ്വർണക്കടത്തു കേസ് സർക്കാർ അട്ടിമറിക്കുന്നു എന്ന് എങ്ങനെ ആക്ഷേപിക്കാനാകും. സംസ്ഥാന സർക്കാരല്ലല്ലോ കേസ് അന്വേഷിക്കുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു.

രഹസ്യമൊഴി തിരുത്തിക്കാൻ സർക്കാർ ഇടനിലക്കാർ ശ്രമിച്ചു എന്ന ആക്ഷേപം എതെങ്കിലും തരത്തിലുള്ള വസ്തുതകളുടെ അടിസ്ഥാനത്തിലാണോ പ്രതിപക്ഷം ഉന്നയിച്ചതെന്ന് മുഖ്യമന്ത്രി ചോദിച്ചു. 164 പ്രകാരമുള്ള രഹസ്യമൊഴി ആദ്യമായിട്ടല്ല നൽകിയിട്ടുള്ളത്. മുമ്പും രഹസ്യമൊഴി നൽകിയിരുന്നു. ഇടനിലക്കാർ മുഖേന ശ്രമിച്ചു എന്നത് കെട്ടുകഥയാണ്. രഹസ്യമൊഴിയിൽ എന്തുണ്ടെന്നാണ് പ്രമേയ അവതാരകൻ മനസ്സിലാക്കിയത്. ഏതിന്റെ അടിസ്ഥാനത്തിലാണ് വിവരങ്ങൾ പ്രതിപക്ഷത്തിന് ലഭിച്ചതെന്നും മുഖ്യമന്ത്രി ചോദിച്ചു.

മൊഴി തിരുത്തിയാൽ മാത്രം തീർന്നുപോകുന്ന കേസാണോ സ്വർണക്കടത്തെന്ന് മുഖ്യമന്ത്രി ചോദിച്ചു. മൊഴി മാറ്റിയാൽ ഇല്ലാതാകുന്ന കേസാണോ ഇത്. ഓരോ ദിവസവും മാറ്റിപ്പറയാൻ കഴിയുന്നതാണോ 164 പ്രകാരമുള്ള സ്റ്റേറ്റ്മെന്റ്. കേസിൽ പ്രതിയായ യുവതിക്ക് വ്യക്തമായ ഭൗതിക സാഹചര്യം ഒരു സംഘടന ഒരുക്കിക്കൊടുക്കുന്നുണ്ട്. വിശദമായി പരിശോധിച്ചാൽ സംഘപരിവാർ ബന്ധം വ്യക്തമാകും. ജോലി, ശമ്പളം, താമസം, വക്കീൽ, പ്രധാനമന്ത്രിക്ക് കത്തെഴുതാൻ ലെറ്റർ ഹെഡ് വരെ സംഘടന നൽകുന്നു. ചെല്ലും ചെലവും കൊടുത്തു വളർത്തുന്നു എന്ന പഴമൊഴിക്ക് തുല്യമാണത്.

ഈ വ്യക്തിയുടെ വാക്കുകളാണ് പ്രതിപക്ഷത്തിന് വേദവാക്യമായി മാറുന്നത്. സംസ്ഥാനത്തെ പൊതു അന്തരീക്ഷം കലുഷിതമാക്കാനുള്ള അന്തരീക്ഷമാണെന്ന് പ്രഥമദൃഷ്ട്യാ തെളിവു ലഭിക്കുമ്പോൾ പൊലീസ് കേസെടുക്കും. പ്രതികൾ നിയമത്തിന്റെ വഴി തേടിയിട്ടുമുണ്ട്. പ്രതികൾക്ക് മേൽ ഏതെങ്കിലും തരത്തിൽ സമ്മർദ്ദമുണ്ടെങ്കിൽ അന്വേഷണം നടത്തി വസ്തുതകൾ പുറത്തുകൊണ്ടുവരണമെന്നാണ് സർക്കാരിന്റെ അഭിപ്രായം. നിയമത്തിന്റെ വഴികളിലൂടെയാണ് സർക്കാർ സഞ്ചരിച്ചിട്ടുള്ളത്. ചില പ്രത്യേക ലക്ഷ്യത്തോടെ കേസിൽ പ്രതിയായ വ്യക്തി, രാഷ്ട്രീയ നേതാക്കളെയും ഭരണകർത്താക്കൾക്കുമെതിരെ സസ്പെൻസ് നിലനിർത്തുന്ന ആരോപണം ഉന്നയിക്കുമ്പോൾ, അന്വേഷണം നടത്തുന്നതിന് വേവലാതിപ്പെടുന്നത് എന്തിനാണെന്ന് മുഖ്യമന്ത്രി ചോദിച്ചു.

ഉനന്ത പൊലീസ് ഉദ്യോഗസ്ഥൻ ഇടനിലക്കാരനുമായി സംസാരിച്ചതിനെക്കുറിച്ചാണ് പറയുന്നത്. ഇതിന്റെ ഉത്തരവാദിത്തവും സർക്കാരിന്റെ മേൽ കെട്ടിവെക്കാനാണ് ശ്രമിക്കുന്നത്. ഒരു വിഷയത്തിലും ഇടനിലക്കാരനെ വെക്കേണ്ട ആവശ്യം സർക്കാരിനില്ല. ഏതെങ്കിലും ഉദ്യോഗസ്ഥന്റെ ഭാഗത്തു നിന്നും വീഴ്ചയുണ്ടായതായി ബോധ്യപ്പെട്ടാൽ നടപടി സ്വീകരിക്കുന്നതിന് സർക്കാരിന് മറുപടിയില്ല. സത്യം വെളിച്ചത്തുവരണമെന്നാണ് സർക്കാരിന്റെ നിലപാട്. പ്രതിപക്ഷത്തിന്റെ തിരക്കഥയിലെ സൃഷ്ടിയാണ് ഇടനിലക്കാർ. ഇതിൽ ഒരാൾ ബിജെപിയുമായി സഹകരിക്കുന്നയാളാണ്. മറ്റൊരാൾ നേരത്തെ ജയ്ഹിന്ദ് ചാനലിൽ പ്രവർത്തിച്ചിരുന്ന ആളാണ്. പൊതുരംഗത്തു നിൽക്കുന്ന രാഷ്ട്രീയക്കാരെ എന്തും വിളിച്ചു പറയാമെന്ന അവസ്ഥ വരുന്നത് ജനാധിപത്യ പ്രക്രിയയെ അസ്ഥിരപ്പെടുത്താനേ ഉപകരിക്കൂവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here