ബഫര്‍സോണ്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധി എം.പിയുടെ കല്‍പ്പറ്റയിലെ ഓഫീസ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്ത സംഭവം സിപിഎമ്മിനെ വെട്ടിലാക്കി

0

ബഫര്‍സോണ്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധി എം.പിയുടെ കല്‍പ്പറ്റയിലെ ഓഫീസ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്ത സംഭവം സിപിഎമ്മിനെ വെട്ടിലാക്കി. സംഭവം രാഷ്ട്രീയ ആയുധമാക്കി പ്രതിപക്ഷം സി.പി.എമ്മിനെതിരെ സംസ്ഥാന വ്യാപകമായി തെരുവിലിറങ്ങിയതോടെ സി.പി.എം രാഷ്ട്രീയമായി പ്രതിരോധത്തിലുമായി. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം എ.കെ.ജി സെന്ററില്‍ നടക്കുമ്പോഴാണ് കല്‍പ്പറ്റ സംഭവമുണ്ടാകുന്നത്.

സി.പി.എം ജില്ലാ നേതൃത്വം അറിയാതെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഇങ്ങനെയൊരു പ്രകടനത്തിന് മുതിരുമെന്ന് പ്രതിപക്ഷം കരുതുന്നില്ല. ബഫര്‍സോണ്‍ വിഷയത്തില്‍ മലയോര ജനതയുടെ വികാരത്തില്‍ വയനാട്ടില്‍ രാഷ്ട്രീയനേട്ടമുണ്ടാക്കാമെന്ന കണക്കുകൂട്ടലിലാകാം പ്രാദേശിക സി.പി.എം നേതൃത്വം ഇത്തരമൊരു നീക്കത്തിന് പ്രേരിതമായത്. എന്നാല്‍ ഇത് വരുംവരായ്കകള്‍ ചിന്തിക്കാതെയുള്ള എടുത്തുചാട്ടമായോയെന്ന സന്ദേഹമാണിപ്പോള്‍ സി.പി.എം സംസ്ഥാന നേതൃത്വത്തിനുള്ളത്. പ്രതിഷേധം തികച്ചും അനാവശ്യവും അനവസരത്തിലുമാണെന്നാണ് സിപിഎം വിലയിരുത്തല്‍. ഇത്തരമൊരു സമരത്തിന്റെയും മാർച്ചിന്റെയും ആവശ്യം ഇല്ലായിരുന്നുവെന്നാണ് ഇ പി ജയരാജൻ പറഞ്ഞത്.

ദേശീയതലത്തില്‍ രാഹുല്‍ഗാന്ധിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ ഉപയോഗിച്ച് സംഘപരിവാര്‍ നേതൃത്വം രാഷ്ട്രീയമായി വേട്ടയാടുന്നുവെന്ന ആരോപണം കോണ്‍ഗ്രസ് ശക്തമാക്കുന്ന സന്ദര്‍ഭത്തിലാണ് ഇടതുഭരണം നടക്കുന്ന കേരളത്തില്‍ രാഹുല്‍ഗാന്ധിയുടെ ഓഫീസിന് നേരേ ആക്രമണമുണ്ടാകുന്നത്. ഇവിടെയും സ്വര്‍ണക്കടത്ത് കേസിനെ മറയാക്കി ഇ.ഡിക്കെതിരെ ഇടതുമുന്നണി ആരോപണമുയര്‍ത്തുന്ന സാഹചര്യവുമാണ്. ഈ ഘട്ടത്തില്‍ ഇത്തരമൊരാക്രമണമുണ്ടായത് മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരായ ആരോപണങ്ങളില്‍ നിന്ന് രക്ഷപ്പെടാനുള്ള സി.പി.എമ്മിന്റെ സംഘപരിവാര്‍ പ്രീണനമാണെന്ന ആരോപണമാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്നത്.

നിയമസഭാ സമ്മേളനം തിങ്കളാഴ്ച തുടങ്ങാനിരിക്കെ സി.പി.എമ്മിന് രാഷ്ട്രീയമായി ക്ഷീണമുണ്ടാക്കുന്നതാണ് സംഭവവികാസങ്ങള്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ കൈയോടെ സംഭവത്തെ അപലപിച്ചത് ഇതേത്തുടര്‍ന്നാണ്. അക്രമത്തെ തള്ളിപ്പറയുകയാണ് സി.പി.എം സംസ്ഥാന നേതൃത്വവും. വിമാനത്തില്‍ മുഖ്യമന്ത്രിക്കു നേരേയുണ്ടായ യൂത്തുകോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആക്രമണശ്രമം കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അറിവോടെയാണെന്ന് ആരോപിച്ച സിപിഎമ്മിന് ഈ വിഷയത്തില്‍ കൈകഴുകാനാവില്ല്.

അതേസമയം, വിഷയതതില്‍ പൊതുവേയുണ്ടായ അനുകൂലവികാരം ശക്തമായ രാഷ്ട്രീയപിടിവള്ളിയാക്കാനാണ് കോണ്‍ഗ്രസ് നീക്കം. പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ എല്ലാ പരിപാടികളും മാറ്റിവച്ച് വയനാട്ടിലേക്ക് തിരിച്ചു. നിയമസഭാ സമ്മേളനത്തില്‍ സ്വര്‍ണക്കടത്ത് വിവാദമുയര്‍ത്തി പ്രതിപക്ഷം കടന്നാക്രമിക്കാന്‍ സാദ്ധ്യതയുണ്ടായിരിക്കെ അതില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള നീക്കമാണോ എസ്.എഫ്.ഐയെ മറയാക്കി നടത്തിയതെന്ന സംശയങ്ങളും കോണ്‍ഗ്രസ് കേന്ദ്രങ്ങളുയര്‍ത്തുന്നുണ്ട്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പോടെ ഏകദേശം മരണശയ്യയിലായിരുന്ന കോണ്‍ഗ്രസിന് ഉയിര്‍ത്തെഴുന്നേല്‍ക്കാനുള്ള അവസരം സി.പി.എം തന്നെ ഒരുക്കി കൊടുക്കുന്നുവെന്ന ആരോപണവും പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്നുവരുന്നുണ്ട്. എന്തായാലും രാഹുലിനും കോണ്‍ഗ്രസിനും കിട്ടുന്ന ഇര പരിവേഷം രാഷ്ട്രീയതിരിച്ചടിയാവാതിരിക്കാനുള്ള കരുതലിലാണ് സി.പി.എം നേതൃത്വം കൈയോടെ തള്ളിപ്പറഞ്ഞ് ഉണര്‍ന്നെഴുന്നേറ്റത്

LEAVE A REPLY

Please enter your comment!
Please enter your name here